ETV Bharat / sports

'അടിവാരം' കടക്കാൻ; ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിങ്‌സ് മുംബൈ ഇന്ത്യൻസ് പോരാട്ടം - PBKS vs MI Match Preview

author img

By ETV Bharat Kerala Team

Published : Apr 18, 2024, 11:15 AM IST

IPL 2024  PUNJAB KINGS  MUMBAI INDIANS  രോഹിത് ശര്‍മ
PBKS VS MI MATCH PREVIEW

ഐപിഎല്‍ പതിനേഴാം പതിപ്പിലെ 33-ാം മത്സരത്തില്‍ പഞ്ചാബ് മുംബൈ ഇന്ത്യൻസിനെ നേരിടും.

മൊഹാലി: ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിങ്‌സ് - മുംബൈ ഇന്ത്യൻസ് പോരാട്ടം. പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മുല്ലാൻപൂരില്‍ രാത്രി ഏഴരയ്‌ക്കാണ് കളി തുടങ്ങുക. തോല്‍വികളില്‍ നിന്നും മോചനം തേടിയാണ് ഇരു ടീമിന്‍റെയും വരവ്.

പോയിന്‍റ് പട്ടികയില്‍ എട്ട്, ഒൻപത് സ്ഥാനങ്ങളിലാണ് പഞ്ചാബിന്‍റെയും മുംബൈയുടെയും സ്ഥാനം. അവസാന മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനോട് അവസാന പന്ത് വരെ പൊരുതി തോല്‍വി വഴങ്ങിയാണ് പഞ്ചാബ് വരുന്നത്. മറുവശത്ത്, ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് 20 റണ്‍സിനായിരുന്നു മുംബൈ കഴിഞ്ഞ കളിയില്‍ പരാജയപ്പെട്ടത്.

മുംബൈയുടെ ബാറ്റര്‍മാരും പഞ്ചാബിന്‍റെ ബൗളര്‍മാരും തമ്മിലാകും ഇന്ന് പോരാട്ടം. രോഹിത് ശര്‍മയും ഇഷാൻ കിഷനും ചേര്‍ന്ന് നല്‍കുന്ന തുടക്കമാണ് മുംബൈയുടെ കരുത്ത്. ആറ് മത്സരങ്ങളില്‍ നാല് പ്രാവശ്യമാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ 50ല്‍ അധികം റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. അതില്‍ ഒരു തവണ കൂട്ടുകെട്ട് 100 റണ്‍സും കടന്നിരുന്നു.

പിന്നാലെ എത്തുന്ന സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരും വമ്പനടിക്ക് പേരുകേട്ടവര്‍. ഇവരില്‍, ആരെങ്കിലും ഒരാള്‍ ക്രീസില്‍ നിലയുറപ്പിച്ചാല്‍ പോലും പഞ്ചാബിന് ബൗളിങ്ങില്‍ വെള്ളം കുടിക്കേണ്ടി വരും. മുംബൈ ഇന്ത്യൻസിനെ അപേക്ഷിച്ച് അത്ര ശക്തമല്ല പഞ്ചാബ് കിങ്‌സിന്‍റെ ബാറ്റിങ് നിര.

ടീമിന്‍റെ ടോപ് സ്കോററായ ക്യാപ്‌റ്റൻ ശിഖര്‍ ധവാന് ഇന്നത്തെ മത്സരവും നഷ്‌ടമാകാനാണ് സാധ്യത. ധവാന്‍റെ അഭാവത്തില്‍ സാം കറനാകും ടീമിനെ നയിക്കുക. ശശാങ്ക് സിങ്, അഷുതോഷ് ശര്‍മ എന്നിവരിലാണ് ടീമിന്‍റെ ബാറ്റിങ് പ്രതീക്ഷകള്‍. ജോണി ബെയര്‍സ്റ്റോയുടെ മോശം ഫോമും ടീമിന് കനത്ത തിരിച്ചടിയാണ്.

ജസ്‌പ്രീത് ബുംറയാണ് ബൗളിങ്ങില്‍ മുംബൈ ഇന്ത്യൻസിന്‍റെ കുന്തമുന. ആറ് മത്സരങ്ങളില്‍ 10 വിക്കറ്റുമായി സീസണിലെ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനാണ് ബുംറയിപ്പോള്‍. പേസര്‍ ജെറാള്‍ഡ് കോട്‌സിയും താരത്തിന് മികച്ച പിന്തുണ നല്‍കുന്നുണ്ട്. മറുവശത്ത്, കഗിസോ റബാഡ അര്‍ഷ്ദീപ് സിങ് സഖ്യത്തിന്‍റെ പ്രകടനങ്ങളിലാണ് പഞ്ചാബിന്‍റെ പ്രതീക്ഷകള്‍.

Also Read : ടൈറ്റൻസിനെതിരായ 'സിംപിള്‍' ജയം, പോയിന്‍റ് പട്ടികയില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഡല്‍ഹി; തലപ്പത്ത് രാജസ്ഥാൻ തന്നെ - IPL 2024 Points Table

പഞ്ചാബ് കിങ്‌സ് സാധ്യത ടീം: അതര്‍വ ടൈഡേ, ജോണി ബെയര്‍സ്റ്റോ/റിലീ റൂസോ, പ്രഭ്‌സിമ്രാൻ സിങ്, സാം കറൻ (ക്യാപ്‌റ്റൻ), ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, അര്‍ഷദീപ് സിങ്, അഷുതോഷ് ശര്‍മ

മുംബൈ ഇന്ത്യൻസ് സാധ്യത ടീം: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി/നുവാൻ തുഷാര, ശ്രേയസ് ഗോപാല്‍, ജസ്‌പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സി, ആകാശ് മധ്‌വാള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.