ETV Bharat / sports

'ദേ പിന്നേം' ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ സെമിയില്‍ വീണു; കൗമാര ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-ഓസീസ് പോരാട്ടം

author img

By ETV Bharat Kerala Team

Published : Feb 9, 2024, 6:52 AM IST

U19 Cricket World Cup  Australia U19 vs Pakistan U19  U19 World Cup Final  അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യ ഓസ്‌ട്രേലിയ
U19 Cricket World Cup 2024

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ പാകിസ്ഥാന്‍ ടീമിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയന്‍ കൗമാരപ്പട ഫൈനലില്‍.

ബെനോനി : അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് (U19 World Cup 2024) ഫൈനലിലും ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം. കൗമാരപ്പടയുടെ പോരില്‍ പാകിസ്ഥാനെ വീഴ്‌ത്തിയാണ് കങ്കാരുപ്പട ഫൈനലിന് യോഗ്യത നേടിയത്. അവസാന ഓവറിലേക്ക് ആവേശം നീണ്ട മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു ഓസീസ് കൗമാരപ്പടയുടെ വിജയം (Australia U19 vs Pakistan U19 Result).

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ യുവനിര 48.5 ഓവറില്‍ 179 റണ്‍സില്‍ കൂടാരം കയറി. മറുപടി ബാറ്റിങ്ങില്‍ അവസാന ഓവറിലെ ആദ്യ പന്ത് വരെയാണ് ഓസീസിന് ജയത്തിനായി കാത്തിരിക്കേണ്ടി വന്നത്. മധ്യനിരയുടെ തകര്‍ച്ചയാണ് ഓസ്‌ട്രേലിയക്ക് മത്സരത്തില്‍ ജയം വൈകിപ്പിച്ചത്.

180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കരുതലോടെയാണ് ഓസ്‌ട്രേലിയന്‍ ടീം ബാറ്റ് വീശിയത്. സാം കോൻസ്റ്റസിനും ഹാരി ഡിക്‌സണും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 10.1 ഓവറില്‍ 33 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. കോൻസ്റ്റസിനെ (14) മടക്കി അലി റാസയാണ് ഓസ്‌ട്രേലിയക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

നായകന്‍ ഹ്യൂഗ് വെയ്‌ബ്‌ഗെൻ അതിവേഗം മടങ്ങി. നാല് റണ്‍സ് മാത്രമായിരുന്നു ഓസീസ് ക്യാപ്‌റ്റന്‍റെ സമ്പാദ്യം. ഹര്‍ജാസ് സിങ് (5), റായൻ ഹിക്‌സ് (0) എന്നിവര്‍ അടുത്തടുത്ത ഓവറുകളില്‍ വീണതോടെ ഓസ്‌ട്രേലിയ സമ്മര്‍ദത്തിലായി. പിന്നീടെത്തിയ ഒല്ലീ പീക്ക് ഡിക്‌സണെ കൂട്ടുപിടിച്ച് ഓസീസ് സ്കോര്‍ ഉയര്‍ത്തി.

43 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേത്തത്. 75 പന്തില്‍ 50 റണ്‍സ് നേടിയ ഡിക്‌സണ്‍ മത്സരത്തിന്‍റെ 27-ാം ഓവറിലെ മൂന്നാം പന്തില്‍ പുറത്താകുമ്പോള്‍ 102-5 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയന്‍ കൗമാരപ്പട. ആറാം നമ്പറില്‍ ക്രീസിലെത്തിയ എഡ്വേര്‍ഡ് കാംപ്ബെല്ലും ഭേദപ്പെട്ട പ്രകടനം നടത്തി.

പിന്നീട്, 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച ഒല്ലീ പീക്കിനെയും (49) കാംപ്‌ബെല്ലിനെയും (25) മടക്കി പാക് പട ഓസീസിനെ പ്രതിരോധത്തിലാക്കി. 46-ാം ഓവറില്‍ അലി റാസയുടെ ഇരട്ടപ്രഹരം. ഇതോടെ, 164-9 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ വീണു.

എന്നാല്‍, എട്ടാം നമ്പറില്‍ ക്രീസിലെത്തിയ റാഫ് മാക്‌മില്ലന്‍റെ വീരോചിത ചെറുത്ത് നില്‍പ്പാണ് ഓസ്‌ട്രേലിയക്ക് ജയമൊരുക്കിയത്. 29 പന്തില്‍ 19 റണ്‍സടിച്ച് താരം പുറത്താകാതെ നിന്നു. പതിനൊന്നാമന്‍ കാളം വിഡ്‌ലര്‍ 9 പന്തില്‍ 2 റണ്‍സ് നേടി. പാകിസ്ഥാന്‍ നിരയില്‍ നാല് വിക്കറ്റ് നേടിയ അലി റാസയായിരുന്നു കൂടുതല്‍ അപകടകാരി.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ അണ്ടര്‍ 19 ടീമീന് അസാന്‍ അവൈസ്, അറഫത് മിൻഹാസ് എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. 6 വിക്കറ്റ് വീഴ്‌ത്തിയ ടോം സ്ട്രാക്കറായിരുന്നു പാക് നിരയെ തകര്‍ത്തത്.

Also Read : 'ഉദയ്‌ നിങ്ങളൊരു നായകൻ മാത്രമല്ല, ക്രിക്കറ്റ് നല്‍കുന്ന സ്‌നേഹം കൂടിയാണ്'...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.