ETV Bharat / sports

'സിന്നര്‍' ദ സെൻസേഷൻ, ടെന്നീസ് ലോകത്തെ പുത്തന്‍ താരോദയം...ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിടുന്ന ആദ്യ ഇറ്റാലിയൻ

author img

By ETV Bharat Kerala Team

Published : Jan 29, 2024, 9:42 AM IST

Jannik Sinner  Australian Open 2024  Jannik Sinner vs Daniil Medvedev  യാനിക് സിന്നര്‍
New Tennis Sensation Jannik Sinner

ഭയവും സമ്മര്‍ദവുമില്ലാതെ കളിച്ചാണ് യാനിക് സിന്നര്‍ എന്ന 22കാരന്‍ തന്‍റെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ പോരാട്ടത്തില്‍ ജേതാവായി മാറിയത്. ഒരു ഗ്രാന്‍ഡ്‌സ്ലാം ഫൈനലില്‍ ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ട ശേഷം മത്സരം സ്വന്തമാക്കുന്ന ഏഴാമത്തെ താരമെന്ന ബഹുമതിയും സിന്നറിനെ തേടിയെത്തി.

റോജര്‍ ഫെഡറര്‍, നൊവാക്ക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍... കഴിഞ്ഞ് രണ്ട് ദശാബ്‌ദക്കാലമായി ലോക ടെന്നീസ് ഈ മൂന്ന് പേരുകള്‍ക്കൊപ്പമായിരുന്നു സഞ്ചരിച്ചത്. അതില്‍ നിന്നുള്ള മാറ്റത്തിന്‍റെ സൂചന നല്‍കിയിരിക്കുകയാണ് 2024ലെ ആദ്യത്തെ ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്‍റായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. റോഡ് ലേവര്‍ അരീനയില്‍ നടന്ന ഫൈനല്‍ തന്നെ അതിനൊരു ഉദാഹരണമാണ്.

ടെന്നീസ് ഇതിഹാസങ്ങളെന്ന് കണ്ണടച്ച് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ആ മൂവരില്‍ ഒരൊറ്റ ആളുപോലുമില്ലാതെ 19 വര്‍ഷത്തിനിടെ ആദ്യമായി നടക്കുന്ന ഒരു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍. അവിടെ, റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ വീഴ്‌ത്തി ചാമ്പ്യനായി മാറിയത് 22കാരനായ ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍. ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കുന്നതിന്‍റെ സമ്മര്‍ദങ്ങള്‍ ഒന്നുമില്ലാതെ കളിച്ചാണ് സിന്നര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായി മാറിയത്.

ഇങ്ങനെയുമുണ്ടോ തിരിച്ചുവരവ്...? ജനുവരി 26ന് നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍ പോരാട്ടം ഓര്‍മയില്ലേ? ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തോല്‍വി അറിയാത്ത 2195-ാം ദിവസമായിരുന്നു ടെന്നീസ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ച് അവിടെ യാനിക് സിന്നറിനെ നേരിടാനിറങ്ങിയത്. 22കാരനായ സിന്നറിനെതിരെ ജോക്കോ എളുപ്പം ജയിച്ച് കയറുമെന്ന് പലരും കരുതി.

എന്നാല്‍, ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകരുടെ മുന്‍വിധികളെയെല്ലാം മാറ്റിമറിക്കുന്നതായിരുന്നു സെമി ഫൈനലില്‍ സിന്നര്‍ നടത്തിയ പോരാട്ടം. അതിശക്തനായ എതിരാളിക്കെതിരെ ഒരു സമ്മര്‍ദവുമില്ലാതെ സിന്നര്‍ കളിച്ചു. ആദ്യ രണ്ട് സെറ്റുകളില്‍ ജോക്കോയെ നിഷ്‌പ്രഭമമാക്കി. തന്‍റെ പിഴവിലൂടെ മൂന്നാം സെറ്റ് നഷ്‌ടമായെങ്കിലും അടുത്ത സെറ്റും ജയിച്ച് ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനലിലേക്ക് ആ ചെറുപ്പക്കാരന്‍ ഓടിക്കയറിയത് ലോകം കണ്ടു.

ഇനി കഥയിലേക്ക് വരാം, റോഡ് ലേവര്‍ അരീനയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍. മത്സരത്തിന്‍റെ ആദ്യ 85 മിനിറ്റ് ചിത്രത്തില്‍ പോലുമുണ്ടായിരുന്നില്ല യാനിക് സിന്നര്‍. മുന്‍പ് ഗ്രാന്‍ഡ്സ്ലാം ഫൈനലുകളില്‍ ജോക്കോവിച്ചിനെയും റാഫേല്‍ നദാലിനെയും നേരിട്ട് പരിചയമുള്ള ഡാനില്‍ മെദ്‌വദേവിന് കാര്യങ്ങള്‍ എളുപ്പമാകുമെന്നും കലാശക്കളിയുടെ സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ സിന്നറിന് സാധിക്കില്ലെന്നും പലരും കരുതി.

എന്നാല്‍, അങ്ങനെയൊരു ആശങ്ക ഒരിക്കല്‍പ്പോലും യാനിക് സിന്നറുടെ മുഖത്ത് കാണാന്‍ കഴിഞ്ഞിരുന്നില്ല. 3-6 എന്ന സ്കോറിനാണ് സിന്നര്‍ മെദ്‌വദേവിനോട് ആദ്യത്തെ രണ്ട് സെറ്റും കൈവിട്ടത്. പിന്നീട് കണ്ടത് സിന്നറുടെ റാക്കറ്റിന്‍റെ കരുത്തായിരുന്നു. എതിരാളിയുടെ പിഴവിന് വേണ്ടി ഒരിക്കല്‍പ്പോലും കാത്ത് നില്‍ക്കാന്‍ സിന്നര്‍ ഒരുക്കമായിരുന്നില്ല. തന്‍റെ കഴിവില്‍ വിശ്വസിച്ച് ജയം നേടാനായിരുന്നു ആ ചെറുപ്പക്കാരന്‍റെ ശ്രമവും. അത്, പിന്നീടുള്ള മൂന്ന് സെറ്റുകളും സ്വന്തമാക്കി ലോകത്തിന് കാണിച്ചുകൊടുക്കാനും യാനിക് സിന്നറിനായി.

ആത്മവിശ്വാസം കൈവിടാതെ കോര്‍ട്ടില്‍ നിന്ന സിന്നര്‍, ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ താരമെന്ന ചരിത്രനേട്ടവും സ്വന്തമാക്കിയാണ് മടങ്ങിയത്. ഒരു ഗ്രാന്‍ഡ്‌സ്ലാം ഫൈനലില്‍ ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ട ശേഷം മത്സരം സ്വന്തമാക്കുന്ന ഏഴാമത്തെ താരമെന്ന ബഹുമതിയും സിന്നറിനെ തേടിയെത്തി.

യാനിക് സിന്നറുടെ 'താരോദയം': 2023ന്‍റെ അവസാനത്തോടെയാണ് സിന്നര്‍ വമ്പന്മാരെ വീഴ്‌ത്തി തുടങ്ങിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു താരം ആദ്യമായി എടിപി മാസ്റ്റേഴ്‌സ് 1000 ട്രോഫിയിലും മുത്തമിട്ടത്. പിന്നാലെ, ബീജിങ്ങിലും വിയന്നയിലും തുടര്‍ജയങ്ങളോടെ ടെന്നീസ് ഭൂപടത്തില്‍ തന്‍റെ പേരും എഴുതിചേര്‍ക്കാന്‍ സിന്നറിന് സാധിച്ചു.

Jannik Sinner  Australian Open 2024  Jannik Sinner vs Daniil Medvedev  യാനിക് സിന്നര്‍
യാനിക് സിന്നര്‍

തുടര്‍ന്ന്, നാലര പതിറ്റാണ്ടിന് ശേഷം ഇറ്റലിയെ ഡേവിസ് കപ്പ് നേട്ടത്തിലേക്ക് എത്തിക്കുന്നതിലും നിര്‍ണായക പങ്കായിരുന്നു സിന്നര്‍ വഹിച്ചത്. 2023 ഓഗസ്റ്റ്-നവംബര്‍ കാലയളവില്‍ പല വമ്പന്മാരും സിന്നറിന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. ജോക്കോവിച്ചിനും മെദ്‌വദേവിനും പുറമെ കാര്‍ലോസ് അല്‍കാരസും ആ സമയത്ത് സിന്നറിനോട് അടിതെറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.