ETV Bharat / state

'വിഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്‌തൻ' ; രാജീവ്‌ ചന്ദ്രശേഖറുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ഇപി ജയരാജൻ

author img

By ETV Bharat Kerala Team

Published : Mar 20, 2024, 2:16 PM IST

EP Jayarajan  VD Satheesan  EP Jayarajan Criticized Congress  Muslim League
EP Jayarajan Criticized Congress and Opposition Leader V D Satheesan

തന്‍റെ ഭാര്യയുടേതെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്ന ചിത്രം ത്രിപുരയിലെ ബിജെപി എംപിയും രാജീവ്‌ ചന്ദ്രശേഖറും ഇരിക്കുന്ന ഫോട്ടോയില്‍ കൃത്രിമം വരുത്തിയതാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.

രാജീവ്‌ ചന്ദ്രശേഖറുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ഇപി ജയരാജൻ

തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖറിനൊപ്പം തന്‍റെ ഭാര്യ ഇരിക്കുന്നതായുള്ള, തലവെട്ടിമാറ്റിയുണ്ടാക്കിയ ചിത്രം പ്രചരിപ്പിക്കുകയാണെന്നും അതിനുപിന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത്തരത്തില്‍, അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്‌തനാണ് വി ഡി സതീശൻ. അശ്ലീല വീഡിയോ നിർമിച്ച് വൃത്തികെട്ട രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളായി സതീശൻ മാറിയെന്നും അദ്ദേഹം ആരോപിച്ചു.

ത്രിപുരയിലെ വനിത ബിജെപി നേതാവും രാജീവ് ചന്ദ്രശേഖറുമുള്ള ചിത്രത്തിൽ, അവരുടെ തലവെട്ടി മാറ്റി ആ സ്ഥാനത്ത് തന്‍റെ ഭാര്യയുടെ തല ചേർത്താണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. ഈ വൃത്തികെട്ട രാഷ്ട്രീയത്തെ എതിർക്കാൻ എല്ലാ നല്ലവരായ മനുഷ്യർക്കും കഴിയണമെന്നും ഇ പി ജയരാജൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജീവ്‌ ചന്ദ്രശേഖറുമായി ഇ പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ പിയുടെ പ്രതികരണം. സ്വപ്‍ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനുപിന്നിൽ പ്രവർത്തിച്ചത് വി ഡി സതീശനാണ്.

ത്രിപുരയിലെ ബിജെപി എംപിയും രാജീവ്‌ ചന്ദ്രശേഖറും ഇരിക്കുന്ന ചിത്രത്തിലും തന്‍റെ ഭാര്യയുടെ തല വെട്ടി ചേർത്തു. തിരുവനന്തപുരം ഡി സി സി അംഗമാണ് ഇത് പ്രചരിപ്പിച്ചത്. ഇതിനെതിരെ ഇന്നലെ തന്‍റെ ഭാര്യ പൊലീസിൽ പരാതി കൊടുത്തു. സതീശന്‍റേത് ഫ്രോഡ് രാഷ്ട്രീയമാണ്. സ്ത്രീകളെ അടക്കം ആക്ഷേപിക്കുന്നു. ഇതല്ല മാന്യതയെന്ന് വി ഡി സതീശൻ മനസിലാക്കണം.

തന്‍റെ ഭാര്യയുടെ തലവെട്ടി സ്വപ്‍ന സുരേഷിന്‍റെ തല ചേർത്തും പ്രചരിപ്പിച്ചു. അതാണ് വി ഡി സതീശന്‍റെ രീതി. എറണാകുളത്തെ ചില കോൺഗ്രസ് പ്രവർത്തകരെ അതിനായി ഉപയോഗിച്ചു. കഴിഞ്ഞ ദിവസം പ്രചരിച്ച ചിത്രത്തിന് പിന്നിലും സതീശൻ ആണെന്നും ഇ പി ആരോപിച്ചു.

താനുമായി ബന്ധമില്ലാത്ത കമ്പനിയുമായി അതുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്. ഇങ്ങനെയൊരു പ്രതിപക്ഷ നേതാവ് കേരളത്തിന്‍റെ ഗതികേടാണ്. വി.ഡി സതീശൻ എന്ന വൃത്തികെട്ട രാഷ്ട്രീയ നേതാവിനോട് ഇനി മറുപടി പറയാനില്ല. വൈദേകം കമ്പനിയിൽ ഭാര്യ ഷെയർഹോൾഡർ ആണ്. തന്‍റെ ഭാര്യ ചെയ്‌തതിൽ എന്ത് തെറ്റാണുള്ളത്.

നിരാമയയുടെ കാര്യമടക്കം കമ്പനിയോട് തന്നെ ചോദിക്കണം. തനിക്കിതിൽ ഭാഗമാകേണ്ട കാര്യമില്ല. ഭാര്യയുടെ ഷെയർ തന്നെ കൈമാറാൻ തീരുമാനിച്ചതാണ്. ഒഴിവായി പോകാൻ തന്നെയാണ് ഭാര്യ തീരുമാനിച്ചത്. കൊടുത്ത കാശ് കിട്ടിയാൽ തന്നെ പിന്മാറും. വെറുതെ അനാവശ്യ വിവാദങ്ങളിൽ പെടാനില്ല. താൻ ബിസിനസുകാരനല്ല രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലുമായി ബിസിനസ് ബന്ധമുള്ളത് വി ഡി സതീശനായിരിക്കും. സതീശൻ വീട് നിർമിക്കാൻ എന്നുപറഞ്ഞ് വിദേശത്തുനിന്ന് പണം പിരിച്ചു. പുനർജനിയുടെ പേരിൽ പിരിച്ച പണം എന്ത് ചെയ്‌തുവെന്ന് സതീശൻ വ്യക്തമാക്കണം. എന്നാൽ ആ പിരിച്ച പണം കൊണ്ട് വീട് നിർമ്മിച്ചിട്ടില്ല. എൻജിഒ അടക്കം ഉള്ളവരുടെ സഹായത്തോടെയാണ് വീടുകൾ നിർമിച്ചത്.

നിയമസഭയിലും സതീശനെതിരെ ആരോപണം ഉയർന്നു. പി വി അൻവറിന്‍റെ ആരോപണത്തിന് സതീശൻ നിയമസഭയിൽ മറുപടി പറഞ്ഞില്ല. മൗനിയായി ഇരുന്നു. പുറത്തുപോയിട്ടാണ് എന്തൊക്കെയോ പറഞ്ഞത്. വി ഡി സതീശൻ ബിജെപിക്ക് മുൻപിൽ സറണ്ടർ ചെയ്‌തു. എന്തുകൊണ്ട് വി ഡി സതീശനെതിരെയുള്ള
ആരോപണത്തിൽ ഇ ഡിയും ഇൻകം ടാക്‌സും വന്നില്ല?. മുഖ്യമന്ത്രിയെ തേജോവധം ചെയ്‌ത് ആർഎസ്എസിന്‍റെ ഗുഡ്ബുക്കിൽ കയറാനാണ് സതീശൻ ശ്രമിക്കുന്നതെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി.

മുസ്ലിം ലീഗിനോട് സഹതപിച്ച് ഇ പി ജയരാജൻ : ന്യൂനപക്ഷങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് കോൺഗ്രസ് കേരളത്തിൽ സ്വീകരിക്കുന്നത്. കോൺഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ നിലപാടിനെപ്പറ്റി മുസ്ലിം ലീഗ് ചിന്തിക്കണമെന്നും ജയരാജൻ പറഞ്ഞു. നിയമസഭയിൽ 15 സീറ്റുള്ള ലീഗിന് ലോക്സ‌ഭയിൽ നൽകിയത് 2 സീറ്റ് ആണ്. പരിഹാസ്യമായ അവസ്ഥയാണ്. 21 സീറ്റുള്ള കോൺഗ്രസ്‌ മത്സരിക്കുന്നത് 16 സീറ്റിൽ. കോൺഗ്രസിന്‍റേത് മൃദുഹിന്ദുത്വ നിലപാടാണ്. ലീഗുകാർ ഇത് മനസിലാക്കണമെന്നും ഇ പി പറഞ്ഞു.

വർഗീയത ഉയർത്തി വോട്ട് നേടാനുള്ള ബിജെപി ആർഎസ്എസ് ശ്രമങ്ങൾക്ക് ജനങ്ങൾ മറുപടി നൽകും. പൗരത്വ രജിസ്റ്റർ വഴി കോൺസന്‍ട്രേഷൻ ക്യാമ്പുകൾ ഉണ്ടാകും. ഇതിനെ ശക്തമായി എതിർത്തത് കേരളവും ഇടതുമുന്നണിയുമാണ്. രണ്ടുതരം പൗരന്മാരായി കാണുന്ന അവസ്ഥയെ എന്തുവില കൊടുത്തും ചെറുക്കും. ഇടതുമുന്നണി സ്ഥാനാർഥികൾക്ക്‌ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. വലിയ പ്രതീക്ഷ ഇടതുമുന്നണിക്കുണ്ട്.

രാജ്യം നേരിടുന്ന വിപത്തിനെ ചെറുക്കാൻ ഇടതുപാർട്ടികൾ വരണമെന്ന് മതേതര ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നു. ഇടത് അനുകൂല തരംഗമാണുള്ളത്. വിശാല ജനാധിപത്യ ഐക്യമുണ്ടാക്കി ബിജെപി അധികാരത്തിൽ എത്തുന്നത് തടയും. പൗരത്വ നിയമം റദ്ദാക്കുന്നതിന് ബഹുജന ഇടപെടൽ ഇടതുമുന്നണി സാധ്യമാക്കും. എന്നാൽ പൗരത്വ നിയമം നടപ്പിലാക്കാതിരിക്കാൻ കഴിയില്ല എന്നാണ് യുഡിഎഫ് നിലപാട്.

സുപ്രീം കോടതിയിൽ കേസ് കൊടുത്തത് കൊണ്ട് ഒരു ഗുണവും ഇല്ല എന്ന് വാദിച്ചത് കോൺഗ്രസ് ആണ്. ഇന്ത്യയെ മതപരമായി ചേരി തിരിക്കാനുള്ള ബിജെപി ശ്രമത്തിന് പിന്തുണ കൊടുക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. ന്യൂനപക്ഷങ്ങൾക്ക് എതിരെയാണ് കോൺഗ്രസ് നിൽക്കുന്നത്. എൽഡിഎഫും ബിജെപിയും തമ്മിൽ ആണ് മത്സരമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. മാധ്യമപ്രവർത്തകർ വളച്ചൊടിച്ചതാണെന്നും ഇ പി വ്യക്തമാക്കി.

ബിജെപിയെ തോൽപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. അതിനെ ട്വിസ്റ്റ്‌ ചെയ്‌ത് മാറ്റിയതാണ് വിവാദമായത്. ശോഭ കരന്ദലജെയുടെ വിവാദ പ്രസ്‌താവന, രണ്ടുസംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്‌നത്തിലാണെന്നും രാഷ്ട്രീയമായി പരിശോധിച്ച് മറുപടി പറയേണ്ട വിഷയമാണെന്നും ഇപി പറഞ്ഞു.

അതേസമയം രാജീവ്‌ ചന്ദ്രശേഖറും ആർ ജെ ഡി നേതാവ് വി സുരേന്ദ്രൻപിള്ളയും കൂടിക്കാഴ്‌ച നടത്തിയതിലും അദ്ദേഹം പ്രതികരിച്ചു. സൗഹൃദത്തിന്‍റെ പേരിൽ പോയി നേതാക്കൾ തമ്മിൽ കാണാറുണ്ട്. ചിലപ്പോള്‍ തെരഞ്ഞെടുപ്പിൽ പോയി വോട്ട് അഭ്യർഥിച്ചിട്ടുണ്ടാകും. ഈ നേതാക്കൾ ഒക്കെ ഇടതുപക്ഷത്തിന് ഒപ്പം ശക്തരായി നിൽക്കുന്നവരാണെന്നുമായിരുന്നു ജയരാജന്‍റെ മറുപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.