ETV Bharat / sports

സഞ്‌ജു വേണ്ട, പന്ത് മതി; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് തിരഞ്ഞെടുത്ത് ഇര്‍ഫാന്‍ പഠാന്‍ - Irfan Pathan India Squad T20 WC

author img

By ETV Bharat Kerala Team

Published : Apr 24, 2024, 4:35 PM IST

SANJU SAMSON  ROHIT SHARMA  ടി20 ലോകകപ്പ്  വിരാട് കോലി
Irfan Pathan Select Indian squad for T20 World Cup 2024

ഐപിഎല്ലില്‍ മിന്നും ഫോമില്‍ കളിക്കുന്ന മലയാളി താരം സഞ്‌ജു സാംസണെ ടി20 ലോകകപ്പിലേക്ക് താന്‍ തിരഞ്ഞെടുത്ത സ്‌ക്വാഡിലേക്ക് പരിഗണിക്കാതെ ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫന്‍ പഠാന്‍.

മുംബൈ: ടി20 ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡ് പ്രഖ്യാപനത്തിനുള്ള അവസാന തീയതി അടുത്തിരിക്കുകയാണ്. മെയ്‌ ഒന്നിനകമാണ് ടീമുകള്‍ തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിക്കേണ്ടത്. ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. സഞ്‌ജു സാംസണ്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഒഴിവാക്കിക്കൊണ്ട് 15 അംഗ സ്‌ക്വാഡാണ് ഇര്‍ഫാന്‍ പഠാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ടോപ്‌ ഓര്‍ഡര്‍ ബാറ്റര്‍മാരായി രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി എന്നിവരാണ് ഇര്‍ഫാന്‍റെ സ്‌ക്വാഡില്‍ ഇടം നേടിയിരിക്കുന്നത്. ഇവരില്‍ മൂന്ന് പേരെയും ഓപ്പണര്‍മാരായും ഉപയോഗപ്പെടുത്താം. റിസര്‍വ് താരമായി ഉള്‍പ്പെട്ട ശുഭ്‌മാന്‍ ഗില്ലും മറ്റൊരു ഓപ്‌ഷനാണ്. മൂന്നാം നമ്പറിലും കോലിയേയും ഗില്ലിനേയും കളിപ്പിക്കാം.

സൂര്യകുമാര്‍ യാദവ്, റിഷഭ്‌ പന്ത്, റിങ്കു സിങ്, ശിവം ദുബെയേയും പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയേയുമാണ് മധ്യനിരയിലേക്ക് ഇര്‍ഫാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സീമറായി ദുബെയേയും ഉപയോഗപ്പെടുത്താം. എന്നാല്‍ ഐപിഎല്ലില്‍ ചെന്നൈക്കായി താരം പന്തെറിയുന്നില്ല. മികച്ച ഫോമില്‍ കളിക്കുന്ന സഞ്‌ജു സാംസണ് ഇര്‍ഫാന്‍ ഇടം നല്‍കിയില്ല. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരേയും താരം പരിഗണിച്ചില്ല.

രവീന്ദ്ര ജഡേജയാണ് സ്‌ക്വാഡിലെ ഏക സ്‌പിന്‍ ഓള്‍റൗണ്ടര്‍. യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്‌ക്വാഡിലെ മറ്റ് പ്രധാന സ്‌പിന്നര്‍മാര്‍. രവി ബിഷ്‌ണോയ്‌, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടേതാണ് പ്രധാന അഭാവം. ജസ്‌പ്രീത് ബുംറ നേതൃത്വം നല്‍കുന്ന പേസ് യൂണിറ്റില്‍ മുഹമ്മദ് സിറാജും അര്‍ഷ്‌ദീപ് സിങ്ങുമുണ്ട്.

ALSO READ: 'കോലിക്ക് 40 പന്തില്‍ സെഞ്ചുറിയടിക്കാനാവും; ടി20 ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണിങ്ങിനിറങ്ങണം'; സൗരവ് ഗാംഗുലി - Ganguly On T20 World Cup 2024

ടി20 ലോകകപ്പിനുള്ള ഇർഫാൻ പത്താൻ്റെ 15 അംഗ ഇന്ത്യൻ ടീം: രോഹിത് ശർമ (സി), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിങ്കു സിങ്‌, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, യുസ്‌വേന്ദ്ര ചഹാൽ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ്‌.

അതേസമയം ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ ആകെ 20 ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്. പ്രാഥമിക ഘട്ടത്തില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, കാനഡ, അമേരിക്ക എന്നിവരാണ് ഗ്രൂപ്പിലെ എതിരാളികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.