ETV Bharat / sports

മുന്നിലോടുന്ന ഇംഗ്ലണ്ട്, ഒപ്പമെത്താന്‍ ഇന്ത്യ; രണ്ടാം ടെസ്റ്റിന് നാളെ തുടക്കം

author img

By ETV Bharat Kerala Team

Published : Feb 1, 2024, 2:47 PM IST

India vs England 2nd Preview  Vizag Test Preview  Sarfaraz Khan Rahjat Patidar  ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്
Etv Bharat

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ വിശാഖപട്ടണത്ത് ആരംഭിക്കും.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനായി ടീം ഇന്ത്യ നാളെ ഇറങ്ങും. വിശാഖപട്ടണത്ത് രാവിലെ 9:30നാണ് മത്സരം ആരംഭിക്കുന്നത്. ഹൈദരാബാദിലെ ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യയ്‌ക്ക് നാളെ ആരംഭിക്കുന്ന രണ്ടാം മത്സരം ഏറെ നിര്‍ണായകമാണ് (India vs England Match Preview).

ആദ്യ മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇംഗ്ലണ്ട് സ്‌പിന്നര്‍ ടോം ഹാര്‍ട്‌ലിയുടെ ഏഴ് വിക്കറ്റ് പ്രകടനമായിരുന്നു 231 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ ടീമിനെ എറിഞ്ഞിട്ടത്. വിശാഖപട്ടണത്ത് ഹാര്‍ട്‌ലിയുടെ പന്തുകളെ ടീം ഇന്ത്യ എങ്ങനെ നേരിടുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

രണ്ടാം മത്സരത്തില്‍ പേസര്‍ ജിമ്മി ആന്‍ഡേഴ്‌സണും സ്‌പിന്നര്‍ ഷൊയ്‌ബ് ബഷീറും ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിലേക്ക് എത്തിയിട്ടുണ്ട്. മാര്‍ക്ക് വുഡും ജാക്ക് ലീച്ചുമാണ് പ്ലേയിങ് ഇവനില്‍ നിന്നും പുറത്തായത്. അതേസമയം, പ്രധാന താരങ്ങളായ കെഎല്‍ രാഹുലിന്‍റെയും രവീന്ദ്ര ജഡേജയുടെയും പരിക്കാണ് ടീം ഇന്ത്യ നേരിടുന്ന പ്രധാന തലവേദന.

ഇരുവരും നാളെ ആരംഭിക്കാനിരിക്കുന്ന മത്സരത്തില്‍ കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിന്‍റെ അഭാവത്തില്‍ സര്‍ഫറാസ് ഖാന്‍, രജത് പടിദാര്‍ എന്നിവരില്‍ ഒരാള്‍ ടീമില്‍ എത്തിയേക്കും. സ്‌പിന്നറായി കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവനില്‍ എത്താനും സാധ്യതയുണ്ട്.

ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ് എന്നിവരുടെ ഫോമും ടീമിന് ആശങ്കയാണ്. രാഹുലും ജഡേജയും ഇല്ലാത്ത സാഹചര്യത്തില്‍ ഗില്ലും ശ്രേയസും പ്ലേയിങ് ഇലവനില്‍ തുടര്‍ന്നേക്കാം. ഇരുവരും വിശാഖപട്ടണത്ത് റണ്‍സ് കണ്ടെത്തുമെന്നാണ് ടീം മാനേജ്‌മെന്‍റിന്‍റെ പ്രതീക്ഷയും.

താളം കണ്ടെത്താന്‍ വിഷമിക്കുന്ന പേസര്‍ മുഹമ്മദ് സിറാജിനെ പുറത്തിരുത്താനുള്ള സാധ്യതകള്‍ തള്ളി കളയാനാകില്ല. സിറാജിനെ കളിപ്പിച്ചില്ലെങ്കില്‍ മുകേഷ് കുമാര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും.

വിശാഖപട്ടണം പിച്ച് റിപ്പോര്‍ട്ട്: ബാറ്റര്‍മാരെ സഹായിക്കുന്ന വിക്കറ്റാണ് വിശാഖപട്ടണം ഡോ വൈ എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിലേത്. ഇന്ത്യയിലെ മറ്റ് പിച്ചുകളെ പോലെ തന്നെ മത്സരം പുരോഗമിക്കുന്നതിന് അനുസരിച്ച് ബൗളര്‍മാര്‍ക്കും പിച്ച് പിന്തുണ നല്‍കും. കറുത്ത മണ്ണിലെ പിച്ചായതുകൊണ്ട് തന്നെ കൂടുതല്‍ ബൗണ്‍സ് പ്രതീക്ഷിക്കുന്നില്ല.

അവസാനം ഇവിടെ നടന്ന ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീം ഇന്ത്യ 203 റണ്‍സിന്‍റെ ജയമായിരുന്നു നേടിയത്. ആ മത്സരത്തില്‍ മുഹമ്മദ് ഷമി അഞ്ചും രവീന്ദ്ര ജഡേജ നാലും വിക്കറ്റാണ് നേടിയത്. ഇവര്‍ ഇരുവരും ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളിക്കുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

അന്ന് രണ്ട് സ്‌പിന്നര്‍മാരായിരുന്നു ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നത്. വിശാഖപട്ടണം ഇതുവരെ വേദിയായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ജയം നേടിയത് ആദ്യം ബാറ്റ് ചെയ്‌ത ടീമാണ്. അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത് വമ്പന്‍ സ്കോര്‍ നേടി എതിരാളിയെ പ്രതിരോധത്തിലാക്കാനായിരിക്കും ശ്രമം.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: സാക്ക് ക്രാവ്‌ലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്‌റ്റന്‍), ബെന്‍ ഫോക്‌സ്, രേഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷൊയ്‌ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, കെഎസ് ഭരത്, ധ്രുവ് ജുറെല്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, സൗരഭ് കുമാര്‍.

Also Read : ഹൈദരാബാദിലെ തോല്‍വി ഞെട്ടിച്ചു, ഇന്ത്യ ശക്തമായി തിരിച്ചുവരും : ഇര്‍ഫാന്‍ പഠാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.