ETV Bharat / state

സിദ്ധാര്‍ത്ഥന്‍റെ മരണം: അച്ഛന്‍റെ മൊഴി രേഖപ്പെടുത്താന്‍ സിബിഐ; ചൊവ്വാഴ്‌ച ഹാജരാവാന്‍ നിര്‍ദേശം - Siddharth Death Case CBI Enquiry

author img

By ETV Bharat Kerala Team

Published : Apr 7, 2024, 4:56 PM IST

SIDHARTH DEATH CASE  സിദ്ധാര്‍ത്ഥന്‍റെ മരണം  CBI INVESTIGATION IN SIDHARTH DEATH  VETERINARY UNIVERSITY STUDENT DEATH
Sidharth Death Case: CBI Started Investigation And Will Take Father's Statement On Tuesday

ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സിബിഐ സംഘം വയനാട്ടിലേക്ക് എത്തിയത്. കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ റാഗിങിന് ഇരയായി മരിച്ച സിദ്ധാർത്ഥന്‍റെ അച്ഛന്‍റെ മൊഴിയെടുക്കാനൊരുങ്ങി സിബിഐ. ചൊവ്വാഴ്‌ചയാണ് മൊഴി രേഖപ്പെടുത്തുക. അന്വേഷണം സിബിഐ ഏറ്റെടുത്തത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നുള്ള സംഘം വയനാട്ടിലെത്തി പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍റെ മൊഴി ചൊവ്വാഴ്‌ച രേഖപ്പെടുത്തും. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശിനോട് ചൊവ്വാഴ്‌ച വരാനാണ് സിബിഐ നിര്‍ദേശം. കല്‍പ്പറ്റ പൊലീസ് വഴിയാണ് ഇക്കാര്യം സിദ്ധാര്‍ത്ഥന്‍റെ കുടുംബത്തെ അറിയിച്ചത്. ഇന്നലെ ഉച്ചയോടെ സിബിഐ സംഘം വയനാട് എസ്‌പി ടി നാരായണനുമായി സംസാരിച്ചു.

സിദ്ധാർത്ഥന്‍റെ മരണം അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്‌പി ടിഎൻ സജീവനുമായും സിബിഐ ഉദ്യോഗസ്ഥർ സംസാരിച്ചു. വൈത്തിരി റസ്റ്റ് ഹൗസിലാണ് താൽക്കാലിക ക്യാമ്പ്. ഡല്‍ഹിൽ നിന്ന് ഒരു എസ്‌പിയുടെ നേതൃത്വത്തിൽ നാലാംഗ സംഘമാണ് എത്തിയിരിക്കുന്നത്. സംഘം ഒരാഴ്‌ച വയനാട്ടിൽ ഉണ്ടാകുമെന്നാണ് വിവരം.

സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണ നേരിട്ട കോളജിലെ ഹോസ്റ്റൽ അടക്കം സിബിഐ സംഘം സന്ദർശിക്കും. കേസ് രേഖകളുടെ പകർപ്പ് പൊലീസ് സിബിഐക്ക് കൈമാറിയുട്ടുണ്ട്. അന്വേഷണം ഏറ്റെടുത്ത വിവരം കൽപ്പറ്റ കോടതിയെ അടുത്ത ദിവസം അറിയിക്കും. അതിനുശേഷമാകും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാവുക.

കേന്ദ്ര സർക്കാർ ഉടൻ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മകന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അടിയന്തരമായി സിബിഐ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് അച്ഛന്‍ ടി ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെയാണ് സിബിഐ സംഘം വയനാട്ടില്‍ എത്തിയത്. കേസ് ഈ മാസം 9ന് വീണ്ടും പരിഗണിക്കാനായി മാറ്റിയിരുന്നു.

Also read: സിദ്ധാർഥന്‍റെ മരണം: സിബിഐ സംഘം വയനാട്ടിൽ; എസ്‌പിയുമായി കൂടിക്കാഴ്‌ച നടത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.