ETV Bharat / state

വണ്ടിപ്പെരിയാര്‍ കേസ്; 'സര്‍ക്കാര്‍ പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്നു, നടന്നത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമം': വിഡി സതീശന്‍

author img

By ETV Bharat Kerala Team

Published : Feb 1, 2024, 3:12 PM IST

VD Satheesan On Vandipperiyar POCSO  Vandipperiyar POCSO Case  വണ്ടിപ്പെരിയാര്‍ കേസ്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
VD Satheesan On Vandipperiyar POCSO Case In Assembly

വണ്ടിപ്പെരിയാര്‍ കേസില്‍ സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്ത് ഹീന കൃത്യത്തില്‍ ഏര്‍പ്പെട്ടാലും സര്‍ക്കാര്‍ അവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വാളയാര്‍, അട്ടപ്പാടി കേസുകള്‍ക്ക് സമാനമാണ് വണ്ടിപ്പെരിയാര്‍ കേസിലും സംഭവിച്ചതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ അഞ്ചര വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവം നടന്ന അന്നു മുതല്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് ഈ കേസിന്‍റെ വിധി പ്രസ്‌താവത്തില്‍ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്വേഷണത്തില്‍ പ്രോസിക്യൂഷനില്‍ എല്ലായിടത്തും തെളിവുകൾ നശിപ്പിച്ചു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൂരമായ ഹീനകൃത്യം തെളിയിക്കപ്പെടേണ്ടത്.

അത് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്വേഷണ ഉദ്യോഗസ്ഥന്‍ തുടക്കം മുതല്‍ അടച്ചുവെന്ന് ഇതുസംബന്ധിച്ച അടിയന്തര നോട്ടിസിന് മേലുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ആദ്യം ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ചു. എന്‍റെ കൊച്ചിനെ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സംഭവ ദിവസം പ്രതി നിലവിളിക്കുകയാണ്. അതിനൊപ്പം ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ട് പോസ്‌റ്റ്‌മോര്‍ട്ടം ഒഴിവാക്കാനുള്ള ശ്രമം നടത്തിയത് ലജ്ജിപ്പിക്കുന്ന സംഭവമാണ്.

പ്രതിയാണ് മൃതശരീരം ഏറ്റുവാങ്ങിയത്. സംഭവം നടക്കുന്നതിന് മുമ്പ് ജനല്‍ തുറന്ന് കിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ട്. ജനലില്‍ കൂടിയാണ് പ്രതി രക്ഷപ്പെട്ടത്. രണ്ടാമത് വീടിനുള്ളില്‍ കയറിയ പ്രതി ജനലിന്‍റെ കൊളുത്തിട്ടു. എന്നാല്‍ ജനലിന്‍റെ കൊളുത്ത് ഇട്ടിട്ടുണ്ടെന്നും പ്രതിക്ക് വീട്ടിനുള്ളില്‍ കയറാനുള്ള ഒരു സാധ്യതയും ഇല്ലെന്നുമാണ് പൊലീസ് കണ്ടെത്തല്‍. പ്രതിയെ ചോദ്യം ചെയ്‌തിരുന്നെങ്കില്‍ കൃത്യമായ വിവരം ലഭിക്കുമായിരുന്നു.

പ്രതി ആരാണെന്ന് അറിഞ്ഞിട്ടും തെളിവ് നശിപ്പിക്കാന്‍ പൊലീസ് കൂട്ടു നിന്നു. കേസിലെ വിധിക്ക് ശേഷം കുട്ടിയുടെ അച്ഛനും മുത്തച്ഛനും ആക്രമിക്കപ്പെട്ടു. ഇന്ത്യയില്‍ നടന്ന ഏറ്റവും ഹീനമായ കേസായ ഉന്നാവോയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ തീകൊളുത്തിക്കൊന്നു. അച്ഛന്‍ തടവറയില്‍ മരിച്ചു. പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയ രണ്ട് ബന്ധുക്കള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അതോടെ കേസ് തന്നെ ഇല്ലാതായി. അതു പോലെയാണ് പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനും ആക്രമിക്കപ്പെട്ടത്. ആക്രമിച്ച പ്രതി ഓടിക്കയറിയത് സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫിസിലേക്കും. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ ബിയര്‍ കുപ്പികളും വാരിക്കുന്തവുമായാണ് സിപിഎം നേരിട്ടത്. സര്‍ സിപിക്കെതിരെ വാരിക്കുന്തവുമായി സമരം നടത്തിയ പാര്‍ട്ടിയാണെന്ന് പറയുന്ന സിപിഎം ഇന്ന് വാരിക്കുന്തവുമായി കാവല്‍ നിന്നത് പ്രതിയെ സംരക്ഷിക്കാനാണ്.

സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വാളയാറിലും അട്ടപ്പാടിയിലും ഉണ്ടായത് സംഭവിക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പാര്‍ട്ടിക്കാര്‍ എന്ത് ഹീനകൃത്യം ചെയ്താലും എന്ത് വിലകൊടുത്തും അവരെ സംരക്ഷിക്കും.
തെളിവ് നിയമത്തിന്‍റെ പ്രാഥമിക കാര്യങ്ങള്‍ പോലും അറിയാത്ത ഉദ്യോഗസ്ഥനെയാണോ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. സീല്‍ ചെയ്യാതെയാണ് തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയത്. ഇത്രയും വലിയ സംഭവം നടന്നിട്ടും തൊട്ടടുത്ത ദിവസമാണ് ആ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പോയത്. എന്നിട്ടാണ് മുഖ്യമന്ത്രി പൊലീസിനെ പ്രശംസിക്കുന്നത്.

ഇത് നാടിന് മുഴുവന്‍ അപമാനമാണ്. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയിട്ട് നിങ്ങളുടെ പൊലീസ് ഇതുപോലെയാണ് അന്വേഷണം നടത്തുന്നതെങ്കില്‍ ഈ നാട്ടില്‍ എവിടെ നീതി കിട്ടുമെന്നും വിഡി സതീശന്‍ ചോദിച്ചു. അട്ടപ്പാടിയും വാളയാറും തന്നെയാണ് വണ്ടിപ്പെരിയാറിലും ആവര്‍ത്തിക്കപ്പെട്ടത്.

വിധി വന്ന് ഒന്നര മാസമായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. അപ്പീല്‍ പോയെന്നാണ് പറയുന്നത്. സമാന തെളിവുകളുമായല്ലേ അപ്പീലിന് പോകുന്നത്. നേരത്തെ കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചപ്പോഴാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. അപ്പീല്‍ പോകുന്നത് മാത്രമല്ല നടപടി. എന്ത് നിയമോപദേശമാണ് നിങ്ങള്‍ സ്വീകരിച്ചത്. ഇതേ തെളിവും വിധിയും വച്ച് അപ്പീല്‍ പോയാല്‍ ആ കുടുംബത്തിന് എന്ത് നീതി ലഭിക്കും.

പുനരന്വേഷണത്തിന് പോലും നിങ്ങള്‍ മനഃപൂര്‍വം തയാറായില്ല. പാര്‍ട്ടിയുടെ ആവശ്യപ്രകാരം പ്രതിയെ രക്ഷിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമം കേരളത്തിന് മുഴുവന്‍ അപമാനമാണ്. ഈ കേസിലെ ഒന്നാം പ്രതി സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സഭ നിര്‍ത്തിവച്ച് ചര്‍ച്ച വേണം: വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. സിപിഎം ബന്ധമുള്ള പ്രതി രക്ഷപ്പെട്ടത് പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും വീഴ്‌ചയാണെന്നും ആവശ്യമുന്നയിച്ച് പ്രതിപക്ഷം പറഞ്ഞു.

കേസ് അന്വേഷണത്തില്‍ വീഴ്‌ച ഉണ്ടായോ എന്നത് വകുപ്പ് തലത്തില്‍ പരിശോധിക്കുന്നുവെന്നും യാതൊരു വിട്ടു വീഴ്‌ചയും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ വിശദീകരണത്തിന് ഇല്ലെന്നും പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്‌തു. ഇതോടെ പ്രതിഷേധിച്ച പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.