ETV Bharat / state

'മുഖ്യമന്ത്രി ബിജെപിയുടെ താരപ്രചാരകന്‍': പ്രധാനമന്ത്രി പ്രചാരണത്തിന് ഇനി കേരളത്തില്‍ വരേണ്ടതില്ലെന്ന് എം എം ഹസന്‍ - M M Hassan criticizes Pinarayi

author img

By ETV Bharat Kerala Team

Published : Apr 12, 2024, 4:47 PM IST

LOK SABHA ELECTION 2024  ലോക്‌സഭ തെരഞ്ഞെടുപ്പ്  പിണറായി വിജയൻ  BJP
M M Hassan criticizing Pinarayi Vijayan on CPM BJP connection

കേരളത്തില്‍ ബിജെപി രണ്ടക്കം തികക്കുമെന്ന ഉറപ്പ് മോദിക്ക് കിട്ടിയത് ബിജെപി സിപിഎം കൂട്ടുകെട്ടിൽ നിന്നാണെന്ന് എം എം ഹസൻ.

പിണറായിക്കെതിരെ വ്മർശനവുമായി എം എം ഹസൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ദിനംപ്രതി വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ് എം എം ഹസന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ അതിശക്തമായി ഇന്ത്യ മുന്നണിയേയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ബിജെപിയും നരേന്ദ്രമോദിയും നടത്തുന്ന വര്‍ഗീയവത്കരണത്തിലും കൂടിയ രീതിയിലുളള വര്‍ഗീയവത്കരണമാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മുഖ്യമന്ത്രിയുടെ വിഷയമേ അല്ല. ഇന്നലെ വരെയും മുഖ്യമന്ത്രിയുടെ മുഖ്യവിഷയം പൗരത്വ നിയമമാണെന്നും എം എം ഹസൻ പറഞ്ഞു. പൗരത്വ നിയമത്തില്‍ മോദിയെക്കാള്‍ അതിശക്തമായി കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ആറാം തവണയും കേരളത്തില്‍ വരുന്നു എന്നു കേള്‍ക്കുന്നു. മോദിയേക്കാൾ ശക്തമായി വര്‍ഗീയ ധ്രുവീകരണം നടത്താന്‍ അദ്ദേഹത്തിന്‍റെ മാനസ പുത്രനായി മാറിയിട്ടുള്ള പിണറായി വിജയന്‍ ഇവിടെയുണ്ട്. അതുകൊണ്ട് പ്രധാനമന്ത്രി ഇനി കേരളത്തില്‍ വരേണ്ടതില്ലെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും ഹസൻ പറഞ്ഞു. പിണറായി ഇപ്പോള്‍ ബിജെപിയുടെ കേരളത്തിലെ താര പ്രചാരകനായി കളം നറഞ്ഞു നില്‍ക്കുകയാണ്. പിന്നെ ഈ തിരക്കിനിടയില്‍ പ്രധാനമന്ത്രി ഇങ്ങോട്ടു വരേണ്ടതിന്‍റെ ആവശ്യമെന്താണാണെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യ സഖ്യം അധികാരത്തില്‍ വരാതിരിക്കാന്‍ വേണ്ടിയുള്ള ന്യായങ്ങള്‍ ശക്തമായി പറയുന്നത് നരേന്ദ്രമോദിയേക്കാള്‍ മുഖ്യമന്ത്രിയാണ്. കേരളത്തില്‍ ബിജെപി രണ്ടക്കം തികക്കുമെന്ന ഉറപ്പ് മോദിക്കു കിട്ടിയത് ബിജെപി സിപിഎം അന്തര്‍ധാരയില്‍ നിന്നാണെന്നും അദ്ദേഹം വ്യക്‌തമാക്കി. അതിപ്പോള്‍ തെളിഞ്ഞു തെളിഞ്ഞു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വര്‍ണത്താലത്തില്‍ വച്ച് ബിജെപിക്ക് രണ്ട് എംപിമാരെ സമ്മാനിക്കാനാണ് അന്തര്‍ധാര. തങ്ങളുടെ പാര്‍ട്ടിയിലേതല്ലാത്ത രണ്ടു സ്ഥാനാര്‍ഥികളെ ബലി കൊടുത്തായാലും ബിജെപിക്ക് രണ്ട് എംപിമാരെ സിപിഎം സമ്മാനിക്കും എന്ന ഉറപ്പിലാണ് മോദി കേരളത്തില്‍ രണ്ടക്കം എന്ന് ആവര്‍ത്തിക്കുന്നതെന്ന് എം എം ഹസൻ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read: കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ പൗരത്വ നിയമത്തിൽ മിണ്ടാട്ടമില്ലെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.