ETV Bharat / sports

'യശസ്സുയർത്തി ജയ്‌സ്വാൾ', ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് സ്വന്തമാക്കി ഇന്ത്യൻ യുവതാരം

author img

By ETV Bharat Kerala Team

Published : Mar 12, 2024, 5:13 PM IST

ICC Player of Month Award  India vs England Test  Kane Williamson  Pathum Nissanka
Yashasvi Jaiswal wins ICC Player of Month Award for February 2024

ഇംഗ്ലണ്ടിനെതിരെ അടുത്തിടെ അവസാനിച്ച അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യയ്‌ക്കായി റണ്ണടിച്ച് കൂട്ടാന്‍ യശസ്വിയ്‌ക്ക് കഴിഞ്ഞിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്നും 712 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

ദുബായ്‌: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ യുവ താരം യശസ്വി ജയ്‌സ്വാളിനെത്തേടി ഐസിസി പുരസ്‌കാരം. 2024 ഫെബ്രുവരിയിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് (ICC Men's Player of the Month Award for February 2024) ആണ് യശസ്വിയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ന്യൂസിലൻഡിന്‍റെ സ്റ്റാർ ബാറ്റർ കെയ്ൻ വില്യംസൺ (Kane Williamson), ശ്രീലങ്കൻ ഓപ്പണർ പാത്തും നിസ്സാങ്ക (Pathum Nissanka) എന്നിവരെ പിന്തള്ളിയാണ് 22-കാരന്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.

ഐസിസി അവാർഡ് ലഭിച്ചതില്‍ താൻ ഏറെ സന്തുഷ്‌ടനാണെന്ന് യശസ്വി ജയ്‌സ്‌വാള്‍ പ്രതികരിച്ചു. "ഭാവിയിൽ കൂടുതല്‍ അവാര്‍ഡുകള്‍ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ടിനെതിരെ നടന്നത് ഏറ്റവും മികച്ച പരമ്പരകളിലൊന്നാണ്. എന്‍റെ ആദ്യ അഞ്ച് മത്സര പരമ്പര കൂടി ആയിരുന്നുവിത്. അതു ഞാന്‍ ശരിക്കും ആസ്വദിച്ചു. പരമ്പര ഞങ്ങള്‍ 4-1ന് വിജയിച്ചു. എന്‍റെ ടീമംഗങ്ങള്‍ക്കൊപ്പമുള്ള അവിശ്വസനീയമായ അനുഭവമായിരുന്നുവിത്" ഇന്ത്യയുടെ യുവ ഓപ്പണര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയാക്കായി (India vs England Test) വമ്പന്‍ റണ്‍വേട്ടയായിരുന്നു യശസ്വി നടത്തിയത്. ഇതിന്‍റെ മികവില്‍ താരം സ്വന്തമാക്കിയ റെക്കോഡുകളും നിരവധിയാണ്. അഞ്ച് ടെസ്റ്റുകളില്‍ നിന്നും രണ്ട് ഇരട്ട സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 712 റണ്‍സായിരുന്നു യശസ്വി അടിച്ചെടുത്തത്.

ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്ററാണ് യശസ്വി. വിരാട് കോലിയെ മറികടന്നായിരുന്നു താരത്തിന്‍റെ നേട്ടം. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിലും രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സിലുമായിരുന്നു താരത്തിന്‍റെ ഇരട്ട സെഞ്ചുറി നേട്ടം.

ഇതോടെ ടെസ്റ്റില്‍ രണ്ട് ഇരട്ട സെഞ്ചുറികള്‍ കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായും യശസ്വി ജയ്‌സ്വാള്‍ മാറി. മുന്നിലുള്ള താരങ്ങള്‍ സർ ഡൊണാൾഡ് ബ്രാഡ്മാനും ( Sir Donald Bradman) വിനോദ് കാംബ്ലിയുമാണ്(Vinod Kambli). വിനോദ് കാംബ്ലിക്കും വിരാട് കോലിക്കും (Virat Kohli) ശേഷം ടെസ്റ്റില്‍ തുടര്‍ച്ചായി ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റര്‍ കുടിയാണ് യശസ്വി ജയ്‌സ്വാള്‍.

ALSO READ: റിങ്കുവിന്‍റെ സിക്‌സ് കുട്ടിക്രിക്കറ്ററുടെ തലയില്‍; പിന്നെ മാപ്പ് പറച്ചിലും സമ്മാനവും- വീഡിയോ

അതേസമയം ഐപിഎല്ലിലൂടെയാണ് താരം ഇനി കളത്തിലേക്ക് എത്തുക. മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ പിന്നാലെ അരങ്ങേറുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനിലും താരമുണ്ടാവുമെന്ന് ഉറപ്പാണ്. ഐപിഎല്ലില്‍ മലയാളി താരം സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമാണ് യശസ്വി.

മാര്‍ച്ച് 22-നാണ് ഐപിഎല്‍ തുടങ്ങുന്നത്. മാര്‍ച്ച് 24-ന് സ്വന്തം തട്ടകമായ ജയ്‌പൂരില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെയാണ് രാജസ്ഥാന്‍ റോയല്‍സ് ആദ്യ മത്സരം കളിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.