ETV Bharat / state

'എറണാകുളത്ത് യുഡിഎഫ് ചരിത്ര വിജയം നേടും; വ്യക്തികളെയല്ല രാഷ്‌ട്രീയമാണ് ജനങ്ങൾ പരിഗണിക്കുക': ഹൈബി ഈഡൻ - Hibi Eden about lok sabha election

author img

By ETV Bharat Kerala Team

Published : Apr 24, 2024, 4:50 PM IST

UDF CANDIDATE HIBI EDEN  LOK SABHA ELECTION 2024  ERNAKULAM CONSTITUENCY  ഹൈബി ഈഡൻ
യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് ഹൈബി ഈഡൻ

പ്രചാരണ സമയത്ത് ജനങ്ങളിൽ നിന്ന് ലഭിച്ചത് അനുകൂലമായ പ്രതികരണമെന്ന് ഹൈബി ഈഡൻ. വ്യക്തികളെ അല്ല രാഷ്ട്രീയമാണ് ജനങ്ങൾ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് ഹൈബി ഈഡൻ

എറണാകുളം : എറണാകുളം മണ്ഡലത്തിൽ ചരിത്രവിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ. കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണത്തിൻ്റെ എല്ലാ ഘട്ടത്തിലും ജനങ്ങളിൽ നിന്ന് ലഭിച്ചത് അനുകൂലമായ പ്രതികരണമാണ്. സർക്കാർ വിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹൈബി ഈഡൻ പറഞ്ഞു.

ജനങ്ങൾ പിണറായി സർക്കാരിൻ്റെയും മോദി സർക്കാരിൻ്റെയും കാപട്യം തുറന്ന് കാണിക്കാനായി നിൽക്കുകയാണ്. അതിനുള്ള അവസരമാണ് ലോക്‌സഭയിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്. എറണാകുളം മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എതിർ സ്ഥാനാർഥികളായ വ്യക്തികളെയല്ല രാഷ്ട്രീയമാണ് ജനങ്ങൾ പരിഗണിക്കുക. വ്യക്തിപരമായി സ്ഥാനാർഥികൾക്ക് ലഭിക്കുന്ന വോട്ടുകൾ കൂടുകയും കുറയുകയും ചെയ്യും. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. ഇത് വോട്ടായി മാറുമെന്നാണ് കരുതുന്നത്. എറണാകുളം മണ്ഡലത്തിൽ രാഷ്ട്രീയം മാത്രം ചർച്ച ചെയ്‌ത് ആരോഗ്യകരമായ മത്സരം നടന്നത് തങ്ങൾ സ്വീകരിച്ച നിലപാടിൻ്റെ ഭാഗമായാണന്നും അദ്ദേഹം വ്യക്തമാക്കി.

പ്രചാരണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ മണ്ഡലം കൺവെൻഷനുകളിൽ ഒരു തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപവും സമൂഹ മാധ്യമങ്ങളിലടക്കം പാടില്ലന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. പ്രത്യേകിച്ച് എതിർ സ്ഥാനാർഥി വനിതയായതിനാലാണ് ഇത്തരമൊരു നിർദേശം നൽകിയത്. കൃത്യമായ രാഷ്ട്രീയം പറഞ്ഞും ഒരു തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപവുമില്ലാതെയാണ് പ്രചാരണം പൂർത്തിയാകുന്നത്.

എറണാകുളത്തിൻ്റെ തെരഞെടുപ്പുകളുടെ ചരിത്രവും സ്വഭാവവും അത് തന്നെയാണ്. വർഗീയമായി ജനങ്ങളെ ചേരിതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി വിദ്വേഷ പ്രചാരണം നടത്തുന്നത്. ഇത് രാജ്യത്തിൻ്റെ പുരോഗതിക്ക് ഗുണം ചെയ്യുന്നതല്ല എന്നും ഹൈബി ഈടൻ വിശദീകരിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് പിടിക്കുന്ന ചരിത്രമാണ് നമ്മുടെ രാജ്യത്തിനുള്ളത്.

ALSO READ : കൊട്ടിക്കലാശത്തിലേക്ക് കേരളം ; എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം എല്‍ഡിഎഫും യുഡിഎഫും

ഇന്നും നാളെയും പ്രധാന വ്യക്തികളെ നേരിൽ കാണാനും അനുഗ്രഹം വാങ്ങാനുമാണ് പ്രധാനമായും സമയം കണ്ടെത്തുകയെന്നും ഹൈബി ഈഡൻ പറഞ്ഞു. വൈകുന്നേരം നലുമണിയോടെ എറണാകുളം മണപ്പാട്ടി പറമ്പിൽ നിന്നും തുടങ്ങുന്ന ബഹുജന റാലി എറണാകുളം ടൗൺ ഹാൾ പരിസരത്ത് സമാപിക്കും. തുടർന്നായിരിക്കും നൂറുകണക്കിന് പ്രവർത്തകർ അണിനിരക്കുന്ന പരസ്യ പ്രചാരണത്തിൻ്റെ കൊട്ടിക്കലാശം അരങ്ങേറുക എന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.