ETV Bharat / state

ഐസിയു പീഡനക്കേസ്‌: ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹർജി നൽകി അതിജീവിത - Medical College Icu Rape Case

author img

By ETV Bharat Kerala Team

Published : Apr 27, 2024, 1:09 PM IST

GRIEVANCE PETITION TO CHIEF JUSTICE  CHIEF JUSTICE OF HIGH COURT  KOZHIKODE ICU RAPE CASE  ഐസിയു പീഡനക്കേസ്‌
MEDICAL COLLEGE ICU RAPE CASE

അധികൃതരിൽ നിന്നും പൊലീസിൽ നിന്നും അവഗണനയും നിഷേധാത്മക സമീപനവും നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് നീക്കമെന്ന് അതിജീവിത.

കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനത്തിനിരയായ അതിജീവിത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹർജി നൽകി. അധികൃതരിൽ നിന്നും പൊലീസിൽ നിന്നും നേരിടുന്ന അവഗണനയും നിഷേധാത്മക സമീപനവുമാണ് പരാതിക്ക് കാരണം. ഐസിയുവിൽ അതിക്രമം നടന്ന വിവരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ അറിയിച്ചിട്ടും സഹായിക്കാൻ തയ്യാറാവാത്തതും സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിന് മുൻപിൽ തെരുവിൽ സമരത്തിന് ഇരിക്കേണ്ടിവന്നതും വരെയുള്ള കാര്യങ്ങളാണ് പരാതിയിൽ പ്രതിപാദിക്കുന്നത്.

കൂടാതെ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ച അഞ്ച് ജീവനക്കാരെയും പ്രതിയെയും സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. തന്നെ പരിശോധിക്കാൻ എത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതി തന്‍റെ മൊഴി പൂർണ്ണമായി രേഖപ്പെടുത്തുകയോ ശാസ്ത്രീയ പരിശോധന നടത്തുകയോ ചെയ്‌തിട്ടില്ല.

ഡോക്‌ടർ പ്രീതിക്കെതിരായി സിറ്റി പൊലീസ് കമ്മിഷണർ രാജപാൽ മീണക്ക് പരാതി നൽകിയെങ്കിലും ആദ്യ ഘട്ടത്തിൽ യാതൊരുവിധ അന്വേഷണവും നടന്നിട്ടില്ല. നിരന്തര സമ്മർദങ്ങൾക്ക് ശേഷമാണ് എസിപിയെ അന്വേഷിക്കാൻ ഏൽപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ കമ്മീഷണറുടെ അടുത്തെത്തുമ്പോൾ അപമാനിക്കുകയും സ്ത്രീവിരുദ്ധവും നീതി നിഷേധവുമായ പെരുമാറ്റവുമാണ് അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് വിവരാകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടോ ഡിജിപി വരെയുള്ളവരെ കണ്ട് പരാതിപ്പെട്ടിട്ടോ നൽകിയിട്ടില്ല. കമ്മിഷണർ ഓഫിസിലേക്ക് പോലും കയറാൻ സമ്മതിക്കാതെ പൊലീസ് തന്നെ ജനമധ്യത്തിൽ തടഞ്ഞുനിർത്തി അപമാനിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്.

ഒരു സർക്കാർ ആശുപത്രിയിൽ വച്ച് ഇത്തരം ക്രൂരമായ സംഭവം നടന്നിട്ടും ഒരു നഷ്‌ടപരിഹാരവും ഇതുവരെ നൽകാൻ സർക്കാറിന്‍റെ ഭാഗത്തുനിന്നോ മെഡിക്കൽ കോളജിന്‍റെ ഭാഗത്തുനിന്നോ നടപടി ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. അതിനാൽ നീതി ലഭ്യമാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ സങ്കട ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: ഐസിയു പീഡനക്കേസ്: പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐ ജിയ്ക്ക് നിർദേശം നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.