ആര്‍എസ്‌പിയെ അടയാളപ്പെടുത്തിയ കൊല്ലം, സിപിഎം അടിയേറ്റ് വീണിടം; പ്രേമചന്ദ്രന്‍റെ ജൈത്രയാത്രയ്‌ക്ക് തടയിടാന്‍ ആര്?

author img

By ETV Bharat Kerala Team

Published : Feb 22, 2024, 5:43 PM IST

Updated : Feb 24, 2024, 5:19 PM IST

Kollam Lok Sabha Constituency parliament election kollam 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 കൊല്ലം ലോക്‌സഭ മണ്ഡലം ചരിത്രം Lok Sabha election 2024

ആര്‍എസ്‌പിയെ പാര്‍ലമെന്‍ററി ചരിത്രത്തിലേക്ക് എടുത്തിയര്‍ത്തിയ കൊല്ലം ലോക്‌സഭ മണ്ഡലം. എന്‍ കെ പ്രേമചന്ദ്രന്‍റെ ജൈത്രയാത്രയ്ക്ക് വിരാമം കുറിക്കാന്‍ സിപിഎമ്മിന്‍റെ എം മുകേഷിന് കഴിയുമോ?

കൊല്ലം: കേരള രാഷ്ട്രീയത്തിലെ വിപ്ലവ ചരിത്രത്തില്‍ ആര്‍എസ്‌പിയെ അടയാളപ്പെടുത്തുന്ന നിരവധി സംഭവ വികാസങ്ങളുണ്ടെങ്കിലും പാര്‍ലമെന്‍ററി ചരിത്രത്തില്‍ പാർട്ടിയെ ദീര്‍ഘകാലം എടുത്തിയര്‍ത്തിയത് കൊല്ലം ലോക്‌സഭ മണ്ഡലമാണ്. സിപിഎം നയിക്കുന്ന എല്‍ഡിഎഫിലെ അവിഭാജ്യ ഘടകമായിരുന്നു ആര്‍എസ്‌പി. വികാരപരമായി കണ്ടിരുന്ന കൊല്ലം സീറ്റ് അവരില്‍ നിന്ന് തട്ടിയെടുക്കുകയും പിന്നീട് സിപിഎം തഴയുകയും ചെയ്‌തതോടെയാണ് എല്‍ഡിഎഫിന്‍റെ ഭാഗമായ ആര്‍എസ്‌പി യുഡിഎഫിന്‍റെ ഭാഗമായതെന്നാണ് ചരിത്രം.

എന്‍ കെ പ്രേമചന്ദ്രനിലൂടെ സിപിഎമ്മിനെ പരാജയപ്പെടുത്തി കൊല്ലം പിടിച്ചെടുത്ത് ആര്‍എസ്‌പി അഴിച്ചിട്ട മുടിക്കെട്ട് വീണ്ടും കെട്ടിയത് 2014ലാണ്. അതേ പ്രേമചന്ദ്രന്‍ ഇപ്പോഴും സിപിഎമ്മിന്‍റെ ഉറക്കം കെടുത്തുന്ന ദുഃസ്വപ്‌നമായി കൊല്ലത്തെ പാര്‍ലമെന്‍റില്‍ പ്രതിനീധികരിക്കുന്നതിനിടെയാണ് അടുത്ത തെരഞ്ഞെടുപ്പ് പടിക്കലെത്തി നില്‍ക്കുന്നത്. 1952ലെ ആദ്യ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കൊല്ലം-മാവേലിക്കര മണ്ഡലം എന്നറിയപ്പെട്ടിരുന്ന ഇവിടെ നിന്ന് വിജയിച്ചത് ആര്‍എസ്‌പിയുടെ എക്കാലത്തെയും കുലപതി എന്‍ ശ്രീകണ്‌ഠന്‍ നായരായിരുന്നു.

ആര്‍എസ്‌പിക്ക് അന്ന് ആകെയുണ്ടായിരുന്നത് മൂന്ന് ലോക്‌സഭ സീറ്റുകളായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയ ആര്‍ വേലോയുധനെ 26,223 വോട്ടിന് തോല്‍പ്പിച്ചായിരുന്നു ഒന്നാം ലോക്‌സഭയിലേക്ക് ശ്രീകണ്‌ഠന്‍ നായര്‍ വണ്ടി കയറിയത്. പക്ഷേ, കൊല്ലം എന്ന പേരിലേക്ക് മാറിയ 1957ലെ രണ്ടാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശ്രീകണ്‌ഠന്‍ നായര്‍ക്ക് ദയനീയ പരാജയമായിരുന്നു.

Kollam Lok Sabha Constituency parliament election kollam 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 കൊല്ലം ലോക്‌സഭ മണ്ഡലം ചരിത്രം Lok Sabha election 2024
പി കെ കൊടിയൻ
വർഷംവിജയിപാർട്ടി
1952എൻ ശ്രീകണ്‌ഠൻ നായർആർഎസ്‌പി

(കൊല്ലം ആയതിന് ശേഷം)

1957

പി കെ കൊടിയൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
1962എൻ ശ്രീകണ്‌ഠന്‍ നായര്‍ആർഎസ്‌പി
1967
1971
1977
1980ബി കെ നായർകോണ്‍ഗ്രസ്
1984എസ് കൃഷ്‌ണകുമാര്‍കോണ്‍ഗ്രസ്
1989
1991
1996എന്‍ കെ പ്രേമചന്ദ്രൻആര്‍എസ്‌പി
1998
1999പി രാജേന്ദ്രൻസിപിഎം
2004
2009എന്‍ പീതാംബരക്കുറുപ്പ്കോൺഗ്രസ്
2014എൻ കെ പ്രേമചന്ദ്രൻആർഎസ്‌പി
2019എൻ കെ പ്രേമചന്ദ്രൻആർഎസ്‌പി

മണ്ഡലത്തിന്‍റെ അന്നത്തെ പുതുക്കിയ ഘടനയും ശ്രീകണ്‌ഠന്‍ നായര്‍ എന്ന അതികായനെ വീഴ്ത്താന്‍ പര്യാപ്‌തമായിരുന്നു. പിന്നീട്, അടൂര്‍ സംവരണ മണ്ഡലത്തില്‍ നിന്ന് പല തവണ വിജയിച്ച് ലോക്‌സഭയിലെത്തിയ പി കെ കൊടിയനായിരുന്നു ഇത്തവണ വിജയം. 1962ലെ മൂന്നാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ കൊല്ലം പിടിച്ചെടുത്തുകൊണ്ട് തന്‍റെ രണ്ടാം പരാജയത്തിന് ശ്രീകണ്‌ഠന്‍ നായര്‍ കണക്ക് തീര്‍ത്തു.

Kollam Lok Sabha Constituency parliament election kollam 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 കൊല്ലം ലോക്‌സഭ മണ്ഡലം ചരിത്രം Lok Sabha election 2024
എൻ ശ്രീകണ്‌ഠൻ നായർ

കോണ്‍ഗ്രസിലെ സരോജിനിയെ 64,955 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ശ്രീകണ്‌ഠന്‍ നായരുടെ ആധികാരിക മടങ്ങിവരവ്. 1967ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ പിന്തുണച്ച ശ്രീകണ്‌ഠന്‍ നായര്‍, കോണ്‍ഗ്രസിലെ എ എ റഹിമിനെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്തി.

1971ല്‍ സിപിഎം ഒഴികെയുള്ള ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്ന മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീകണ്‌ഠന്‍ നായര്‍ 1,12,384 വോട്ടുകള്‍ക്ക് സിപിഎം പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ജി ജനാര്‍ദ്ദന കുറുപ്പിനെ പരാജയപ്പെടുത്തി. 1977ല്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷം ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ പൊതു രാഷ്ട്രീയ ചിത്രത്തിന് വിരുദ്ധമായിരുന്നു കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ഫലം.

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിച്ചെങ്കിലും ഇങ്ങ് കേരളത്തില്‍ വന്‍ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു. സി അച്യുതമേനോന്‍ നയിച്ച കോണ്‍ഗ്രസ്, സിപിഐ ആര്‍എസ്‌പി മുന്നണി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ തുടര്‍ വിജയം നേടി. 20 ലോക്‌സഭ സീറ്റുകളും നേടി കോണ്‍ഗ്രസ് മുന്നണി കേരളത്തില്‍ മേല്‍ക്കൈ നേടി.

എന്‍ ശ്രീകണ്‌ഠന്‍ നായര്‍ അങ്ങനെ കൊല്ലത്ത് നിന്ന് തുടര്‍ച്ചയായി നാലാം വിജയം നേടി. കേരള രാഷ്ട്രീയം എല്‍ഡിഎഫ്, യുഡിഎഫ് എന്ന വ്യക്തമായ ചേരിയായി മാറിയ 1980ല്‍ സിപിഎം നേതൃത്വം നല്‍കിയ എല്‍ഡിഎഫിന്‍റെ ഘടക കക്ഷിയായി മത്സരിച്ച ആര്‍എസ്‌പി നേതാവ് ശ്രീകണ്‌ഠന്‍ നായര്‍ പുതുമുഖമായ കോണ്‍ഗ്രസ് നേതാവ് ബി കെ നായരോട് പരാജയപ്പെട്ടു. കൊല്ലം മണ്ഡലത്തില്‍ ശ്രീകണ്‌ഠന്‍ നായര്‍ യുഗത്തിന് ഇതോടെ അന്ത്യം കുറിക്കുകയായിരുന്നു.

1984ല്‍ മറ്റൊരു അട്ടിമറിക്ക് കൂടി കൊല്ലം മണ്ഡലം സാക്ഷ്യം വഹിച്ചു. ഐഎഎസ് രാജി വച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍റെ അനുഗ്രഹാശിസുകളോടെ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായെത്തിയ എസ് കൃഷ്‌ണകുമാര്‍ ആര്‍എസ്‌പി നേതാവ് ആര്‍ എസ് ഉണ്ണിയെ മലര്‍ത്തിയടിച്ചു. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗം എസ് കൃഷ്‌ണകുമാറിന് അനായാസ ജയം സമ്മാനിച്ചു.

Kollam Lok Sabha Constituency parliament election kollam 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 കൊല്ലം ലോക്‌സഭ മണ്ഡലം ചരിത്രം Lok Sabha election 2024
എസ് കൃഷ്‌ണ കുമാർ

1989ല്‍ ബാബു ദിവാകരനെ പരാജയപ്പെടുത്തി വിജയം ആവര്‍ത്തിച്ച കൃഷ്‌ണകുമാര്‍, 1991ല്‍ ഒരിക്കല്‍ കൂടി കൊല്ലത്ത് നിന്നു വിജയിച്ച് ശ്രീകണ്‌ഠന്‍ നായര്‍ക്ക ശേഷം ഹാട്രിക് തികക്കുന്ന വ്യക്തിയെന്ന ഖ്യാതി നേടി. 1996ല്‍ കന്നിയങ്കത്തിനിറങ്ങിയ ആര്‍എസ്‌പിയുടെ യുവ തുര്‍ക്കിയായ എന്‍ കെ പ്രേമചന്ദ്രനോട് തോറ്റ എസ് കൃഷ്‌ണകുമാര്‍ അതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറി.

Kollam Lok Sabha Constituency parliament election kollam 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 കൊല്ലം ലോക്‌സഭ മണ്ഡലം ചരിത്രം Lok Sabha election 2024
എൻ കെ പ്രേമചന്ദ്രൻ

78,370 വോട്ടിന്‍റെ വമ്പന്‍ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രന്‍റെ ജയം. 1998ല്‍ കോണ്‍ഗ്രസിലെ കെ സി രാജനെ മലര്‍ത്തിയടിച്ച് വിജയം ആവര്‍ത്തിച്ച് പ്രേമചന്ദ്രന്‍. എന്നാല്‍ 1999ല്‍ സിപിഎം ആര്‍എസ്‌പിയില്‍ നിന്ന് കൊല്ലം ഏറ്റെടുത്തു. ബേബി ജോണ്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ആര്‍എസ്‌പി പിളര്‍ത്തി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയത് ചൂണ്ടിക്കാട്ടിയാണ് സിപിഎം കൊല്ലം സീറ്റ് ഏറ്റെടുത്തത്.

അങ്ങനെ കൊല്ലം മണ്ഡലത്തില്‍ നിന്ന് ആദ്യമായി സിപിഎം മത്സരത്തിനിറങ്ങി. സിപിഎം രംഗത്തിറക്കിയ പി രാജേന്ദ്രന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംപി ഗംഗാധരനെ പരാജയപ്പെടുത്തി കൊല്ലത്തു നിന്നുള്ള ആദ്യ സിപിഎം ലോക്‌സഭ പ്രതിനിധിയായി. 2004ല്‍ കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തി പി രാജേന്ദ്രന്‍ സിപിഎമ്മിന് രണ്ടാം ജയം സമ്മാനിച്ചു.

Kollam Lok Sabha Constituency parliament election kollam 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 കൊല്ലം ലോക്‌സഭ മണ്ഡലം ചരിത്രം Lok Sabha election 2024
പി രാജേന്ദ്രൻ

2009ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ഹാട്രിക് തേടി മത്സരത്തിനിറങ്ങിയ പി രാജേന്ദ്രന് നിരാശയായിരുന്നു ഫലം. കോണ്‍ഗ്രസ് കളത്തിലിറക്കിയ എന്‍ പീതാംബരക്കുറുപ്പ് രാജേന്ദ്രനെ 17,531 വോട്ടുകള്‍ക്ക് അട്ടിമറിച്ചു. എന്നാല്‍, തുടര്‍ച്ചയായി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തങ്ങളെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് എ എ അസീസ് സെക്രട്ടറിയായ ആര്‍എസ്‌പി വിഭാഗം എല്‍ഡിഎഫ് വിട്ടു.

Kollam Lok Sabha Constituency parliament election kollam 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 കൊല്ലം ലോക്‌സഭ മണ്ഡലം ചരിത്രം Lok Sabha election 2024
എൻ പീതാംബരക്കുറുപ്പ്

ചടുല നീക്കങ്ങളിലൂടെ അവസരം മുതലെടുത്ത യുഡിഎഫ് നേതൃത്വം സിറ്റിംഗ് എംപി എന്‍ പീതാംബരക്കുറിപ്പിനെ മാറ്റി ആര്‍എസ്‌പി നേതാവ് എന്‍ കെ പ്രേമചന്ദ്രന് കൊല്ലം സീറ്റ് വാഗ്‌ദാനം ചെയ്യുകയായിരുന്നു. ക്ഷണം സ്വീകരിച്ച ആര്‍എസ്‌പി ഇതോടെ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തി. എം എ ബേബിയെ ഇറക്കി പ്രേമചന്ദ്രന്‍റെ ജയം തടയാന്‍ പതിനെട്ടടവും പയറ്റിയ എല്‍ഡിഎഫിന് പിഴച്ചു. 37,649 ന് പ്രേമചന്ദ്രന്‍ ആധികാരിക ജയം നേടി.

Kollam Lok Sabha Constituency parliament election kollam 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 കൊല്ലം ലോക്‌സഭ മണ്ഡലം ചരിത്രം Lok Sabha election 2024
എൻ കെ പ്രേമചന്ദ്രൻ

2019ല്‍ രണ്ടാം ജയം തേടി കൊല്ലത്തിറങ്ങിയ പ്രേമചന്ദ്രനെ പരാജയപ്പെടുത്താന്‍ ഇപ്പോഴത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ രംഗത്തിറക്കിയെങ്കിലും പരാജയം ദയനീയമായിരുന്നു. 1,48,856 എന്ന കൊല്ലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലായിരുന്നു പ്രേമചന്ദ്രന്‍റെ ജയം.

വീണ്ടുമൊരു ലോക്‌സഭ തെരഞ്ഞെടുപ്പ് വീണ്ടും പടി വാതില്‍ക്കലെത്തുമ്പോള്‍ ആർഎസ്‌പി നേതാവും സിറ്റിംഗ് എംപിയുമായ എൻ കെ പ്രേമചന്ദ്രൻ തന്നെയാണ് ഇക്കുറിയും കോൺഗ്രസ് സ്ഥാനാർഥിയായി കൊല്ലത്ത് മത്സരിക്കുക. കൊല്ലം പിടിച്ചെടുക്കുക എന്നതിനപ്പുറം പ്രേമചന്ദ്രന്‍റെ പരാജയം എന്നതാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. അതിന് അവരുടെ ആവനാഴിയിലെ അവസാന ആയുധവും പുറത്തെടുക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഹാട്രിക് വിജയം തേടിയിറങ്ങുന്ന യുഡിഎഫ് എംപി എൻ കെ പ്രേമചന്ദ്രനെതിരെ ചലച്ചിത്രതാരവും എംഎൽഎയുമായ എം മുകേഷിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി സ്ഥാനാർഥിയായി ആര് കൊല്ലത്തിറങ്ങുമെന്നാണ് ഇപ്പോൾ രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ 2019 ലെ തിരഞ്ഞെടുപ്പ് ഫലം

 • എന്‍ കെ പ്രേമചന്ദ്രന്‍ (യുഡിഎഫ്) - 4,99,677
 • കെഎന്‍ ബാലഗോപാല്‍ (എല്‍ഡിഎഫ്) - 3,50,821
 • കെവി സാബു (എന്‍ഡിഎ) - 1,03,339

ഭൂരിപക്ഷം-1,48,856

കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങള്‍: ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ നിയോജക മണ്ഡലങ്ങൾ ചേരുന്നതാണ് കൊല്ലം ലോക്‌സഭ മണ്ഡലം

Last Updated :Feb 24, 2024, 5:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.