ETV Bharat / state

കണ്ണൂർ പോര് ഫോട്ടോഫിനിഷിലേക്കോ...? പ്രവചനാതീതം കണ്ണൂർ... - Kannur Loksabha Constituency

author img

By ETV Bharat Kerala Team

Published : Apr 17, 2024, 11:16 AM IST

Updated : Apr 17, 2024, 12:17 PM IST

2024 LOKSABHA ELECTION KANNUR  KANNUR CONSTITUENCY  ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്ണൂർ  കണ്ണൂർ മണ്ഡലം
Kannur Loksabha Constituency

ആകെ പന്ത്രണ്ട് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന കണ്ണൂരില്‍ പ്രധാന മുന്നണികള്‍ (Lok sabha election 2024 Kannur candidates) തമ്മില്‍ തന്നെയാണ് കടുത്ത മത്സരം നടക്കുന്നത്. polling date counting date Lok sabha election

കണ്ണൂർ : ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം അവസാന ലാപിലേക്ക് കടക്കുമ്പോൾ കണ്ണൂരിൽ പ്രചരണം അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുകയാണ്. ആകെ 12 സ്ഥാനാർഥികളാണ് കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്നത്. ഇവരിൽ പ്രധാന മുന്നണി സ്ഥാനാർഥികളായ കെ സുധാകരൻ (യുഡിഫ്), എംവി ജയരാജൻ (എൽഡിഎഫ്), സി രഘുനാഥ് (എൻഡിഎ) എന്നിവർ തമ്മിലാണ് പ്രധാന മത്സരം. കെ സുധാകരനും എംവി ജയരാജനും അപരന്മാരും മത്സര രംഗത്തുണ്ട്.

കണ്ണൂർ ലോക്‌സഭ മണ്ഡലത്തിൽ ആകെ 13,58,368 വോട്ടർമാർ ആണ് ഉള്ളത്. 2019-നെക്കാൾ 91,809 വോട്ട് കൂടുതൽ. 64,6181 പുരുഷ വോട്ടർമാരും 71,2181 സ്ത്രീ വോട്ടർമാരും 6 ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാരുമാണ് മണ്ഡലത്തിലുള്ളത്.

2024 LOKSABHA ELECTION KANNUR  KANNUR CONSTITUENCY  ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്ണൂർ  കണ്ണൂർ മണ്ഡലം
കണ്ണൂര്‍

മണ്ഡലം തല വോട്ടർമാരുടെ എണ്ണം

പേരാവൂർ - 181064
മട്ടന്നൂർ - 195388
ധർമടം - 199115
കണ്ണൂർ - 178732
ഇരിക്കൂർ - 197680
തളിപ്പറമ്പ - 221295

മണ്ഡല സ്വാധീനം : 2011ലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇരിക്കൂറും പേരാവൂരും മാത്രമാണ് യുഡിഎഫിന് കണ്ണൂരില്‍ സ്വന്തമായുള്ളത്. കഴിഞ്ഞ തവണ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കൈവശമുണ്ടായിരുന്ന അഴീക്കോട് മണ്ഡലം 2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് പിടിച്ചെടുത്തു. വിജയ പ്രതീക്ഷയുണ്ടായിരുന്ന കണ്ണൂർ വീണ്ടും കൈവിടുകയും ചെയ്‌തു.

കണ്ണൂര്‍

2019-ൽ മട്ടന്നൂരും ധർമ്മടവും ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം നേടിയായിരുന്നു സുധാകരന്‍റെ വിജയം. ഇതിൽ ഇടത് കേന്ദ്രമായ തളിപ്പറമ്പിൽ സുധാകരൻ നേടിയ നേരിയ ഭൂരിപക്ഷം മുന്നണി നേതൃത്വത്തെ തന്നെ ഞെട്ടിച്ചു.

ഇരിക്കൂറിലായിരുന്നു സുധാകരന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം. 37320 വോട്ട്. അഴീക്കോട് 21857, കണ്ണൂർ 23 423, പേരാവൂർ 23 665 വോട്ടിന്‍റെ ഭൂരിപക്ഷമാണ് അന്ന് സുധാകരൻ നേടിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴേക്കും ചിത്രം മാറിമറിഞ്ഞു. ഇരിക്കൂറും പേരാവൂരും മാത്രമായിരുന്നു യുഡിഎഫിന് ജയിക്കാൻ ആയത്. കയ്യിൽ ഉണ്ടായിരുന്ന അഴീക്കോട് നഷ്‌ടപ്പെടുകയും ചെയ്‌തു.

മട്ടന്നൂരിൽ എൽഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷമായിരുന്നു, 60,963 വോട്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടത്ത് 50123 വോട്ടിന്‍റെ ഭൂരിപക്ഷവും സ്വന്തമാക്കി. തളിപ്പറമ്പിലെ നഷ്‌ടം 22689 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ തിരിച്ചു പിടിക്കുകയും ചെയ്‌തു.

പ്രചാരണ വിഷയങ്ങൾ

യുഡിഫ് : സംസ്ഥാന സർക്കാരിനെതിരായ വിമർശനങ്ങളിലൂന്നിയാണ് യുഡിഎഫിന്‍റെ പ്രചാരണം. ഇതിനപ്പുറം അക്രമ രാഷ്ട്രീയവും യുഡിഫ് പ്രചാരണ രംഗത്തേക്ക് ഇടുന്നുണ്ട്. പാനൂർ ബോംബ് സ്ഫോടനവും ബോംബ് നിർമ്മാണവും ജില്ലയിലെ അക്രമ രാഷ്ട്രീയവും രക്തസാക്ഷി പട്ടികയും യുഡിഎഫ് എടുത്ത് കാട്ടുന്നുണ്ട്. കൂടാതെ കെ സുധാകരൻ എന്ന വ്യക്തി പ്രഭാവത്തിനുള്ള വോട്ടും വിജയ സാധ്യത കൂട്ടുമെന്ന് അവർ കണക്ക് കൂട്ടുന്നു. ധർമടത്തേയും മട്ടന്നൂരിലെയും എൽഡിഎഫ് ഭൂരിപക്ഷം കുറയ്ക്കു‌ന്നതോടൊപ്പം അഴിക്കോട്, കണ്ണൂർ, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ ലീഡ് ഉയർത്തിയാൽ വിജയം ഉറപ്പെന്ന് നേതൃത്വം പറയുന്നു.

2024 LOKSABHA ELECTION KANNUR  KANNUR CONSTITUENCY  ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്ണൂർ  കണ്ണൂർ മണ്ഡലം
കെ സുധാകരന്‍

എൽഡിഎഫ് : സിപിഎമ്മിന്‍റെ സംഘടന സംവിധാനം ഏറ്റവും ശക്തിയോടെ പ്രവർത്തിക്കുന്ന മണ്ഡലം ആണ് കണ്ണൂർ. ചിട്ടയായ സ്‌ക്വാഡ് പ്രവർത്തനങ്ങൾ അവർക്ക് നേട്ടമായേക്കാം. വർഗീയതയ്‌ക്കെതിരെ ഇന്ത്യ നിലനിൽക്കേണ്ടത്തിന്‍റെ ആവശ്യകതയാണ് ഓരോ പ്രചാരണ പരിപാടിയിലും എൽഡിഎഫ് എടുത്ത് കാട്ടുന്നത്. ഇന്നത്തെ കോൺഗ്രസ് നാളെ ബിജെപി ആണെന്നതും അവർ ഊന്നി പറയുന്നുണ്ട്.

2024 LOKSABHA ELECTION KANNUR  KANNUR CONSTITUENCY  ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്ണൂർ  കണ്ണൂർ മണ്ഡലം
എം വി ജയരാജന്‍

ധർമ്മടം നിയോജക മണ്ഡലത്തിലെ മുൻ യുഡിഎഫ് സ്ഥാനാർഥിയാണ് എൻഡിഎ സ്ഥാനാർഥി ആയി മത്സരിക്കുന്നത് എന്നത്, ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്ന എൽഡിഎഫിന്‍റെ വാദത്തിന് ശക്തി പകർന്നേക്കാം. കൂടാതെ മട്ടന്നൂർ, തളിപ്പറമ്പ് ധർമ്മടം മണ്ഡലങ്ങളിലെ മൃഗീയ ഭൂരിപക്ഷവും വിജയം തങ്ങളോടൊപ്പം നിൽക്കുമെന്ന് എൽഡിഎഫ് കണക്ക് കൂട്ടുന്നു. വിജയിച്ച ശേഷം കെ സുധാകരൻ മണ്ഡലത്തെ ശ്രദ്ധിക്കാറില്ലെന്ന അഭിപ്രായവും പൊതുവിൽ ഉണ്ട്. നിയമ സഭയിൽ വീണ്ടും വിജയക്കൊടി പാറിച്ചതിന്‍റെ ആത്മവിശ്വാസവും എൽഡിഎഫിനുണ്ട്. ഷൈലജ ടീച്ചർക്കെതിരെയുള്ള വ്യക്തിഹത്യ വിവാദം നില നിന്നാൽ മട്ടന്നൂരിൽ അത് എൽഡിഎഫിന് ഗുണമായേക്കാം.

2024 LOKSABHA ELECTION KANNUR  KANNUR CONSTITUENCY  ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്ണൂർ  കണ്ണൂർ മണ്ഡലം
സി രഘുനാഥ്

എൻഡിഎ : രണ്ടാം തവണയും കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്നതിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൻഡിഎ വോട്ട് തേടുന്നത്. സി രഘുനാഥിലൂടെ കോൺഗ്രസ് ആസംതൃപ്‌ത വോട്ടും എന്‍ഡിഎ ലക്ഷ്യമിടുന്നു.

മത്സരിക്കുന്ന സ്ഥാനാർഥികൾ

  1. എംവി ജയരാജൻ - സിപിഎം - അരിവാൾ ചുറ്റിക നക്ഷത്രം
  2. സി രഘുനാഥ് - ബിജെപി - താമര
  3. കെ സുധാകരൻ - കോൺഗ്രസ് - കൈപ്പത്തി
  4. രാമചന്ദ്രൻ ബാവിലേരി - ഭാരതീയ ജവാൻ കിസാൻ പാർട്ടി
  5. ജയരാജ് - സ്വതന്ത്രൻ - എയർ കണ്ടീഷണർ
  6. ജയരാജൻ, സൺ ഓഫ് വേലായുധൻ - സ്വതന്ത്രൻ - അലമാര
  7. ജോയ് ജോൺ പട്ടർമഠത്തിൽ - സ്വതന്ത്രൻ - ഓട്ടോറിക്ഷ
  8. നാരായണകുമാർ - സ്വതന്ത്രൻ - ബേബി വാക്കർ
  9. സി ബാലകൃഷ്‌ണ യാദവ് - സ്വതന്ത്രൻ - ബലൂൺ
  10. വാടി ഹരീന്ദ്രൻ - സ്വതന്ത്രൻ - ആപ്പിൾ
  11. കെ സുധാകരൻ, സൺ ഓഫ് കൃഷ്‌ണന്‍ - സ്വതന്ത്രൻ - വളകൾ
  12. സുധാകരൻ കെ, സൺ ഓഫ് പി ഗോപാലൻ - സ്വതന്ത്രൻ - ഗ്ലാസ് ടംബ്ലർ

Also Read : രാഷ്ട്രീയ ആവേശത്തിൽ കുതിക്കുന്ന കണ്ണൂർ; വോട്ടർമാരുടെ എണ്ണത്തില്‍ നാലിരട്ടി വർധന - Kannur Voters Increased Four Times

Last Updated :Apr 17, 2024, 12:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.