ETV Bharat / sports

എല്‍ ക്ലാസിക്കോയില്‍ വീണ്ടും ഹീറോയായി ബെല്ലിങ്‌ഹാം; ബെര്‍ണബ്യൂവില്‍ ബാഴ്‌സലോണയെ തളച്ച് റയല്‍ മാഡ്രിഡ് - Real Madrid vs Barcelona Result

author img

By ETV Bharat Kerala Team

Published : Apr 22, 2024, 8:20 AM IST

LA LIGA TABLE  EL CLASSICO RESULT  റയല്‍ മാഡ്രിഡ്  ബാഴ്‌സലോണ
REAL MADRID VS BARCELONA RESULT

ലാ ലിഗയില്‍ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ജയം. റയലിന്‍റെ ജയം 3-2 എന്ന സ്കോറിന്.

മാഡ്രിഡ് : സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ സ്‌പാനിഷ് ലാ ലിഗയിലെ ചിരവൈരികള്‍ തമ്മിലേറ്റുമുട്ടിയ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് ആവേശകരമായ ജയം. ബാഴ്‌സലോണയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. രണ്ട് തവണ പിന്നിലായ ശേഷമായിരുന്നു റയല്‍ മാഡ്രിഡ് മത്സരം സ്വന്തമാക്കിയത്.

യുവതാരം ജൂഡ് ബെല്ലിങ്‌ഹാം ഇഞ്ചുറി ടൈമില്‍ നേടിയ ഗോളാണ് റയല്‍ മാഡ്രിഡിന് മത്സരത്തില്‍ വിജയം സമ്മാനിച്ചത്. ബെല്ലിങ്‌ഹാമിനെ കൂടാതെ വിനീഷ്യസ് ജൂനിയര്‍, ലൂക്കസ് വാസ്‌കസ് എന്നിവരും ആതിഥേയര്‍ക്കായി ഗോള്‍ നേടി. ആന്‍ഡ്രേസ് ക്രിസ്റ്റൻസൻ, ഫെര്‍മിൻ ലോപസ് എന്നിവരായിരുന്നു ബാഴ്‌സലോണയുടെ ഗോള്‍ സ്കോറര്‍മാര്‍.

റയലിന്‍റെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ മികച്ച തുടക്കം ലഭിച്ചത് ബാഴ്‌സലോണയ്‌ക്കായിരുന്നു. മത്സരത്തിന്‍റെ ആറാം മിനിറ്റില്‍ തന്നെ സന്ദര്‍ശകര്‍ക്ക് റയലിനെ ഒരു ഗോളിന് പിന്നിലാക്കാൻ സാധിച്ചു. സെറ്റ് പീസില്‍ നിന്നുള്ള ഹെഡറിലൂടെ ക്രിസ്റ്റൻസൻ ആണ് റയലിന്‍റെ വലയിലേക്ക് പന്തെത്തിച്ചത്.

ഈ ഗോളിന് അധികം വൈകാതെ തന്നെ മറുപടി നല്‍കാൻ റയല്‍ മാഡ്രിഡിന് സാധിച്ചു. മത്സരത്തിന്‍റെ 18-ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെയാണ് അവര്‍ സമനില ഗോള്‍ കണ്ടെത്തിയത്. ബോക്‌സിനുള്ളില്‍ വാസ്‌കസിനെ ഫൗള്‍ ചെയ്‌തതിന് ലഭിച്ച പെനാല്‍റ്റി വിനീഷ്യസ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. പിന്നീട്, മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഗോളുകള്‍ ഒന്നും പിറന്നില്ല.

രണ്ടാം പകുതിയിലും മികവ് തുടരാൻ ബാഴ്‌സലോണയ്‌ക്കായി. മത്സരത്തിന്‍റെ 69-ാം മിനിറ്റില്‍ അവര്‍ തങ്ങളുടെ ലീഡ് വീണ്ടും ഉയര്‍ത്തി. ഫെര്‍മിൻ ലോപസ് ആയിരുന്നു ഗോള്‍ സ്കോറര്‍.

എന്നാല്‍, ഈ ലീഡും നിലനിര്‍ത്താൻ ബാഴ്‌സലോണയ്‌ക്ക് സാധിച്ചില്ല. മത്സരത്തിന്‍റെ 73-ാം മിനിറ്റില്‍ തന്നെ റയല്‍ തിരിച്ചടിക്കുകയായിരുന്നു. വിനീഷ്യസിന്‍റെ അസിസ്റ്റില്‍ നിന്നായിരുന്നു പ്രതിരോധനിര താരം വാസ്‌കസ് ബാഴ്‌സയുടെ വലയില്‍ പന്തെത്തിച്ചത്.

അവസാന പത്ത് മിനിറ്റില്‍ റയല്‍ മാഡ്രിഡ് ആക്രമണം കടുപ്പിച്ചു. ഇതിന്‍റെ ഫലം 91-ാം മിനിറ്റില്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്‌തു. മത്സരത്തില്‍ രണ്ടാം ഗോള്‍ നേടിയ വാസ്‌കസിന്‍റെ അസിസ്റ്റില്‍ നിന്നായിരുന്നു ജൂഡ് ബെല്ലിങ്‌ഹാം റയലിന്‍റെ വിജയഗോള്‍ ബാഴ്‌സയുടെ വലയിലേക്ക് അടിച്ചുകയറ്റിയത്.

ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്ത് തങ്ങളുടെ ലീഡ് ഉയര്‍ത്താനും റയലിനായിട്ടുണ്ട്. 32 മത്സരം പൂര്‍ത്തിയായപ്പോള്‍ 81 പോയിന്‍റാണ് നിലവില്‍ റയല്‍ മാഡ്രിഡിനുള്ളത്. 70 പോയിന്‍റാണ് രണ്ടാം സ്ഥാനക്കാരായ ബാഴ്‌സലോണയ്‌ക്കുള്ളത്.

Also Read : 3 ഗോളിന് പിന്നില്‍, പിന്നീട് തിരിച്ചുവരവ്; ഒടുവില്‍ ഷൂട്ട് ഔട്ടില്‍ വീണ് കൊവെന്‍ട്രി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌എ കപ്പ് ഫൈനലില്‍ - Manchester United Into FA Cup Final

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.