മുന്നില്‍ നിന്നും നയിച്ച് മാര്‍ഷ്; സൂപ്പര്‍ ഫിനിഷറായി ടിം ഡേവിഡ്; ആദ്യ ടി20യില്‍ കിവീസിനെ വീഴ്‌ത്തി ഓസീസ്

author img

By ETV Bharat Kerala Team

Published : Feb 21, 2024, 6:21 PM IST

New Zealand vs Australia  Mitchell Marsh  Tim David  മിച്ചല്‍ മാര്‍ഷ്  ടിം ഡേവിഡ്

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ 44 പന്തില്‍ പുറത്താവാതെ 72 റണ്‍സ് നേടി ഓസീസിന്‍റെ ടോപ് സ്‌കോററായി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്.

വെല്ലിങ്‌ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടി20-യില്‍ ആറ് വിക്കറ്റിന്‍റെ വിജയം പിടിച്ച് ഓസ്‌ട്രേലിയ. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 216 റണ്‍സിന്‍റെ വിജയ ലക്ഷ്യത്തിലേക്ക് നായകന്‍ മിച്ചല്‍ മാര്‍ഷ് (Mitchell Marsh) മുന്നില്‍ നിന്നും നയിച്ചപ്പോള്‍ അവസാന പന്തിലാണ് ഓസീസ് ജയം പിടിച്ചത്. സ്കോര്‍: ന്യൂസിലന്‍ഡ്- 215/3 (20), ഓസ്ട്രേലിയ- 216/4 (20). (New Zealand vs Australia 1st T20I Highlights)

44 പന്തില്‍ പുറത്താവാതെ 72 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷ് ടീമിന്‍റെ ടോപ്‌ സ്‌കോററായി. 10 പന്തില്‍ 31 റണ്‍സ് നേടിയ ടിം ഡേവിഡും (Tim David) പുറത്താവാതെ നിന്നു. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് സ്‌കോര്‍ ബോര്‍ഡില്‍ 29 റണ്‍സ് നില്‍ക്കെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ ( 15 പന്തില്‍ 24) നഷ്‌ടമായിരുന്നു. തുടര്‍ന്നെത്തിയ മാര്‍ഷിനൊപ്പം 40 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി മറ്റൊരു ഓപ്പണറായ ഡേവിഡ് വാര്‍ണറും (20 പന്തില്‍ 32) തിരിച്ച് കയറി.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (11 പന്തില്‍ 25), ജോഷ് ഇംഗ്ലിസ് (20 പന്തില്‍ 20) എന്നിവരും വേഗം മടങ്ങിയെങ്കിലും ഒരറ്റത്ത് മാര്‍ഷ് കത്തിക്കയറുന്നതാണ് കാണാന്‍ കഴിഞ്ഞത്. ടിം ഡേവിഡ് പിന്തുണ നല്‍കുകയും ചെയ്‌തു. അവസാന രണ്ട് ഓവറില്‍ വിജയത്തിനായി 35 റണ്‍സായിരുന്നു ഓസീസിന് വേണ്ടത്. ആദം മില്‍നെ എറിഞ്ഞ 19-ാം ഓവറില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും സഹിതം 19 റണ്‍സടിച്ച് കൂട്ടാന്‍ ഓസീസ് ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞു.

ഇതോടെ അവസാന ആറ് പന്തില്‍ ലക്ഷ്യം 16 റണ്‍സിലേക്ക് എത്തി. ടിം സൗത്തി എറിഞ്ഞ ഓവര്‍ അതിനാടകീയമായിരുന്നുവെങ്കിലും അവസാന പന്തില്‍ ബൗണ്ടറിയടിച്ചുകൊണ്ട് ടിം ഡേവിഡ് ഓസീസ് വിജയം ഉറപ്പിക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷ് രണ്ട് ഫോറും ഏഴ് സിക്‌സും നേടി. കിവീസിനായി ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റ്‌നര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് 215 റണ്‍സ് അടിച്ച് കൂട്ടിയത്. ഡെവോണ്‍ കോണ്‍വേ (46 പന്തില്‍ 63), രചിന്‍ രവീന്ദ്ര (35 പന്തില്‍ 68) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ ടീമിന് മുതല്‍ക്കൂട്ടായി. ആദ്യ വിക്കറ്റായി ഫിന്‍ അലന്‍ (17 പന്തില്‍ 32) മടങ്ങുമ്പോള്‍ 61 റണ്‍സായിരുന്നു കിവീസ് ടോട്ടലില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന് ഒന്നിച്ച ഡെവോണ്‍ കോണ്‍വേ- രചിന്‍ രവീന്ദ്ര സഖ്യം ഓസീസ് ബോളര്‍മാരെ ശരിക്കും പ്രഹരിച്ചു. 113 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ച് കൂട്ടിയത്. രചിനെ മടക്കി പാറ്റ് കമ്മിന്‍സാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ കോണ്‍വേയെ മിച്ചല്‍ മാര്‍ഷും തിരികെ കയറ്റി. പിന്നീട് ഒന്നിച്ച ഗ്ലെന്‍ ഫിലിപ്സും (10 പന്തില്‍ 19*), മാര്‍ക് ചാപ്‌മാനും (13 പന്തില്‍ 18*) ചേര്‍ന്നാണ് ആതിഥേയരെ 215 റണ്‍സിലേക്ക് എത്തിച്ചത്.

ALSO READ: 'സെഞ്ചുറി നേടിയിട്ടും എന്തിന് എന്നെ പുറത്തിരുത്തി' ; ധോണിയോട് വമ്പന്‍ ചോദ്യവുമായി മനോജ് തിവാരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.