ETV Bharat / state

'മോദിയുടെ ഗ്യാരന്‍റി'യുമായി കെ സുരേന്ദ്രന്‍: കേരള പദയാത്ര ഇന്ന് തുടങ്ങും; ഗോവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

author img

By ETV Bharat Kerala Team

Published : Jan 27, 2024, 7:29 AM IST

Kerala Padayatra  K Surendran Kerala Yathra  കെ സുരേന്ദ്രന്‍റെ കേരള പദയാത്ര  Kerala Padayatra Update
Kerala Padayatra Led by K Surendran Will Begin Today From Kasaragod

കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രയ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്‌ ഉദ്ഘാടനം ചെയ്യും. 20 ലോക്‌സഭ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര ഫെബ്രുവരി 27ന് പാലക്കാട്‌ സമാപിക്കും.

കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര ഇന്ന് തുടങ്ങും

കാസർകോട്: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രയ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും. ഉച്ചയ്ക്ക് 3 മണിക്ക് താളിപ്പടപ്പ് മൈതാനിയിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്‌ പദയാത്ര ഉദ്ഘാടനം ചെയ്യും. മോദിയുടെ ഗ്യാരന്‍റി പുതിയ കേരളം എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം (Kerala Padayatra Led by K Surendran Will Begin Today From Kasaragod).

പദയാത്രയുടെ ഭാഗമായി ഓരോ മണ്ഡലങ്ങളിലെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്‌ച നടത്തും. പൊതുസമ്മേളനങ്ങളിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ എത്തിക്കാനാണ് തീരുമാനം. 20 ലോക്‌സഭ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പദയാത്ര ഫെബ്രുവരി 27ന് പാലക്കാട്‌ സമാപിക്കും.

പദയാത്ര നടക്കുന്ന എല്ലാ ദിവസവും രാവിലെ ഔട്ട്റീച്ച് പരിപാടി ഉണ്ടാകും. ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും മത, സാമുദായിക, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പൗരപ്രമുഖരുമായി ചർച്ച നടത്തുകയും, പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്യും. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പുറമെ വിവിധ ഹിന്ദു സാമുദായിക സംഘടന നേതാക്കളെയും കാണും. തിരുവനന്തപുരം, കൊച്ചി, തൃശൂർ തുടങ്ങിയ നഗരങ്ങളിൽ വികസന സെമിനാറുകൾ നടത്തും.

കേന്ദ്ര സര്‍ക്കാരിന്‍റെ വികസന-ജനക്ഷേമ പദ്ധതികളില്‍ അംഗമാവാനുള്ള അവസരം കേരള പദയാത്രയില്‍ ഒരുക്കും. അതിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഹെല്‍പ്പ് ഡെസ്‌ക്കുകളുണ്ടാവും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിശ്ചലദൃശ്യങ്ങളും പദയാത്രയില്‍ പ്രദര്‍ശിപ്പിക്കും. എന്‍ഡിഎയുടെ വികസന രേഖയും പദയാത്രയില്‍ പ്രകാശിപ്പിക്കും.

പദയാത്ര ഉദ്ഘാടനം ചെയ്യാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ബിഹാറിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തെ തുടർന്ന് അദ്ദേഹം എത്തില്ലെന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്. പകരമാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്‌ എത്തുന്നത്.

Also Read: 'ഞങ്ങള്‍ നെയ്യുന്നത് സ്വപ്‌നങ്ങളല്ല, യാഥാര്‍ഥ്യം': 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുദ്രവാക്യം തയാറാക്കി ബിജെപി

നാളെ (ജനുവരി 28) രാവിലെ മധൂര്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് കെ സുരേന്ദ്രന്‍റെ കാസര്‍കോട് ജില്ലയിലെ പരിപാടികള്‍ തുടങ്ങുക. രാവിലെ 9 മണിക്ക് യാത്രാ ക്യാപ്റ്റന്‍റെ വാര്‍ത്താസമ്മേളനം നടക്കും. രാവിലെ 10.30 ന് കുമ്പളയില്‍ നടക്കുന്ന വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. 12 മണിക്ക് ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്‌നേഹസംഗമം പരിപാടിയിലും അദ്ദേഹം സംസാരിക്കും. 29 ന് കണ്ണൂരിലും 30 ന് വയനാട്ടിലും 31 ന് വടകരയിലും പദയാത്ര കടന്നു പോകും.

ഫെബ്രുവരി 3, 5, 6, 7 തീയതികളില്‍ ആറ്റിങ്ങല്‍, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളില്‍ കേരള പദയാത്ര പര്യടനം നടത്തും. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളില്‍ 9, 10, 12 തീയതികളില്‍ യാത്ര എത്തും. ഫെബ്രുവരി 12 ന് തിരുവനന്തപുരത്തെത്തുന്ന യാത്രയില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ പങ്കെടുക്കും. അന്ന് രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അമിത് ഷാ ഉദ്ഘാടനം ചെയ്യും.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്; ബിജെപിക്കായി മാധുരി ദീക്ഷിത് മത്സരത്തിനിറങ്ങുമെന്ന് സൂചന, മണ്ഡലത്തില്‍ പോസ്റ്ററുകളും കട്ടൗട്ടുകളും

ഫെബ്രുവരി 14 ന് ഇടുക്കിയിലും 15 ന് ചാലക്കുടിയിലും പദയാത്ര നടക്കും. 19, 20, 21 തീയതികളില്‍ മലപ്പുറം, കോഴിക്കോട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ യാത്ര പര്യടനം നടത്തും. പൊന്നാനിയില്‍ 23 നും എറണാകുളത്ത് 24 നും തൃശ്ശൂരില്‍ 26 നും നടക്കുന്ന കേരളപദയാത്ര 27 ന് പാലക്കാട് സമാപിക്കും. പാലക്കാട് നടക്കുന്ന സമാപന സമ്മേളനത്തിൽ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പങ്കെടുത്തേക്കും. നിതിൻ ഗഡ്‌കരി, നിർമല സീതാരാമൻ, ശോഭ കരന്തലജേ, രാജ്‌നാഥ് സിങ് തുടങ്ങിയ പ്രമുഖരും വിവിധ സ്ഥലങ്ങളിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.