ETV Bharat / sports

'അരങ്ങേറ്റം കളറായി, ഇനി ചെയ്യേണ്ടത് ഇതാണ്' ; സര്‍ഫറാസിനോട് ഗാംഗുലി

author img

By ETV Bharat Kerala Team

Published : Feb 20, 2024, 1:46 PM IST

Updated : Feb 20, 2024, 5:36 PM IST

Sourav Ganguly  Sarfaraz Khan  Yashasvi Jaiswal  സൗരവ് ഗാംഗുലി  സര്‍ഫറാസ് ഖാന്‍
Former India skipper Sourav Ganguly has praised Sarfaraz Khan and Yashasvi Jaiswal

സര്‍ഫറാസ് ഖാന്‍ വളര്‍ന്നുവരുന്ന ക്രിക്കറ്റര്‍മാര്‍ക്ക് മാതൃകയെന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി.

മുംബൈ: ഇന്ത്യന്‍ ടീമിലേക്ക് ഏറെ വൈകിയാണ് സര്‍ഫറാസ് ഖാന് (Sarfaraz Khan) വിളിയെത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ റണ്‍സ് അടിച്ചിട്ടും നേരത്തെ സര്‍ഫറാസിനെ നിരന്തരം തഴയുന്ന സമീപനമായിരുന്നു സെലക്‌ടര്‍മാര്‍ സ്വീകരിച്ചത്. ഇതില്‍ പലകോണുകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും സെലക്‌ടര്‍മാര്‍ തങ്ങളുടെ പതിവ് ആവര്‍ത്തിച്ചു.

ഒടുവില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലൂടെ (India vs England 3rd Test) ഇന്ത്യയ്‌ക്കായി അരങ്ങേറാന്‍ 26-കാരനായ സര്‍ഫറാസിന് കഴിഞ്ഞു. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി അര്‍ധ സെഞ്ചുറിയുമായാണ് തിളങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ 66 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 62 റണ്‍സായിരുന്നു താരം നേടിയത്.

രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായാണ് സര്‍ഫറാസിന് തിരികെ മടങ്ങേണ്ടി വന്നത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ താരം അപരാജിതനായി നിന്നു. 72 പന്തുകളില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 68 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

ഇപ്പോഴിതാ സര്‍ഫറാസിന്‍റെ മികവിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകൻ സൗരവ് ഗാംഗുലി (Sourav Ganguly). സര്‍ഫറാസ് വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് മാതൃകയാണെന്നാണ് ഗാംഗുലി പറയുന്നത്. വിദേശത്ത് റണ്‍സ് നേടുകയാണ് ഇനി താരം ചെയ്യേണ്ടതെന്നും ബിസിസിഐയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്ന ഗാംഗുലി പറഞ്ഞു.

"ഇന്ത്യയ്‌ക്കായുള്ള തന്‍റെ അരങ്ങേറ്റം മികച്ചതാക്കാന്‍ സര്‍ഫറാസിന് കഴിഞ്ഞു. ഇനി വിദേശ മണ്ണില്‍ റണ്‍സ് നേടുക എന്നതാണ് അവന്‍ ചെയ്യേണ്ടത്. വളര്‍ന്ന് വരുന്ന ക്രിക്കറ്റര്‍മാര്‍ക്ക് മികച്ചൊരു മാതൃകയാണ് സര്‍ഫറാസ്. അവര്‍ ഓര്‍മ്മിക്കേണ്ട കാര്യം എന്തെന്നാല്‍, സ്ഥിരതയോടെ റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍, അവസരങ്ങൾ ലഭിക്കും എന്നതാണ്" സൗരവ് ഗാംഗുലി വ്യക്തമാക്കി.

യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വളിനേയും 51-കാരന്‍ പ്രശംസിച്ചു. യശസ്വി ജയ്‌സ്വാൾ (Yashasvi Jaiswal) മികച്ചൊരു താരം മാത്രമല്ല, ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലും തിളങ്ങാനുള്ള കഴിവും അവനുണ്ടെന്നാണ് ഗാംഗുലിയുടെ വാക്കുകള്‍. രാജ്‌കോട്ടില്‍ അപരാജിത ഇരട്ട സെഞ്ചുറി നേടിയായിരുന്നു യശസ്വി തിളങ്ങിയത്. 236 പന്തുകളില്‍ 14 ബൗണ്ടറികളും 12 സിക്‌സറുകളും സഹിതം പുറത്താവാതെ 214 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. പരമ്പരയില്‍ താരത്തിന്‍റെ രണ്ടാം ഇരട്ട സെഞ്ചുറിയാണിത്.

ALSO READ: സെല്‍ഫ്‌ലെസ് സർഫറാസ്...കന്നി ടെസ്റ്റില്‍ ബാറ്റ് കൊണ്ടും സ്‌നേഹം കൊണ്ടും ആരാധകരുടെ ഹൃദയം കവർന്ന് താരം

അതേസമയം രാജ്‌കോട്ടില്‍ 434 റണ്‍സിന്‍റെ റെക്കോഡ് വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. രണ്ടാം ഇന്നിങ്‌സിന് ശേഷം ഇന്ത്യ ഉയര്‍ത്തിയ 557 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 122 റണ്‍സില്‍ പുറത്താവുകയായിരുന്നു. റണ്‍സ് അടിസ്ഥാനത്തില്‍ രാജ്‌കോട്ടിലേത് ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ്.

Last Updated :Feb 20, 2024, 5:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.