ETV Bharat / state

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യം; പ്രതികള്‍ എത്ര ഉന്നതരായാലും നടപടിയെന്ന് മുഖ്യമന്ത്രി

author img

By ETV Bharat Kerala Team

Published : Feb 22, 2024, 4:06 PM IST

Pinarayi Vijayan  നവകേരള സ്ത്രീ സദസ്  Nava Kerala Sthree Sadas  പിണറായി വിജയൻ  Crimes Against Women and Children
CM Pinarayi Vijayan on Navakerala Sthree Sadas

സമസ്‌ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സ്ത്രീ സദസില്‍. നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തിയെന്നും മുഖ്യമന്ത്രി.

എറണാകുളം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികൾ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നില്‍ എത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെൻ്ററിൽ നവകേരള സ്ത്രീ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമസ്‌ത മേഖലയിലും സ്ത്രീകള്‍ക്ക് തലയുയര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കും. കേരള സമൂഹത്തില്‍ പകുതിയിലധികം വരുന്ന ജനസംഖ്യ സ്ത്രീകളുടേതാണ്. ഭാവികേരളം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് സ്ത്രീകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സുപ്രധാനമാണ്. അതുകൊണ്ടാണ് നവകേരള സദസുകളുടെ തുടര്‍ച്ചയായി സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തി മുഖാമുഖം പരിപാടി സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan  നവകേരള സ്ത്രീ സദസ്  Nava Kerala Sthree Sadas  പിണറായി വിജയൻ  Crimes Against Women and Children
നവകേരള സ്ത്രീ സദസില്‍ പങ്കെടുക്കുന്നവര്‍

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തികാവസ്ഥകള്‍ വളരെയധികം മെച്ചപ്പെട്ടതാണ്. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളുമെല്ലാം കേരളത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. കേരളം നടപ്പാക്കിയ സ്ത്രീസൗഹൃദ നയങ്ങൾ അതിനു വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ സ്ത്രീ ശാക്തീകരണം സാധ്യമാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം വിദ്യാഭ്യാസമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും ഉയര്‍ന്ന സാക്ഷരത നിരക്ക് തുടര്‍ച്ചയായി രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസത്തില്‍ എത്രയോ കാലം മുമ്പുതന്നെ ലിംഗസമത്വം കൈവരിച്ച നാടാണ് നമ്മുടേത്. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലൊഴികെ മറ്റെല്ലാ മേഖലകളിലും പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളുടേതിനെക്കാള്‍ കൂടുതലാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

ഒരുകാലത്ത് മറക്കുടയ്ക്കുള്ളിലെ മഹാനരകത്തില്‍ കഴിഞ്ഞിരുന്ന സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും, അവിടെ നിന്ന് തൊഴിലിടങ്ങളിലേക്കും അതിനൊക്കെ മുമ്പ് പാടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ പള്ളിക്കൂടങ്ങളിലേക്കും ഒക്കെ നയിച്ചതിനു പിന്നില്‍ പ്രക്ഷോഭങ്ങളുടെ ഒരു വലിയ ചരിത്രമുണ്ട്. ഒരുകാലത്ത് വിദ്യാഭ്യാസത്തിനോ, തൊഴിലിനോ ഉള്ള അവകാശമില്ലാതെ, വീട്ടിനുള്ളില്‍പോലും ആരാലും ഗൗനിക്കപ്പെടാതെ, അടിമസമാനമായി കഴിഞ്ഞിരുന്ന മലയാളി സ്ത്രീ ഇന്ന് ലോകത്തെമ്പാടും വ്യത്യസ്‌ത മേഖലകളില്‍ നേതൃപരമായ സേവനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണന്നും മുഖ്യമന്ത്രി പറഞ്ഞു.

സവര്‍ണ്ണ - അവര്‍ണ്ണ വ്യത്യാസമില്ലാതെ, ജാത്യാചാരങ്ങളുടെ പേരില്‍ നരകതുല്യ ജീവിതം നയിച്ചിരുന്ന കേരളത്തിലെ സ്ത്രീകളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിച്ചത് നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും അവയെ തുടര്‍ന്നുവന്ന പുരോഗമന പ്രസ്ഥാനങ്ങളുമാണ്. വികസന പ്രവര്‍ത്തനങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും ഗുണഭോക്താവെന്ന നിലയില്‍ രാജ്യത്തെ തങ്ങളുടെ സഹജീവികളില്‍ നിന്ന് മെച്ചപ്പെട്ട ജീവിത ഗുണനിലവാരം എത്തിപ്പിടിക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അവസരം ലഭിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

നവകേരളം സ്ത്രീപക്ഷമായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഏഴര വര്‍ഷക്കാലത്തിലേറെയായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളാണ് മറ്റൊരു വിഷയം. അവയ്ക്ക് എത്രയും വേഗം അറുതി വരുത്തേണ്ടതുണ്ട്. അടുത്ത കാലം വരെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ മാത്രമാണ് ഊന്നല്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ തൊഴില്‍ശക്തിയില്‍ പങ്കാളികളാകേണ്ടതിന്‍റെ ആവശ്യകത കൂടി അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. സമത്വസുന്ദരമായ ഒരു നവകേരള സൃഷ്‌ടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കിമാറ്റണം; കൂടുതൽ ഡോക്‌ടർമാർ ഗവേഷണ രംഗത്തേക്ക് വരണമെന്നും മുഖ്യമന്ത്രി

സമൂഹത്തിലെ വിവിധ മേഖലകളിലെ 2000 ത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് നവകേരള സ്ത്രീ സദസ് സംഘടിപ്പിച്ചത്. ജനപ്രതിനിധികള്‍, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവര്‍, വകുപ്പ് മേധാവികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ-കാര്‍ഷിക മേഖലകളിലെ പ്രതിനിധികള്‍, പരമ്പരാഗത വ്യവസായ മേഖല, ഐടി, കലാ- സാഹിത്യ- കായിക മേഖലകള്‍, ആദിവാസി, ട്രാന്‍സ് വനിതകള്‍, തുടങ്ങി സമൂഹത്തിന്‍റെ വ്യത്യസ്‌ത മേഖലകളില്‍ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തമായിരുന്നു പരിപാടിയുടെ പ്രത്യേകത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.