ETV Bharat / sports

അതാണ് വിരമിക്കാനുള്ള സമയം; മനസ് തുറന്ന് രോഹിത്

author img

By ETV Bharat Kerala Team

Published : Mar 9, 2024, 5:58 PM IST

Rohit Sharma  രോഹിത് ശര്‍മ  ദിനേശ് കാര്‍ത്തിക്  Dinesh Karthik
Rohit Sharma reveals retirement plan

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ താന്‍ കളിക്കുന്നത് മികച്ച ക്രിക്കറ്റാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര (India vs England Test) വിജയത്തിലേക്ക് ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കഴിഞ്ഞിരുന്നു. അഞ്ച് മത്സര പരമ്പര 4-1നാണ് പിടിച്ചത്. ഇതിന് പിന്നാലെ തന്‍റെ വിരമിക്കല്‍ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

വേണ്ടത്ര നന്നായി കളിക്കുന്നില്ലെന്ന് തോന്നിയാൽ കളിക്കളം വിടുമെന്നാണ് 36-കാരനായ രോഹിത് ശര്‍മ പറയുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ തന്‍റെ ഏറ്റവും മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്നും രോഹിത് പറഞ്ഞു.

"ഒരു ദിവസം ഉണരുമ്പോള്‍ വേണ്ടത്ര മികച്ച രീതിയില്‍ കളിക്കാനാവില്ലെന്ന് തോന്നിയാല്‍, ഇനിയും ക്രിക്കറ്റ് കളിക്കുന്നതിനായി വേണ്ടത്ര മികച്ച രീതിയിലല്ല ഞാനുള്ളതെന്ന് തോന്നിയാല്‍, തീര്‍ച്ചയായും അക്കാര്യം ഞാന്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയും അവരെ അറിയിക്കുകയും ചെയ്യും.

സത്യസന്ധമായി പറയുകയാണെങ്കില്‍, കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി എന്‍റെ ക്രിക്കറ്റ് ഉയര്‍ച്ചയിലാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്" രോഹിത് പറഞ്ഞു. ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് (India vs England 5th Test) ശേഷമുള്ള അവതരണ ചടങ്ങില്‍ അവതാരകനായ ദിനേശ് കാര്‍ത്തികായിരുന്നു (Dinesh Karthik) രോഹിത്തിനോട് വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്.

മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 69 റണ്‍സിനും ജയം പിടിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനെ 218 റണ്‍സില്‍ ഒതുക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞിരുന്നു. 79 റണ്‍സ് നേടിയ സാക്ക് ക്രവ്‌ലിയായിരുന്നു ടോപ്‌ സ്‌കോറര്‍. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവും നാല് വിക്കറ്റുമായി ആര്‍ അശ്വിനുമായിരുന്നു സന്ദര്‍ശകരെ പിടിച്ച് കെട്ടിയത്.

മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 477 റണ്‍സാണ് അടിച്ച് കൂട്ടിയത്. രോഹിത് ശര്‍മ്മ (103), ശുഭ്‌മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നെടുന്തൂണായത്. യശസ്വി ജയ്സ്വാള്‍ (57), ദേവ്ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവരുടെ അര്‍ധ സെഞ്ചുറികളും നിര്‍ണായകമായി.

ആദ്യ ഇന്നിങ്‌സില്‍ 259 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ സന്ദര്‍ശകര്‍ 195 റണ്‍സില്‍ ഓള്‍ഔട്ടായി. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇംഗ്ലണ്ടിന് തുടര്‍ന്നുള്ള നാല് ടെസ്റ്റുകളും പിടിച്ചായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ മറുപടി.

ALSO READ: ടെസ്റ്റിനിറങ്ങുന്നവര്‍ക്ക് വമ്പന്‍ ചാകര; കാത്തിരിക്കുന്നത് ലക്ഷങ്ങള്‍, പദ്ധതി പ്രഖ്യാപിച്ച് ബിസിസിഐ

അതേസമയം അടുത്ത ടി20 ലോകകപ്പിലാണ് (T20 World Cup 2024) രോഹിത് ഇനി ഇന്ത്യയെ നയിക്കുക. ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമാണ് ടൂര്‍ണമെന്‍റ് നടക്കുക. കഴിഞ്ഞ ഏകദിന ലോകകപ്പിന്‍റെ ഫൈനലിലേക്ക് നീലപ്പടയെ നയിച്ച നായകനാണ് രോഹിത്. ഇത്തവണ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് കിരീടം നേടിത്തരാന്‍ രോഹിത്തിന് കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.