അഡ്വ രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസ്; 15 പ്രതികളും കുറ്റക്കാര്‍, എട്ടുപേര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു

author img

By ETV Bharat Kerala Team

Published : Jan 20, 2024, 12:09 PM IST

Adv Renjith Murder Case  രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസ്  നാടിനെ നടുക്കിയ കൊലപാതകം  15 പ്രതികളും കുറ്റക്കാര്‍  court verdict

Court Found 15 Accused Were guilty In Adv Renjith Murder Case: 2021 ഡിസംബര്‍ 19 ന് സംസ്ഥാനത്തെ ആകെ നടുക്കിയ കൊലപാതകമായിരുന്നു അഡ്വ രഞ്ജിത്ത് ശ്രീനിവാസന്‍റേത്. വീട്ടില്‍ കടന്നു കയറിയ കൊലയാളി സംഘം വീട്ടുകാരുടെ മുന്നെ വച്ചാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് കൊലപാതക കേസില്‍ 15 പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞു.1മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിഞ്ഞുവെന്നും പ്രതികളെല്ലാം കുറ്റക്കാരാണെന്നും വിധിച്ചത്.

കണ്ണില്ലാത്ത ക്രൂരതയുടെ കഥ: 2021 ഡിസംബര്‍ 19നാണ് സംസ്ഥാനത്തെ ഞെട്ടിച്ച ആസൂത്രിത കൊലപാതകം നടന്നത്. ആലപ്പുഴ നഗരത്തില്‍ വെള്ളക്കിണറിലുള്ള വീട്ടില്‍ പുലര്‍ച്ചെ കയറിയാണ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നിലിട്ടാണ് മുസ്ലീം ഭീകരരായ പോപ്പുലര്‍ ഫ്രണ്ടുകാരും എസ് ഡി പി ഐ ഈ അരും കൊല നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്. ആലപ്പുഴയില്‍ തുടര്‍ച്ചയായി നടന്ന കൊലപാതക പരമ്പരയിലാണ് രഞ്ജിത്ത് ശ്രീനിവാസന്‍ വധിക്കപ്പെടുന്നത്. മൂന്ന് തവണയായി ഗൂഡാലോചന നടത്തിയാണ് പ്രതികള്‍ കൃത്യം നടപ്പാക്കിയത് എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരെ കൊന്നതിന് തിരിച്ചടി കിട്ടുകയാണെങ്കില്‍ വധിക്കേണ്ടവരുടെ ലിസ്റ്റ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ തയ്യാറാക്കി വച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ടയാളാണ് അഡ്വ. രഞ്ജിത്ത്.

പ്രതികള്‍ക്കായി വക്കാലത്ത് എടുക്കാന്‍ ആലപ്പുഴയിലെ അഭിഭാഷകര്‍ തയ്യാറായിരുന്നില്ല. ഇതോടെ കേസിൻ്റെ വിചാരണ വൈകി. കേസ് ജില്ലക്ക് പുറത്തേക്ക് മാറ്റാനായി പ്രതികള്‍ സുപ്രീം കോടതി അടക്കമുള്ള മേല്‍ കോടതികളെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ശിക്ഷാ വിധി വരുന്ന സാഹചര്യത്തില്‍ മാവേലിക്കരയിലും ആലപ്പുഴ നഗരത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.