ETV Bharat / state

'സിഎഎ കേരളത്തിൽ നടപ്പിലാക്കും, കേന്ദ്ര നിയമം നടപ്പിലാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി വേണ്ട'; പ്രതികരിച്ച് കെ സുരേന്ദ്രൻ

author img

By ETV Bharat Kerala Team

Published : Mar 12, 2024, 3:35 PM IST

K Surendran  K Surendran criticise Pinarayi  CAA Will Implement In Kerala  Citizenship Amendment Act
K Surendran

കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനു പിന്നാലെയാണ് കെ സുരേന്ദ്രന്‍റെ പ്രതികരണം

കെ സുരേന്ദ്രൻ മാധ്യമങ്ങളോട്

എറണാകുളം: കേരളത്തിലും പൗരത്വ നിയമഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. കേന്ദ്ര നിയമം നടപ്പിലാക്കാൻ പിണറായി വിജയൻ്റെ അനുമതി ആവശ്യമില്ലന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (K Surendran On Citizenship Amendment Act).

സംസ്ഥാനത്ത്‌ സിഎഎയുടെ പേരിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. കേരളത്തിലെ മുസ്ലിംങ്ങളെ ഇരു മുന്നണികളും കബളിപ്പിക്കുകയാണ്. പൗരത്വ നിയമഭേദഗതി ഇന്ത്യയിലെ പൗരന്മാർക്ക് വേണ്ടിയുള്ളതല്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മതത്തിൻ്റെ പേരിൽ ആട്ടിയോടിപ്പിക്കപ്പെടുന്നവർക്ക് ഈ രാജ്യത്ത് പൗരത്വം നൽകുന്നതിന് വേണ്ടിയുള്ള നിയമമാണിത്.

ആരുടെയും പൗരത്വം എടുത്ത് കളയുന്നതിന് വേണ്ടിയുള്ള നിയമമല്ല. കാര്യങ്ങൾ മനസിലാക്കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പാവപ്പെട്ട ജനങ്ങളെ കബിളിപ്പിക്കുകയാണ്. നാല് വോട്ട് കിട്ടാനാണ് ഇരു മുന്നണികളും ഈ വിഷയത്തിൽ മത്സരിക്കുന്നത്.

ALSO READ:എന്താണ് പൗരത്വ ഭേദഗതി ബില്‍; വിശദമായി അറിയാം

പിണറായി വിജയനും സർക്കാരിനും ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളത്. രാജ്യം നടപ്പിലാക്കിയ നിയമം ജില്ലാ കളക്‌ടർമാർ നടപ്പിലാക്കും. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം. കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല. പിണറായി വിജയൻ്റെ സ്വകാര്യ സ്വത്തുമല്ല. അനധികൃത കുടിയേറ്റക്കാരെ തടവിലിടാൻ കൊല്ലത്ത് കോൺസൻട്രേഷൻ ക്യാമ്പ് തുടങ്ങിയതായും കെ സുരേന്ദ്രൻ ആരോപിച്ചു.

ഇന്ത്യയിൽ ആദ്യമായി സിഎഎ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ജയിൽ സ്ഥാപിച്ചത് കേരളത്തിലാണ്. സിഎഎ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു.

സർക്കാർ കാണിക്കുന്നത് വഞ്ചനയാണ്. മതത്തിൻ്റെ പേരിൽ പാക്കിസ്ഥാൻ ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാനിൽ അടക്കം മുസ്ലീം വിഭാഗം പീഡനം നേരിടുന്നില്ല. ആദ്യം സിഎഎ നടപ്പിലാക്കുന്നത് കേരളത്തിലായിരിക്കും. അത് മോദിയുടെ ഗ്യാരണ്ടിയാണ്. കൊല്ലത്ത് തുടങ്ങിയത് കോൺസൺട്രേഷൻ ക്യാമ്പ് അല്ലേയെന്ന് പിണറായി വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

തെരെഞ്ഞെടുപ്പ് കാലത്ത് സിഎഎ സമരവുമായി വരട്ടെയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പൗരത്വ നിയമഭേദഗതി തങ്ങളുടെ തെരെഞ്ഞെടുപ്പ് വാഗ്‌ദാനമാണ്. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ നിയമഭേദഗതി നടപ്പിലാക്കില്ലന്ന് രാഹുൽ ഗാന്ധിയോ, മറ്റ് പിസിസി അദ്ധ്യക്ഷൻമാരോ പറഞ്ഞിട്ടില്ല. കെപിസിസി അദ്ധ്യക്ഷൻ മാത്രമാണ് പറഞ്ഞത്.

ഇലക്ട്രൽ ബോണ്ട് കേസിൽ പറയേണ്ടത് കോടതിയിൽ പറഞ്ഞുകൊള്ളും. പത്മജ വേണുഗോപാൽ എവിടെയല്ലാം പ്രചാരണം നടത്തണമെന്ന് ഞങ്ങൾ തീരുമാനിക്കും .സുരേഷ് ഗോപി പ്രചാരണത്തിൽ ആളുകൾ കുറവെന്നല്ല പറഞ്ഞതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.