ETV Bharat / state

ആർഎസ്എസ് മനസുമായി നടക്കുന്ന കോൺഗ്രസുകാരനാണ് ശശി തരൂര്‍; ജിആർ അനിൽ - GR Anil against Shashi Tharoor

author img

By ETV Bharat Kerala Team

Published : Apr 12, 2024, 6:15 PM IST

Updated : Apr 12, 2024, 6:55 PM IST

GR ANIL  SHASHI THAROOR  KADAKAMPALLY SURENDRAN  ശശി തരൂരിനെതിരെ ജിആർ അനിൽ
GR ANIL AGAINST SHASHI THAROOR

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശശി തരൂരിനെതിരെ വിമര്‍ശനവുമായി മന്ത്രി ജിആര്‍ അനിലും കടകംപള്ളി സുരേന്ദ്രനും.

ശശി തരൂരിനെതിരെ ജിആര്‍ അനിലും കടകംപള്ളി സുരേന്ദ്രനും

തിരുവനന്തപുരം: ആർഎസ്എസ് മനസുള്ള കോൺഗ്രസുകാരനാണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരെന്ന് മന്ത്രി ജി ആർ അനിൽ. പന്ന്യൻ രവീന്ദ്രൻ എന്തിന് മത്സരിക്കുന്നുവെന്നാണ് തരൂർ ചോദിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജയിക്കാനാണ് മത്സരിക്കുന്നതെന്ന് വോട്ട് എണ്ണി കഴിയുമ്പോൾ അദ്ദേഹത്തിന് ബോധ്യപ്പെടുമെന്നും ജി ആർ അനിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിമാനത്തിലെ ഇക്കണോമി ക്ലാസ് കന്നുകാലി ക്ലാസെന്ന് അധിക്ഷേപിക്കുകയും അതിലെ യാത്രക്കാരെ കന്നുകാലികളോട് ഉപമിക്കുകയും ചെയ്‌ത മാനസികാവസ്ഥയാണ് തരൂരിന്‍റേത്. കോൺഗ്രസ്‌ പ്രവർത്തകർ തന്നെ കയ്യൊഴിഞ്ഞ സ്ഥാനാർഥിയാണ് ശശി തരൂർ. അദ്ദേഹത്തിന് പലയിടത്തും സ്വന്തം പ്രവർത്തകരുടെ രോഷപ്രകടനം നേരിടേണ്ടി വന്നിട്ടുണ്ട്.

ബിജെപിയെ തെരഞ്ഞെടുപ്പ് രംഗത്ത് പ്രധാന ശക്തിയായി അവതരിപ്പിക്കാനാണ് ശശി തരൂർ ശ്രമിക്കുന്നത്. ആർഎസ്എസ് നേതാക്കളെ പോലും അതിശയിപ്പിക്കുന്ന വർഗീയ വിഷം തുപ്പുന്ന പ്രസ്‌താവനകൾ മുൻപും നടത്തിയിട്ടുണ്ട്. ബാബറി മസ്‌ജിദ് മുസ്ലിം സമുദായം അന്തസായി പൊളിച്ചുനീക്കണമെന്ന അദ്ദേഹത്തിന്‍റെ പ്രസ്‌താവന ഇതിന് ഉദാഹരണമാണ്.

അടുത്തിടെ സ്ഥാനാർഥിയാകുന്നതിന് മുൻപ് ചാനൽ അഭിമുഖത്തിൽ അടുത്ത പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് ഒരു നിമിഷം ചിന്തിക്കാതെയാണ് തരൂർ നരേന്ദ്രമോദിയെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ആർഎസ്എസിന്‍റെ മനസുമായി നടക്കുകയും മതനിരപേക്ഷ ശക്തികളുടെ ബിജെപി വിരുദ്ധ വോട്ടുകൾ നേടി തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് അദ്ദേഹത്തിന്‍റേത്‌.

മതനിരപേക്ഷ വോട്ടുകളും ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളും നേടുന്നതിന് വേണ്ടിയുള്ള പഴയ തന്ത്രമാണ് ഈ തെരഞ്ഞെടുപ്പിലും ശശി തരൂർ പയറ്റുന്നത്. ശശി തരൂർ ബിജെപിയിൽ ചേരാൻ ചർച്ചകൾ നടത്തിയെന്ന മുൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാവും തിരുവനന്തപുരത്തെ സ്വതന്ത്ര സ്ഥാനാർഥിയുമായ വ്യക്തി നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ 15 വർഷക്കാലം തിരുവനന്തപുരത്തിന് വേണ്ടി ഒന്നും ചെയ്‌തിട്ടില്ല. തിരുവനന്തപുരം വിമാനത്താവളം, ഹിന്ദുസ്ഥാൻ ലാറ്റക്‌സ്‌ ലിമിറ്റഡ് എന്നിവയുടെ സ്വകാര്യവത്ക്കരണം ചെറുക്കാൻ തരൂർ എന്താണ് ചെയ്‌തത്? ബിജെപി സ്ഥാനാര്‍ഥി രാജീവ്‌ ചന്ദ്രശേഖറിനെതിരെയും ജി ആർ അനിൽ രൂക്ഷവിമർശനം ഉന്നയിച്ചു.

ബിജെപി സ്ഥാനാർഥിയുടേത് പണക്കൊഴുപ്പിന്‍റെ ബലത്തിലുള്ള പ്രചാരണ കോലാഹലങ്ങൾ മാത്രമാണ്. 10 വർഷത്തെ ബിജെപി ഭരണത്തിൽ എന്തെങ്കിലും പുതിയ കേന്ദ്ര പദ്ധതി കേരളത്തിന് നൽകിയിട്ടുണ്ടോ? പ്രളയത്തിന്‍റെയും കൊവിഡിന്‍റെയും കാലത്ത് അർഹമായ സഹായം പോലും നിഷേധിച്ചുവെന്നും ജി ആർ അനിൽ പറഞ്ഞു.

ദേശാടന പക്ഷിയാണ് ശശി തരൂർ: കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും ശശി തരൂരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. വർഷത്തിൽ ഒരിക്കൽ വരുന്ന ദേശാടന പക്ഷികളെ പോലെ അഞ്ചുവർഷത്തിനുശേഷം തിരുവനന്തപുരത്ത് വന്ന ദേശാടന പക്ഷിയാണ് ശശി തരൂരെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

തരൂരിനെ സംബന്ധിച്ച് അദ്ദേഹം പരാജയം സമ്മതിച്ചു കഴിഞ്ഞു. പരാജയ ഭയത്താൽ എന്തും വിളിച്ചുപറയുന്ന ഒരു മാനസിക അവസ്ഥയിലാണ് അദ്ദേഹം. 20 പാർലമെന്‍റ്‌ മണ്ഡലത്തിലും എൽഡിഎഫിന്‍റെ മുഖ്യ എതിരാളി യുഡിഎഫ് ആണ്. 15 വർഷമായി തിരുവനന്തപുരത്തെ ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് തരൂരിന്. അഹന്തയുടെ കൊടുമുടിയിലേക്ക്‌ തരൂർ മാറുകയാണ്.

സുഖ ശീതളിമയുടെ അങ്ങേയറ്റത്ത് കഴിയുന്ന തരൂരിന് പന്ന്യൻ രവീന്ദ്രൻ ആരാണെന്ന് അറിയില്ല. കഞ്ഞിക്കുഴി തന്ത്രം പയറ്റാനാണ് ശശി തരൂർ ശ്രമിക്കുന്നത്. നാട്ടിൽ പ്രളയം നടക്കുമ്പോൾ ശശി തരൂർ ഫൈവ് സ്റ്റാർ ഹോട്ടലിലായിരുന്നു. ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് കൊണ്ടുവരുമെന്ന് പറഞ്ഞു.

ബെഞ്ച് പോയിട്ട് ഒരു സ്റ്റൂൾ പോലും കൊണ്ടുവന്നില്ല. തെരഞ്ഞെടുപ്പിൽ പന്ന്യന് വിജയം ഉറപ്പാണ്. അഭിമാനകരമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ALSO READ: 'പ്രസ്‌താവന പിൻവലിച്ച് മാപ്പുപറയണം'; ശശി തരൂരിന് വക്കീല്‍ നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖര്‍

Last Updated :Apr 12, 2024, 6:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.