ETV Bharat / state

പാനൂർ സ്ഫോടന കേസ്; 3 പേര്‍ കസ്റ്റഡിയില്‍ എന്ന് സൂചന, സമാധാന യാത്രയുമായി ഷാഫി പറമ്പില്‍ - Panoor bomb blast allegations

author img

By ETV Bharat Kerala Team

Published : Apr 6, 2024, 11:46 AM IST

BOMB BLAST PANOOR  PANOOR KANNUR  UDF  SHAFI PARAMBIL
Panur Bomb Blast

പാനൂർ സ്ഫോടനത്തിൽ 3 പേർ കസ്‌റ്റഡിയിലെന്ന് സൂചന. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ നിര്‍ദേശമില്ലെന്ന് വ്യാപക പരാതി ഉയർത്തി കോൺഗ്രസും യുഡിഎഫും.

Panoor Bomb Blast

കണ്ണൂർ : പാനൂരില്‍ നി‍ര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസിന് നിര്‍ദേശമില്ല എന്ന ആരോപണം ഉയർത്തി കോൺഗ്രസും യുഡിഎഫും. എഫ്ഐആറിൽ രണ്ട് പേരുടെ പേരുകൾ മാത്രമാണുളളതെന്നും ഇവർ ആരോപിക്കുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ ബോംബ് രാഷ്ട്രീയം ശക്തമായി ഉയർത്തുകയാണ് കോൺഗ്രസ് നേതൃത്വം.

വടകരയിലെ യുഡിഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ സമാധാന യാത്രയും നടത്തി. പാനൂരും സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിലുളള ബോംബ് നിര്‍മ്മാണമുണ്ടെന്നാണ് യുഡിഎഫ് പറയുന്നത്. ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് സിപിഎം അനുഭാവിയായ ഷെറിൻ കൊല്ലപ്പെട്ടത്.

മൂളിയന്തോട് നിർമാണത്തിലിരുന്ന വീട്ടിൽ ബോംബുണ്ടാക്കാൻ പത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് വിവരം. എന്നാൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇതുവരെയും പൊലീസിന് മേൽത്തട്ടിൽ നിന്ന് നി‍ര്‍ദേശം നൽകിയിട്ടില്ല എന്നാണ് സൂചന.

സംഘത്തിൽ ഉള്ളവരിൽ മൂന്ന് പേർ കസ്‌റ്റഡിയിൽ ഉണ്ടെന്ന് വിവരമുണ്ടെങ്കിലും പൊലീസ് അത് സ്ഥിരീകരിച്ചിട്ടില്ല. മരിച്ച ഷെറിൻ, ഗുരുതരമായി പരിക്കേറ്റ വിനീഷ് എന്നിവരെ മാത്രമാണ് പ്രധാനമായും പ്രതി ചേർത്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തികളെ അപായപ്പെടുത്തണമെന്ന ഉദേശത്തോടെ ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടിത്തെറിച്ചുവെന്നാണ് എഫ്ഐആറിലുളളത്.

പരിക്കേറ്റവർ കോഴിക്കോടും പരിയാരത്തും ചികിത്സയിലുണ്ടെങ്കിലും പ്രതി ചേർത്തിട്ടില്ലെന്നാണ് വിവരം. ലോട്ടറി കച്ചവടക്കാരനായ മനോഹരന്‍റെ പണിതീരാത്ത വീട്ടിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്. അയൽക്കാരനായ വിനീഷ് സുഹൃത്ത് ഷെറിൻ, വിനോദ്, അക്ഷയ് എന്നിവർക്കും സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

നെഞ്ചിലും മുഖത്തും ചീളുകൾ തെറിച്ചുകയറിയ ഷെറിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബോംബ് നിർമിക്കാൻ എല്ലാ സൗകര്യങ്ങളൊരുക്കിയെന്ന് കരുതുന്ന, പരിക്കേറ്റ വിനീഷ് സിപിഎം അനുഭാവിയാണ്. എന്നാൽ സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിലുൾപ്പെടെ പ്രതികളാണ് സ്ഫോടനത്തിൽ പരിക്കേറ്റവർ എന്നും ക്വട്ടേഷൻ സംഘങ്ങളുമായും ഇവർക്ക് ബന്ധമുണ്ടെന്നുമാണ് സിപിഎം നേതൃത്വം പറയുന്നത്.

മുന്നേ തളളിപ്പറഞ്ഞവരെന്നും അരാഷ്ട്രീയ സംഘങ്ങളെന്നും സിപിഎമ്മും വ്യക്തമാക്കുന്നു. എന്നാൽ അവരുടെ സ്വാധീനമേഖലയിൽ, പാർട്ടിയുമായി നേരത്തെ ബന്ധമുണ്ടായിരുന്നവർ, പാർട്ടി പ്രാദേശിക നേതാവിന്‍റെ മകനുൾപ്പെടുന്ന സംഘം എന്തിനാണ് ബോംബ് നിർമ്മിക്കാൻ പുറപ്പെട്ടത്? ആർക്ക് വേണ്ടിയാണ് ബോംബുണ്ടാക്കിയത്? സംഘത്തിലുണ്ടായിരുന്ന മറ്റുളളവരുടെ പശ്ചാത്തലമെന്താണെന്ന ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്.

ALSO READ : ടിപി കേസിന് പിന്നാലെ പാളയത്തിൽ തന്നെ ബോംബ്; വടകരയിൽ പോരിൽ അക്രമ രാഷ്ട്രീയം കലരുമ്പോൾ - Panoor Bomb Blast Issue And CPM

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.