ETV Bharat / sports

'ഇന്ത നടൈ പോതുമാ, ഇന്നും കൊഞ്ചം വേണുമാ' ; കിടുക്കാച്ചി ഡാന്‍സുമായി വിരാട് കോലി - Virat Kohli

author img

By ETV Bharat Kerala Team

Published : Mar 23, 2024, 5:16 PM IST

VIRAT KOHLI VIRAL VIDEO  CSK VS RCB  IPL 2024
Virat Kohli danced to Appadi Podu song during CSK vs RCB match

ഐപിഎല്‍ ഓപ്പണറിനിടെ മൈതാനത്ത് തകര്‍പ്പന്‍ ഡാന്‍സുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ സൂപ്പര്‍ താരം വിരാട് കോലി

ചെന്നൈ : കളിക്കളത്തില്‍ എപ്പോഴും സൂപ്പര്‍ എന്‍റര്‍ടെയ്‌നറാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ (Royal Challengers Bengaluru) സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli). ക്രിക്കറ്റ് കഴിവിന് അപ്പുറം ഡാന്‍സും അഭിനനയവും എല്ലാം തനിക്ക് വഴങ്ങുമെന്ന് പലകുറി താരം കളിക്കളത്തില്‍ വച്ചുതന്നെ ആരാധകര്‍ക്ക് മുന്നില്‍ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഐപിഎല്‍ (IPL 2024) 17-ാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് (Chennai super kings) എതിരായ മത്സരത്തില്‍ ഫീല്‍ഡ്‌ ചെയ്യവെ ഒരു തകര്‍പ്പന്‍ ഡാന്‍സ്‌ പെര്‍ഫോമന്‍സ് നടത്തി ആരാധകരുടെ കയ്യടി വാങ്ങിയിരിക്കുകയാണ് ആര്‍സിബിയുടെ വെറ്ററന്‍ താരം.

തമിഴിലെ സൂപ്പര്‍ ഹിറ്റ്‌ ഗാനമായ 'ഇന്ത നടൈ പോതുമാ, ഇന്നും കൊഞ്ചം വേണുമാ' എന്ന പാട്ടിനാണ് വിരാട് കോലി ചുവടുവച്ചത്. 35-കാരന്‍റെ കിടുക്കാച്ചി ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡാന്‍സുമായി ആരാധകരെ കയ്യിലെടുത്തുവെങ്കിലും മത്സരത്തില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ കോലിയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബിക്കായി ഓപ്പണിങ്ങിന് എത്തിയ താരത്തിന് 20 പന്തുകളില്‍ ഒരു സിക്‌സ് സഹിതം 21 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

മുസ്‌തഫിസുർ റഹ്മാന്‍റെ പന്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ രചിന്‍ രവീന്ദ്രയാണ് കോലിയെ കയ്യില്‍ ഒതുക്കിയത്. ഐപിഎല്ലിന് പിന്നാലെ ജൂണില്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ടൂര്‍ണമെന്‍റില്‍ കോലിയുടെ പ്രകടനം ഏറെ വിലയിരുത്തപ്പെടും. നിലയുറപ്പിച്ച ശേഷം ആക്രമിക്കുന്ന കോലിയുടെ ശൈലി ടി20 ലോകകപ്പ് നടക്കുന്ന അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും സ്ലോ പിച്ചുകള്‍ക്ക് അനുയോജ്യമല്ലെന്നും ഇക്കാരണത്താല്‍ ഇന്ത്യന്‍ ടീമില്‍ താരത്തിന് ഇടം ലഭിച്ചേക്കില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടു നിന്ന താരം ചെറിയ ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ക്രിക്കറ്റില്‍ വീണ്ടും സജീവമാകുന്നത്. കോലിയുടെ ഫോമില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ആരാധകരും വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നുണ്ട്.

അതേസമയം മത്സരത്തില്‍ ചെന്നൈക്കെതിരെ തോല്‍വിയോടെ തുടങ്ങാനായിരുന്നു ആര്‍സിബിയുടെ വിധി. സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരം ആറ് വിക്കറ്റുകള്‍ക്കായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സായിരുന്നു നേടിയത്. 25 പന്തില്‍ 48 റണ്‍സ് നേടിയ അനുജ് റാവത്ത്, 26 പന്തില്‍ 38* റണ്‍സടിച്ച ദിനേശ് കാര്‍ത്തിക്, 23 പന്തില്‍ 35 റണ്‍സ് കണ്ടെത്തിയ ക്യാപ്റ്റന്‍ ഫാഫ്‌ ഡുപ്ലെസിസ് എന്നിവരാണ് തിളങ്ങിയത്.

ALSO READ: 'ആ റുതുരാജിന്‍റെ മുഖമൊന്ന് കാണിക്ക് ധോണിയല്ല, അയാളാണ് ക്യാപ്റ്റന്‍' - IPL 2024

കോലിയുടേതുള്‍പ്പടെ നാല് വിക്കറ്റ് വീഴ്‌ത്തിയ മുസ്‌തഫിസുര്‍ റഹ്മാനാണ് ആര്‍സിബിയെ പിടിച്ചുകെട്ടിയത്. മറുപടിക്ക് ഇറങ്ങിയ ചെന്നൈ എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലേക്ക് എത്തി. 28 പന്തില്‍ പുറത്താവാതെ 34 റണ്‍സ് നേടിയ ശിവം ദുംബൈയും 17 പന്തില്‍ പുറത്താവാതെ 25 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ടീമിന്‍റെ വിജയം ഉറപ്പിച്ചത്. രചിന്‍ രവീന്ദ്ര (15 പന്തില്‍ 37), അജിങ്ക്യ രഹാനെ (19 പന്തില്‍ 27), എന്നിവരും കാര്യമായ സംഭാവന നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.