ETV Bharat / sports

'സിഎഎ നടപ്പാക്കാന്‍ അനുവദിക്കില്ല, ഇത് കേരളമാണ്' ; ഐഎസ്‌എല്‍ വേദിയില്‍ എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രതിഷേധം

author img

By ETV Bharat Kerala Team

Published : Mar 14, 2024, 10:03 AM IST

CAA Protest Citizenship Amendment Act  SFI DYFI Protest Against CAA  Protest Against CAA In ISL  Kerala Blasters vs Mohun Bagan SFI DYFI protest against CAA during ISL match between Kerala Blasters and Mohun Bagan
SFI DYFI Protest Against CAA

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ മത്സരത്തിനിടെ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിനെതിരെ എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും പ്രതിഷേധം.

എറണാകുളം : ഇന്ത്യൻ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിനെതിരെ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രതിഷേധം (Protest Against CAA in ISL). എസ്‌എഫ്‌ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ നേതൃത്വത്തില്‍ ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം (SFI and DYFI Banner Against CAA In ISL Match at Kochi). ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ മത്സരത്തിനിടെയാണ് ഇടത് സംഘടനകള്‍ സിഎഎയ്‌ക്കെതിരെ ബാനര്‍ ഉയര്‍ത്തിയത് (Kerala Blasters vs Mohun Bagan).

കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ രാജ്യവ്യാപകമായി തന്നെ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ നേതൃത്വത്തിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് വിദ്യാര്‍ഥി സംഘടനയായ എസ്‌എഫ്ഐയും യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലും പ്രതിഷേധ ബാനറുകള്‍ ഉയര്‍ത്തിയത്.

സിഎഎ നടപ്പിലാക്കാൻ അനുവദിക്കില്ല, ഇത് കേരളമാണ് എന്നായിരുന്നു കലൂര്‍ സ്റ്റേഡിയത്തില്‍ ഡിവൈഎഫ്‌ഐ ഉയര്‍ത്തിയ ബാനര്‍. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ഐക്യത്തോടെ മുന്നേറും. സെക്യുലര്‍ ഇന്ത്യയെ നയിക്കുന്നത് കേരളമാണ് എന്നായിരുന്നു എസ്‌എഫ്‌ഐ ബാനറില്‍.

Also Read : വിദ്യാര്‍ത്ഥി സംഘടനകളെ അണിനിരത്തും; സിഎഎക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ എൻഇഎസ്ഒ

അതേസമയം, ഇന്നലെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയിരുന്നു. 3-4 എന്ന സ്കോറിനായിരുന്നു മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ തോല്‍വി. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ഏഴാമത്തെ തോല്‍വിയായിരുന്നു ഇത്.

മത്സരത്തില്‍ അര്‍മാന്‍ഡോ സാദികു ബഗാനായി രണ്ട് ഗോളുകള്‍ നേടി. നാലാം മിനിറ്റില്‍ അര്‍മാന്‍ഡോയുടെ ഗോളിലൂടെയാണ് സന്ദര്‍ശകരായ മോഹൻ ബഗാൻ ആദ്യം മുന്നിലെത്തിയത്. 54-ാം മിനിറ്റില്‍ വിപിൻ മോഹനൻ ബ്ലാസ്റ്റേഴ്‌സിന് സമനില ഗോള്‍ സമ്മാനിച്ചു. എന്നാല്‍, 60-ാം മിനിറ്റില്‍ അര്‍മാന്‍ഡോ സാദികു വീണ്ടും ബഗാന്‍റെ രക്ഷകനായി.

63-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമെന്‍റക്കോസ് ബ്ലാസ്റ്റേഴ്‌സിനെ മോഹൻ ബഗാനൊപ്പം എത്തിച്ചു. അഞ്ച് മിനിറ്റിന് ശേഷം ബഗാൻ വീണ്ടും ലീഡ് എടുത്തു. ദീപക് ടാംഗ്രിയാണ് ബഗാന്‍റെ മൂന്നാം ഗോള്‍ നേടിയത്.

ഇഞ്ചുറി ടൈമില്‍ ജേസൺ കമ്മിങ്‌സിലൂടെ മോഹൻ ബഗാൻ നാലാം ഗോള്‍ സ്വന്തമാക്കി. പിന്നാലെ, ഡയമെന്‍റക്കോസ് മൂന്നാം ഗോള്‍ സമ്മാനിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ജയം നേടാൻ സാധിക്കാതെ പോവുകയായിരുന്നു. തോല്‍വി വഴങ്ങിയെങ്കിലും പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.