ETV Bharat / sports

രോഹിത് ശര്‍മയെ കാണാനില്ല, ടീമിന്‍റെ ചുമതല ജസ്‌പ്രീത് ബുംറയ്‌ക്ക്; കാരണം വ്യക്തമാക്കി ബിസിസിഐ

author img

By ETV Bharat Kerala Team

Published : Mar 9, 2024, 11:42 AM IST

India vs England Rohit Sharma  Rohit Sharma Injury  രോഹിത് ശര്‍മ പരിക്ക്  ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് Rohit Sharma Out Of Action On Day 3 at Dharamshala Test
Etv Bharat

പുറം വേദനയെ തുടര്‍ന്ന് രോഹിത് ശര്‍മ ധര്‍മ്മശാല ടെസ്റ്റിന്‍റെ മൂന്നാം ദിനം കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്.

ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ (India vs England 5th Test) ഇന്ത്യയ്‌ക്ക് ആശങ്കയായി നായകൻ രോഹിത് ശര്‍മയുടെ പരിക്ക് (Rohit Sharma Injury). പുറംവേദനയെ തുടര്‍ന്ന് ധര്‍മ്മശാലയില്‍ പുരോഗമിക്കുന്ന മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ഇന്ത്യയ്‌ക്കായി ഫീല്‍ഡ് ചെയ്യാൻ രോഹിത് ശര്‍മ ഇറങ്ങിയിട്ടില്ല. രോഹിതിന്‍റെ അഭാവത്തില്‍ വൈസ് ക്യാപ്‌റ്റൻ ജസ്‌പ്രീത് ബുംറയ്ക്കാണ് (Jasprit Bumrah) ടീമിന്‍റെ ചുമതല.

രോഹിത് ശര്‍മയ്‌ക്ക് ഇന്നത്തെ ദിവസം പൂര്‍ണമായും നഷ്‌ടമായേക്കുമെന്നാണ് സൂചന. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇത് ആദ്യമായാണ് രോഹിതിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് കളത്തിന് പുറത്തിരിക്കേണ്ടി വരുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിന്‍റെ ചുമതലയുമായി എത്തിയ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യയ്‌ക്കായി ബൗളിങ് ഓപ്പണ്‍ ചെയ്‌തത്. ഓഫ്‌ സ്പിന്നര്‍ രവിചന്ദ്രൻ അശ്വിനെ ആയിരുന്നു മറുവശത്ത് ബുംറ ന്യൂബോള്‍ എറിയാനായി പന്ത് ഏല്‍പ്പിച്ചത്. ബുംറയുടെ ഈ തീരുമാനം ശരിവയ്‌ക്കുന്ന തരത്തില്‍ പന്തെറിയാൻ അശ്വിനും സാധിച്ചു.

മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ആദ്യ സെഷന് ലഞ്ചിന് പിരിയുമ്പോള്‍ 103-5 എന്ന നിലയിലാണ് ഇംഗ്ലണ്ട്. രവിചന്ദ്രൻ അശ്വിൻ നാല് വിക്കറ്റാണ് ആദ്യ സെഷനില്‍ ഇന്ത്യയ്ക്കായി നേടിയത്. കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.

ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാം മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 477 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ 218 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ 259 റണ്‍സിന്‍റെ ലീഡാണ് നേടിയത്. സെഞ്ച്വറി നേടിയ നായകൻ രോഹിത് ശര്‍മ, ശുഭ്‌മാൻ ഗില്‍ അര്‍ധസെഞ്ച്വറിയടിച്ച യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാൻ (56) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്സില്‍ മികച്ച ലീഡ് സമ്മാനിച്ചത്.

ടോസ് നേടിയ ഇംഗ്ലണ്ട് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. സാക്ക് ക്രാവ്‌ലിയുടെ അര്‍ധസെഞ്ച്വറി മാത്രമാണ് ആദ്യ ഇന്നിങ്‌സില്‍ അവര്‍ക്ക് എടുത്തുപറയാനുള്ള കാര്യം. കുല്‍ദീപ് യാദവിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ഇന്ത്യയ്‌ക്ക് ആദ്യ ഇന്നിങ്‌സില്‍ തുണയായത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്‌ക്കായി രോഹിതും ജയ്‌സ്വാളും മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇരുവരും 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 57 റണ്‍സ് നേടിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്.

രോഹിത് ശര്‍മ 162 പന്തില്‍ 103 റണ്‍സ് നേടി. മൂന്നാം നമ്പറിലെത്തിയ ഗില്‍ 110 റണ്‍സ് സ്കോര്‍ ചെയ്‌താണ് പുറത്തായത്. ഇരുവരും ചേര്‍ന്ന് ഇന്ത്യൻ ഇന്നിങ്‌സിന്‍റെ രണ്ടാം വിക്കറ്റില്‍ 171 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്‌സില്‍ നിര്‍ണായകമായതും.

Also Read : ഇതിഹാസം...! ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ്, ചരിത്രനേട്ടം സ്വന്തമാക്കി ജെയിംസ് ആന്‍ഡേഴ്‌സണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.