'ജഡേജയുടേതായിരുന്നു പിഴവ്, പിന്നീട് ചെയ്‌ത കാര്യം മാതൃകാപരം': സര്‍ഫറാസ് ഖാന്‍റെ റണ്‍ ഔട്ടിനെ കുറിച്ച് ഡിവില്ലിയേഴ്‌സ്

author img

By ETV Bharat Kerala Team

Published : Feb 22, 2024, 9:56 AM IST

AB De Villiers On Sarfaraz Khan  Sarfaraz Khan Run Out  AB De Villiers On Ravindra Jadeja  സര്‍ഫറാസ് ഖാൻ  എ ബി ഡിവില്ലിയേഴ്‌സ്

രാജ്‌കോട്ടില്‍ നടന്ന ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിലാണ് സര്‍ഫറാസ് ഖാൻ റണ്‍ ഔട്ടായത്. സര്‍ഫറാസിന്‍റെ പുറത്താകലില്‍ വ്യാപക വിമര്‍ശനം രവീന്ദ്ര ജഡേജയ്‌ക്ക് നേരിടേണ്ടി വന്നു.

മുംബൈ : രാജ്‌കോട്ട് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) പിഴവ് മൂലമാണ് അരങ്ങേറ്റക്കാരൻ സര്‍ഫറാസ് ഖാൻ (Sarfaraz Khan) റണ്‍ ഔട്ടായതെന്ന് മുന്‍ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്‌സ് (AB Devilliers). ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്‍റെ (India vs England 3rd Test) ആദ്യ ദിനത്തിലായിരുന്നു സര്‍ഫറാസിന് തന്‍റെ ആദ്യ ഇന്നിങ്‌സില്‍ നിര്‍ഭാഗ്യം കൊണ്ട് പുറത്താകേണ്ടി വന്നത്. മത്സരത്തില്‍ സര്‍ഫറാസ് പുറത്തായതിന് പിന്നാലെ താരത്തിന്‍റെ വിക്കറ്റ് നഷ്‌ടപ്പെട്ടതിലുള്ള നിരാശ രവീന്ദ്ര ജഡേജയുടെ ശരീരഭാഷയില്‍ കാണാന്‍ സാധിച്ചിരുന്നുവെന്നും എ ബി ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു (AB De Villiers On Sarfaraz Khan Run Out).

'ആദ്യ അന്താരാഷ്‌ട്ര ടെസ്റ്റ് ഇന്നിങ്‌സില്‍ തന്നെ 60ല്‍ അധികം റണ്‍സ് നേടാൻ സര്‍ഫറാസ് ഖാനായി. എന്നാല്‍, നിര്‍ഭാഗ്യം കൊണ്ട് ജഡേജയുടെ പിഴവില്‍ അവന് പുറത്താകേണ്ടി വന്നു. സര്‍ഫറാസിന്‍റെ പുറത്താകലിന് കാരണക്കാരൻ രവീന്ദ്ര ജഡേജയായിരുന്നു.

ഇതിലുള്ള കുറ്റബോധം സെഞ്ച്വറി തികച്ചപ്പോള്‍ ജഡേജയുടെ ശരീരഭാഷയിലും കാണാന്‍ കഴിഞ്ഞിരുന്നു. ശാന്തനായിട്ടായിരുന്നു ജഡേജ തന്‍റെ സെഞ്ച്വറി ആഘോഷിച്ചത്. സര്‍ഫറാസ് പുറത്തായതിലുള്ള എല്ലാ നിരാശയും ജഡേജയില്‍ കാണാനും സാധിച്ചു. ഒരു യുവതാരത്തിന്‍റെ പുറത്താകലിന്‍റെ ഉത്തരവാദിത്തം രവീന്ദ്ര ജഡേജയെ പോലെ ഒരു സീനിയര്‍ കളിക്കാരൻ ഏറ്റെടുക്കുന്നത് മാതൃകാപരമായ കാര്യമാണ്'- യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

രാജ്‌കോട്ട് ടെസ്റ്റില്‍ സര്‍ഫറാസിന്‍റെ പുറത്താകലിന് പിന്നാലെ രവീന്ദ്ര ജഡേജയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ, മത്സരത്തിന്‍റെ ആദ്യ ദിവസം അവസാനിച്ചതിന് പിന്നാലെ സര്‍ഫറാസിനോട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ജഡേജ ക്ഷമാപണവും നടത്തി. ക്രിക്കറ്റില്‍ ഇത്തരത്തിലുള്ള പുറത്താകലുകള്‍ സാധാരണമാണെന്നും ഇന്നിങ്‌സില്‍ ഉടനീളം രവീന്ദ്ര ജഡേജ തന്നെ സഹായിച്ചിരുന്നതായും സര്‍ഫറാസ് ഖാനും വ്യക്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രാജ്‌കോട്ടില്‍ കളിക്കാനിറങ്ങിയ സര്‍ഫറാസ് ഖാൻ ബാറ്റുകൊണ്ട് മികച്ച പ്രകടനമായിരുന്നു മത്സരത്തിന്‍റെ രണ്ട് ഇന്നിങ്‌സിലും കാഴ്‌ചവച്ചത്. ആദ്യ ഇന്നിങ്‌സില്‍ 66 പന്തില്‍ 62 റണ്‍സായിരുന്നു സര്‍ഫറാസിന്‍റെ സമ്പാദ്യം. രണ്ടാം ഇന്നിങ്‌സില്‍ 72 പന്ത് നേരിട്ട താരം പുറത്താകാതെ 68 റണ്‍സും നേടിയിരുന്നു (Sarfaraz Khan Debut Test Scores).

Also Read : ETV Bharat Exclusive | റാഞ്ചിയില്‍ മാത്രമല്ല, ധര്‍മ്മശാലയിലും ബുംറയില്ല; സ്ഥിരീകരിച്ച് ബിസിസിഐ ഉദ്യോഗസ്ഥന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.