ETV Bharat / state

'ഈസ്റ്റര്‍ ദിനത്തില്‍ അവധി നിഷേധിക്കുന്നത് അന്യായം'; മണിപ്പൂര്‍ സര്‍ക്കാര്‍ ഉത്തരവില്‍ പ്രതികരിച്ച് ശശി തരൂര്‍ - Shashi Tharoor About Manipur

author img

By ETV Bharat Kerala Team

Published : Mar 28, 2024, 2:01 PM IST

SHASHI THAROOR ABOUT MANIPUR  THAROOR ABOUT EASTER IN MANIPUR  EASTER AS WORKING DAY IN MANIPUR  SHASHI THAROOR CRITICIZED CM
Shashi Tharoor On Easter Sunday As working Day For Govt Employees In Manipur

മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കിയതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് ശശി തരൂര്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനം. സിഎഎ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും കുറ്റപ്പെടുത്തല്‍.

ശശി തരൂര്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം : മണിപ്പൂരിൽ ഈസ്റ്റർ ദിനത്തിൽ അവധി നിഷേധിക്കുന്നത് അന്യായമാണെന്ന് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. രണ്ട് പ്രധാന ദിവസങ്ങൾ പ്രവർത്തന ദിനങ്ങളാക്കുന്നത് അപമാനമാണെന്നും സർക്കാർ ഈ തീരുമാനം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താന്‍ അടക്കം ഇവിടെയുള്ള മുഴുവന്‍ കോൺഗ്രസ് നേതാക്കൾക്കും ഇതേ നിലപാടാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. മണിപ്പൂരിൽ കഴിഞ്ഞ വർഷം ഇത്രയധികം ബുദ്ധിമുട്ടുകളും കലാപവും മരണങ്ങളും സംഭവിച്ച ശേഷം ഈ സമയം നോക്കി 40-45 ശതമാനം ജനങ്ങൾ വിശ്വസിക്കുന്ന മതത്തിന്‍റെ പ്രധാനപ്പെട്ട ദിനത്തെ പ്രവൃത്തി ദിനമാക്കുന്നത് അപമാനമാണ്.

അത് രാജ്യത്തിന് അപകടം ചെയ്യും. മണിപ്പൂർ സർക്കാർ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന സന്ദേശം ജനങ്ങളുടെ വിശ്വാസങ്ങൾക്ക് ഒരു വിലയും ഇല്ലെന്നാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാകാത്ത തീരുമാനമാണ്. ഇത് വ്യക്തിപരമായ അഭിപ്രായം മാത്രമല്ല തങ്ങളുടെ നിലപാടാണെന്നും ശശി തരൂർ പറഞ്ഞു.

സിഎഎ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് എന്നും ശശി തരൂര്‍. ഒരു സമുദായത്തിന്‍റെ വോട്ടുകൾ നേടാനുള്ള ശ്രമമാണിത്. ബിൽ അവതരിപ്പിച്ചപ്പോൾ എതിർക്കാൻ ധൈര്യം കാണിച്ചത് കോൺഗ്രസ് ആണ്. ആരോപണങ്ങൾക്ക് എന്താണ് തെളിവെന്നും മുഖ്യമന്ത്രിയോട് തരൂർ ചോദിച്ചു.

ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി മണിപ്പൂർ സർക്കാർ പിൻവലിച്ചിരുന്നു. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ദിനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 31നാണ് ഈ വര്‍ഷത്തെ ഈസ്റ്റര്‍. മാര്‍ച്ച് 30 ശനിയാഴ്‌ചയും 31 ഞായറാഴ്‌ചയുമാണ്. ഈ രണ്ട് ദിവസങ്ങളും പ്രവൃത്തി ദിവസമായിരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.