നയനമനോഹരം, വശ്യസുന്ദരം; അഴകിലലിഞ്ഞ് പുരുഷാംഗനമാർ, ഭക്തിസാന്ദ്രമായി കൊറ്റൻകുളങ്ങര - Chamayavilakku festival

author img

By ETV Bharat Kerala Team

Published : Mar 24, 2024, 5:33 PM IST

KOTTANKULANGARA DEVI TEMPLE  MEN DRESSED UP AS WOMEN  KOTTANKULANGARA TEMPLE FESTIVAL  KOTTANKULANGARA CHAMAYAVILAKKU

ചവറ കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിൽ സ്‌ത്രീവേഷധാരികളായി ചമയവിളക്കേന്തി പുരുഷന്മാർ

കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക്

കൊല്ലം: കൺകോണുകളിൽ ലാസ്യ ശൃംഗാര രസങ്ങൾ, അംഗനമാരെ വെല്ലുന്ന അംഗലാവണ്യം.... കൊല്ലം കൊറ്റൻകുളങ്ങര ദേവീക്ഷേത്ര പരിസരത്തെ ചമയപ്പുരകളിലേക്ക് കയറിയ പുരുഷ കേസരിമാരുടെ മാറ്റം കണ്ട് സ്‌ത്രീജനങ്ങളിൽ അസൂയയുടെ തിരയിളക്കം. കാണുന്നവരിലെല്ലാം കൗതുകം വിരിയിച്ച് ആയിരക്കണക്കിന് പുരുഷന്മാരാണ് സ്‌ത്രീവേഷമണിഞ്ഞ് വിളക്കെടുത്തത്.

ഇത് ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക്. പുരുഷന്മാർ അംഗന വേഷത്തിൽ ചമയവിളക്കേന്തുന്ന ആചാരപ്പെരുമ കൊറ്റൻകുളങ്ങര ക്ഷേത്രത്തിനു മാത്രം സ്വന്തം. രണ്ടുനാൾ ഒരേ ചടങ്ങുകൾ ആവർത്തിക്കുന്നതും ഇവിടുത്തെ മാത്രം സവിശേഷത.

ഉരുൾച്ചയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ബാലിക-ബാലന്മാരുടെ താലപ്പൊലി. വൈകിട്ട് കടത്താറ്റ് വയലിൽ ദേവി കെട്ടുകാഴ്‌ച കണ്ട് അനുഗ്രഹം ചൊരിഞ്ഞു. വൈകുന്നേരം മുതൽ വിളക്കെടുക്കാനുള്ള ഭക്തരുടെ പ്രവാഹം ആരംഭിച്ചു.

അഭീഷ്‌ട കാര്യസിദ്ധിക്കായി വേഷ പ്രച്ഛന്നരായി വിളക്കെടുക്കാനെത്തിയവരും അവരെ അനുഗമിച്ചവരും ദർശനത്തിനും കൗതുക കാഴ്‌ച ആസ്വദിക്കുന്നതിനും ഒക്കെയായി എത്തിയവരെക്കൊണ്ട് ക്ഷേത്ര പരിസരം നിറഞ്ഞു. എന്നാൽ കൊടും ചൂടിനെ ശമിപ്പിച്ച് ശക്തമായ മഴയെത്തി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് വിളക്കേന്തി ദേവിയെ വണങ്ങി ഭക്തർ അനുഗ്രഹം വാങ്ങി. ചിലരാകട്ടെ മഴ നനയായെ സുരക്ഷിത സ്ഥാനങ്ങൾ കണ്ടെത്തി.

ചമയപ്പുരകളിലെത്തി സ്‌ത്രീവേഷധാരികളായവരെ കൂടാതെ ക്ഷേത്ര പരിസരത്ത് ഭർത്താക്കന്മാരെ അണിയിച്ചൊരുക്കുന്ന ഭാര്യമാരെയും സഹോദരന്മാരെ ഒരുക്കാനെത്തിയ സഹോദരിമാരെയും മക്കളെ വേഷമണിയിക്കുന്ന അമ്മമാരെയും കാണാമായിരുന്നു. പുരുഷാംഗനമാരോട് കൊഞ്ചിക്കുഴയുന്നവരും സെൽഫിയെടുക്കുന്നവരും ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തുന്നവരുമായി തലമുറ വ്യത്യാസമില്ലാതെ ആയിരങ്ങൾ വേറെയും.

പുലർച്ചെ രണ്ടോടെ ചമയ വിളക്കേന്തിയവർ ക്ഷേത്രം മുതൽ കു‍ഞ്ഞാലുംമൂട് വരെ റോഡിനിരുവശവുമായി അണിനിരന്നു. ദേവീ ചൈതന്യമാവഹിച്ച ജീവിതയും കുടയും ഉടവാളുമായി വെളിച്ചപ്പാടിന്‍റെ അകമ്പടിയിൽ ക്ഷേത്രത്തിൽ എഴുന്നള്ളത്ത് കുഞ്ഞാലുംമൂട്ടിലെത്തി. വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി വിളക്ക് കണ്ട് അനുഗ്രവർഷം ചൊരിഞ്ഞ് പുലർച്ചെ അഞ്ചരയോടെ ക്ഷേത്ര തീർഥക്കുളത്തിൽ ആറാട്ട് നടത്തി കുരുത്തോലപ്പന്തലിൽ ഉപവിഷ്‌ടയായതോടെ ആദ്യ ദിനത്തിലെ ചമയവിളക്കെടുപ്പ് സമാപിച്ചു.

പിറ്റേ ദിവസവും ഇതേ ചടങ്ങുകളാണ് നടക്കുക. ചവറ, പുതുക്കാട്, കുളങ്ങര ഭാഗം, കോട്ടയ്‌ക്കകം കരകളുടെ നേതൃത്വത്തിലാണ് ചമയവിളക്ക് നടക്കുന്നത്. ക്ഷേത്രം ഐതിഹ്യവുമായി ബന്ധപ്പെട്ട കുരുത്തോലപ്പന്തൽ ചമയവിളക്ക് ഉത്സവത്തിലെ നയനാനന്ദകരമായ കാഴ്‌ചയാണ്.

ഉത്സവകാലത്തെ താത്‌കാലിക ശ്രീകോവിലാണിത്. രണ്ടു കരക്കാർ വീതം ഒന്നിച്ചു ചേർന്ന് ക്ഷേത്ര മൈതാനത്തിന്‍റെ തെക്കും വടക്കുമായി രണ്ടു കുരുത്തോലപ്പന്തലുകൾ അണിയിച്ചൊരുക്കും. ഏറെ പ്രത്യേകതകളാണ് കുരുത്തോലപ്പന്തലിന്‍റെ നിർമാണത്തിലുള്ളത്. മണ്ണിൽ സ്‌പർശിക്കാതെ മുറിച്ചെടുക്കുന്ന കമുക്, വാഴ, കുരുത്തോല എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.