ETV Bharat / sports

ബേസില്‍ തമ്പിയ്‌ക്ക് ആശ്വസിക്കാം, ആ നാണക്കേടിന്‍റെ റെക്കോഡ് ഇനി മോഹിത് ശര്‍മയുടെ പേരിനൊപ്പം - Mohit Sharma Unwanted Record

author img

By ETV Bharat Kerala Team

Published : Apr 25, 2024, 9:53 AM IST

IPL 2024  MOST EXPENSIVE SPELL IN IPL  MOHIT SHARMA RECORD  DELHI CAPITALS VS GUJARAT TITANS
MOHIT SHARMA UNWANTED RECORD

ഐപിഎല്ലില്‍ ഒരു സ്പെല്ലില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമായി ഗുജറാത്ത് ടൈറ്റൻസ് പേസര്‍ മോഹിത് ശര്‍മ

ന്യൂഡല്‍ഹി : ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായി ഗുജറാത്ത് ടൈറ്റൻസിന്‍റെ വെറ്ററൻ പേസര്‍ മോഹിത് ശര്‍മ. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായി നടന്ന മത്സരത്തിലാണ് മോഹിത് ശര്‍മ നാണക്കേടിന്‍റെ റെക്കോഡ് പട്ടികയില്‍ ഇടം പിടിച്ചത്. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ മോഹിത് 73 റണ്‍സാണ് വിട്ടുകൊടുത്തത്.

18.25 എക്കോണമി റേറ്റില്‍ പന്തെറിഞ്ഞ മോഹിത് ശര്‍മയ്‌ക്ക് വിക്കറ്റുകള്‍ ഒന്നും നേടാൻ സാധിച്ചിരുന്നില്ല. ഡല്‍ഹി ഇന്നിങ്‌സിലെ അവസാന ഓവറായിരുന്നു മോഹിത് ശര്‍മയ്‌ക്ക് തിരിച്ചടി സമ്മാനിച്ചത്. മോഹിത്തിന്‍റെ സ്പെല്ലിലെ അവസാനത്തെയും മത്സരത്തിലെ 20-ാമത്തെയും ഓവറില്‍ റിഷഭ് പന്ത് നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പടെ 30 റണ്‍സ് അടിച്ചെടുത്തു. ഒരു വൈഡ് ഉള്‍പ്പടെ 31 റണ്‍സായിരുന്നു താരം ഈ ഓവറില്‍ വഴങ്ങിയത്.

ഇതോടെ, മലയാളി താരം ബേസില്‍ തമ്പിയ്‌ക്ക് നാണക്കേടിന്‍റെ ഈ റെക്കോഡില്‍ നിന്നും മോചനവും ലഭിച്ചിരിക്കുകയാണ്. 2018ലെ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന ബേസില്‍ തമ്പി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 70 റണ്‍സ് വഴങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ടൈറ്റൻസിന്‍റെ യാഷ് ദയാല്‍ മോശം റെക്കോഡിന് അരികില്‍ വരെ എത്തുകയും ചെയ്‌തിരുന്നു. അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 69 റണ്‍സായിരുന്നു ദയാല്‍ വഴങ്ങിയത്.

അതേസമയം, മോഹിത് ശര്‍മ തല്ലുവാങ്ങി കൂട്ടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 224 റണ്‍സായിരുന്നു നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഡല്‍ഹിക്കായി ക്യാപ്‌റ്റൻ റിഷഭ് പന്തും അക്സര്‍ പട്ടേലും മികച്ച പ്രകടനം നടത്തി. മത്സരത്തില്‍ 43 പന്ത് നേരിട്ട പന്ത് പുറത്താകാതെ 88 റണ്‍സായിരുന്നു അടിച്ചെടുത്തത്.

എട്ട് സിക്‌സറുകളും അഞ്ച് ഫോറും അടങ്ങിയതായിരുന്നു പന്തിന്‍റെ ഇന്നിങ്‌സ്. 43 പന്തില്‍ 65 റണ്‍സ് ആയിരുന്നു അക്‌സറിന്‍റെ സമ്പാദ്യം. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 220 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. സായ് സുദര്‍ശൻ (65), ഡേവിഡ് മില്ലര്‍ (55) എന്നിവര്‍ ഗുജറാത്തിനായി അര്‍ധസെഞ്ച്വറി നേടി. ഡല്‍ഹിക്കായി പന്ത് എറിഞ്ഞ റാസിഖ് സലാം മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റാണ് മത്സരത്തില്‍ സ്വന്തമാക്കിയത്.

Also Read : ഡല്‍ഹിയുടെ 'സൂപ്പര്‍മാൻ'; ബൗണ്ടറി ലൈനില്‍ അവിശ്വസനീയ സേവ്, ഗുജറാത്തിനെ 'തോല്‍പ്പിച്ച' ട്രിസ്റ്റണ്‍ സ്റ്റബ്‌സ് - Tristan Stubbs Boundary Line Save

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.