ETV Bharat / state

സഭാ നേതാക്കളെ സന്ദര്‍ശിച്ച് സുരേഷ് ഗോപി, രാഷ്‌ട്രീയമില്ലെന്ന് വിശദീകരണം - SURESH GOPI MET CHURCH HEADS

author img

By ETV Bharat Kerala Team

Published : Apr 25, 2024, 6:40 PM IST

NDA  PALA BISHOP  TRISSUR CANDIDATE  RAPHEL THATTIL
Trissur NDA candidate suresh gopi meets Christian Sabha Heads

നിശബ്‌ദ പ്രചാരണ ദിവസം സഭാ നേതാക്കളെ സന്ദര്‍ശിച്ച് സുരേഷ് ഗോപി. പിന്നില്‍ രാഷ്‌ട്രീയമില്ലെന്ന് വിശദീകരണം.

എറണാകുളം: ലോക്‌സഭ തെരെഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ സിറോ മലബാർ സഭാ ആസ്ഥാനത്ത് എത്തി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി. സുരേഷ് ഗോപി ആർച്ച്ബിഷപ്പ് റഫേൽ തട്ടേലുമായി കൂടിക്കാഴ്‌ച നടത്തി. രാവിലെ പാലാ ബിഷപ്പിനെ സുരേഷ് ഗോപി സന്ദർശിച്ചിരുന്നു. ഇത് വ്യക്തിപരമായ സന്ദർശനമെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. ഇതിനു പിന്നാലെയാണ് സിറോ മലബാർ സഭാ ആസ്ഥാനത്തും എത്തിയത്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂർ മണ്ഡലത്തിലെ സഭ വിശ്വാസികളുടെ വോട്ടുകൾ നേടുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിൻ്റെ സഭാനേതാക്കളുമായുള്ള കൂടി കാഴ്‌ചകൾ എന്നാണ് സൂചന. തൻ്റെ സന്ദർശനത്തിന് രാഷ്ട്രീയമില്ലെന്നാണ് പിന്നീട് സുരേഷ് ഗോപി ആവർത്തിച്ചത്. ഒരു വാക്ക് പോലും രാഷ്ട്രീയം സംസാരിച്ചില്ലന്നും അദ്ദേഹം വ്യക്തമാക്കി.

സുരേഷ് ഗോപി കാക്കനാട് സിറോ മലബാർ സഭാ ആസ്ഥാനത്ത് എത്തിയ വേളയിൽ ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയും അവിടെ ഉണ്ടായിരുന്നു. എന്നാൽ താൻ സുരേഷ് ഗോപിയെ കണ്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സഭയിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഉള്ളവർ ഉണ്ട്. ഈയൊരു സാഹചര്യത്തിൽ ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് വോട്ട് ചെയ്യണമെന്ന് പറയാൻ സഭയ്ക്ക് കഴിയില്ലന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാറും സിറോ മലബാർ സഭാ ആസ്ഥാനത്ത് എത്തി ആർച്ച് ബിഷപ്പ് റഫേൽ തട്ടേലുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അസാധാരണമായ കൂടികാഴ്‌ചയെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ സഭാ നേതൃത്വമോ, ലഫ്റ്റനൻ്റ് ഗവർണറോ തയ്യാറായിട്ടില്ല.ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വിനയ്‌ കുമാർ തങ്ങളോട് കൂടി കാഴ്‌ചയ്ക്ക് അനുമതി തേടി തങ്ങൾ അനുവാദം നൽകി. അതിനപ്പുറത്തുള്ള ഒരു രാഷ്ട്രീയ പ്രാധാന്യവും ഇതിനില്ലന്നാണ് സഭാ വൃത്തങ്ങൾ നൽകുന്ന വിവരം.

അതേ സമയം തൃശ്ശൂർ ഉൾപ്പടെ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ സഭയുടെ സഹായം അഭ്യർത്ഥിച്ചാണ് ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ ആർച്ച് ബിഷപ്പിനെ കണ്ടെതെന്നാണ് സൂചന. തെരെഞ്ഞെടുപ്പിൽ വ്യക്തമായൊരു രാഷ്ട്രീയ നിലപാട് സിറോ മലബാർ സഭാ ഒരിക്കലും പ്രഖ്യാപിക്കാറില്ല. അതേ സമയം ലത്തീൻ സഭ തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ സമദൂര നിലപാട് തുടരുമെന്നും രാജ്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന, ഉത്തരേന്ത്യയിൽ ക്രിസ്‌ത്യൻ ന്യൂന പക്ഷങ്ങളെ വേട്ടയാടുന്നവർക്കെതിരെ വോട്ടുചെയ്യണമെന്നും അവർ പ്രഖ്യാപിച്ചിരുന്നു.

മധ്യകേരളത്തിലും ഇതര സംസ്ഥാനങ്ങളിലും അതിരൂപതകൾ ഉള്ള സിറോ മലബാർ സഭയുടെ പിന്തുണ നേടിയെടുക്കൻ ബിജെപി കുറച്ച് കാലങ്ങളായി പല രീതിയിൽ ശ്രമം തുടരുകയാണ്. ഇതിൻ്റെ ഭാഗമായാണ് ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാറും, പിന്നാലെ സുരേഷ് ഗോപിയും കാക്കനാട് സിറോ മലബാർ സഭാ ആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിലെത്തിയത്.

Also Read: നിശബ്‌ദ പ്രചാരണ ദിവസം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്‌ത് ചാലക്കുടിയിലെ ഇടത് സ്ഥാനാർത്ഥി സി രവീന്ദ്രനാഥ്

മെത്രാന്മാരെ കേസുകൾ കാണിച്ച് ഭീഷണിപ്പെടുത്തി സംഘപരിവാർ കൂടെ നിർത്താൻ ശ്രമിക്കുകയാണെന്ന് വിശ്വാസികളുടെ കൂട്ടായ്‌മയായ അല്‌മായ മുന്നേറ്റത്തിൻ്റെ വക്താവ് റിജു കാഞ്ഞുക്കാരൻ കഴിഞ്ഞ ദിവസം ഇടിവി ഭാരതിനോട് വ്യക്തമാക്കിയിരുന്നു. മെത്രാന്മാർ സംഘ പരിവാർ അനുകൂല നിലപാട് സ്വീകരിച്ചാൽ പോലും വിശ്വാസികൾ അത് തള്ളി കളയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലെ സഭാവിശ്വാസികൾ വിവരവും വിദ്യാഭ്യാസമുള്ളവരാണ്. അവർ ഉത്തരേന്ത്യയിൽ നടക്കുന്ന കാര്യങ്ങൾ മനസിലാക്കുന്നുണ്ട്. മെത്രാന്മാർ ഉറപ്പ് നൽകിയാലും കേരളത്തിലെ സഭാവിശ്വാസികൾ തെരെഞ്ഞെടുപ്പിൽ ബിജെപി അനുകൂല നിലപാട് സ്വികരിക്കില്ലന്നും റിജു വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഡൽഹി ഗവർണറും പിന്നാലെ സുരേഷ് ഗോപിയും സഭാ ആസ്ഥാനത്ത് എത്തി നേരിട്ട് ചർച്ച നടത്തിയതെന്നതും ശ്രദ്ധേയമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.