ETV Bharat / state

അരിക്കൊമ്പനെ കാട് കടത്തിയിട്ട് നാളേക്ക് ഒരു വർഷം; ചിന്നക്കനാലില്‍ ഇപ്പോഴും കാട്ടാനശല്യം രൂക്ഷം - Arikomban in Kothayar

author img

By ETV Bharat Kerala Team

Published : Apr 28, 2024, 4:45 PM IST

അരിക്കൊമ്പൻ  ARIKOMBAN  കാട്ടാന ആക്രമണം  WILD ELEPHANT ATTACK
One Year Since Arikomban Was Transferred Into Kothayar, Committee Didn't Submit Report Yet

അരിക്കൊമ്പനെ കാടു കടത്തിയിയെങ്കിലും ചിന്നക്കനാൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് നിർദ്ദേശങ്ങൾ സമർപ്പിക്കാനായി നിയോഗിച്ച വിദഗ്‌ദ സമിതി ഒരു വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

ഇടുക്കി: അരിക്കൊമ്പനെ കാട് കടത്തിയിട്ട് നാളേക്ക് (ഏപ്രിൽ 29) ഒരു വർഷമാകും. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ ഭീതി പരത്തിയിരുന്ന ഒറ്റയാനായിരുന്നു അരിക്കൊമ്പൻ. കഴിഞ്ഞ വർഷം അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി, കുങ്കിയാനകളുടെ സഹായത്തോടെ തിരുനെൽവേലി ജില്ലയിലെ കോതയാർ വനമേഖലയിലേക്ക് മാറ്റിയിരുന്നു.

2023 ഏപ്രിൽ 29-നാണ് ചിന്നക്കനാൽ സിമന്‍റ് പാലത്തു നിന്ന് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ ആദ്യം പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയത്. 4 ദിവസങ്ങൾക്ക് ശേഷം തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലകളിലിറങ്ങിയ അരിക്കൊമ്പൻ വഴിയാത്രക്കാരനെ ആക്രമിച്ചു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.

ഇതേ തുടർന്ന് തമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനകളുടെ സഹായത്തോടെ തിരുനെൽവേലി ജില്ലയിലെ കോതയാർ വനമേഖലയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കോതയാറിലാണ് പിടിയാനക്കൂട്ടത്തോടൊപ്പം അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്.

മേഖലയെ ഭീതിയിലാഴ്‌ത്തിയിരുന്ന അരിക്കൊമ്പൻ പോയതിന് ശേഷവും ചിന്നക്കനാൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. വീടുകൾക്കും കടകൾക്കും നേരെയുള്ള കാട്ടാന ആക്രമണങ്ങൾ കുറഞ്ഞെങ്കിലും കഴിഞ്ഞ 4 മാസത്തിനിടയിൽ ചിന്നക്കനാൽ, ആനയിറങ്കൽ മേഖലയിൽ 2 പേരെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. പന്നിയാർ സ്വദേശിനി പരിമളം (44), ചിന്നക്കനാൽ സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജൻ (68) എന്നിവരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അരിക്കൊമ്പനെ കാടു കടത്തിയശേഷം ചക്കക്കൊമ്പൻ എന്ന ഒറ്റയാൻ മേഖലയിൽ ഭീതി പരത്തുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതുകൂടാതെ മുറിവാലൻ കൊമ്പൻ എന്ന ഒറ്റയാനും പ്രദേശവാസികൾക്ക് ഭീഷണിയാണ്. ഈ 2 ഒറ്റയാൻമാർ ഉൾപ്പെടെ 19 ആനകളാണ് ചിന്നക്കനാൽ മേഖലയിലുള്ളത്. ഇതിൽ 2 വയസിലധികം പ്രായമുള്ള 4 കുട്ടിക്കൊമ്പന്മാരും ഉണ്ടെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. ഭാവിയിൽ ഈ കുട്ടിക്കൊമ്പൻമാരും ഭീഷണിയാകുമെന്ന ആശങ്കയാണ് നാട്ടുകാർക്ക്.

ഒരു വർഷമായിട്ടും റിപ്പോർട്ട് സമർപ്പിക്കാതെ വിദഗ്‌ദ സമിതി: അരിക്കൊമ്പനെ കാടു മാറ്റുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹർജിയെ തുടർന്ന് 2023 മാർച്ചിലാണ് ഹൈക്കോടതി മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് നിർദ്ദേശങ്ങൾ സമർപ്പിക്കാനായി വിദഗ്‌ദ സമിതിയെ നിയോഗിച്ചത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും വിദഗ്‌ദ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഈ സമിതിയെ കൂടാതെയാണ് ഏതാനും ദിവസം മുൻപ് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് ദീർഘകാല- ഹ്രസ്വകാല പദ്ധതികൾക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ അന്തർദേശീയ -ദേശീയ വിദഗ്‌ദരെ ഉൾപ്പെടുത്തി സർക്കാർ പുതിയ സമിതിയെ നിയോഗിച്ചത്.

Also Read: 'വന്യമൃഗ ശല്യം രൂക്ഷമാകാന്‍ കാരണം കോണ്‍ഗ്രസ്, കേന്ദ്ര സര്‍ക്കാരും ഇടപെടുന്നില്ല': മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.