ETV Bharat / opinion

ഇത് ഭൂമിയാണ്, നാളേയ്‌ക്കായി കരുതാം, കൈ കോര്‍ക്കാം : ഇന്ന് ലോക ഭൗമ ദിനം - International Mother Earth Day 2024

author img

By ETV Bharat Kerala Team

Published : Apr 22, 2024, 10:52 AM IST

INTERNATIONAL MOTHER EARTH DAY  EARTH DAY 2024 THEME  ലോക ഭൗമ ദിനം  പരിസ്ഥിതി പ്രശ്‌നങ്ങള്‍
International Mother Earth Day

പ്ലാസ്റ്റിക് രഹിത പ്രപഞ്ചം എന്നതാണ് 2024ലെ ഭൗമ ദിന സന്ദേശം. ഭൂമിയുടെ നിലനില്‍പ്പിന് വിലങ്ങുതടിയാകുന്ന പ്ലാസ്റ്റിക് എന്ന വില്ലനെ ഇല്ലാക്കാന്‍ പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത ഓര്‍മപ്പെടുത്തുകയാണ് ഈ ദിനം.

നിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-

മൃതിയില്‍ നിക്കാത്മശാന്തി

ഇത് നിന്‍റെ (എന്‍റെയും) ചരമ ശുശ്രൂഷയ്‌ക്ക്

ഹൃദയത്തിലിന്നേ കുറിച്ച ഗീതം...

പ്രകൃതിയെ, ഭൂമിയെ അമ്മയെന്ന് സങ്കല്‍പ്പിച്ച് ഒഎന്‍വി കുറിച്ച വരികള്‍. ജീവന്‍റെ നിലനില്‍പ്പിന് ഭൂമിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത വിളിച്ചോതുന്നതാണ് ഈ കവിത. ഓരോ ഏപ്രില്‍ 22ഉം നമ്മെ ഓര്‍മപ്പെടുത്തുന്നതും ഇതുതന്നെ.

ഇന്ന് ലോക ഭൗമ ദിനം, പരിസ്ഥിതി അവബോധവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി ആചരിക്കുന്ന ദിനം. നമ്മുടെ ഗ്രഹമായ ഭൂമി അതിലോലമാണെന്നും അതിനെ പരിചരിച്ച് പരിപാലിക്കണമെന്നും ഓരോ ഭൗമ ദിനവും നമ്മെ ഓര്‍മപ്പെടുത്തുകയാണ്. ആഗോള താപനം അടക്കമുള്ള കാലാവസ്ഥാവ്യതിയാനം ലോകത്തിന് മുന്നില്‍ വെല്ലുവിളിയായി ഉയരുന്ന ഇക്കാലത്ത് ഏപ്രില്‍ 22ന് അത്രകണ്ട് പ്രാധാന്യമുണ്ട്.

ലോക ഭൗമ ദിനം, ഒരെത്തിനോട്ടം : ലോക ഭൗമ ദിനത്തിന്‍റെ വേരുകള്‍ 1960കളിലെ പരിസ്ഥിതി പ്രസ്ഥാനത്തില്‍ നിന്നുള്ളതാണ്. പരിസ്ഥിതി മലിനീകരണം, ഭൂമിയില്‍ മുഷ്യന്‍റെ പ്രവൃത്തികളുടെ ആഘാതം എന്നിവയെ കുറിച്ച് ഉയര്‍ന്നുവന്ന ആശങ്കകള്‍ ഈ പ്രസ്ഥാനത്തിന് പ്രചോദനമായപ്പോള്‍ ലോക ഭൗമ ദിനം ഉരുത്തിരിയുകയായിരുന്നു. യഥാര്‍ഥത്തില്‍ 2009ല്‍ ഐക്യരാഷ്‌ട്ര സഭ ഔദ്യോഗികമായി ലോക ഭൗമ ദിനം പ്രഖ്യാപിക്കുന്നതിന് വളരെ മുന്‍പ് തന്നെ ഈ ദിനത്തിന്‍റെ ചരിത്രം ആരംഭിച്ചു.

ലോക ഭൗമ ദിനത്തിന്‍റെ ആവിര്‍ഭാവത്തിന് വിഖ്യാത എഴുത്തുകാരന്‍ റേച്ചല്‍ കാഴ്‌സന്‍റെ 'സൈലന്‍റ് സ്‌പ്രിങ്' എന്ന കൃതിയും മൂലകാരണമായെന്ന് ചരിത്രം പറയുന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍, മലിനീകരണം മനുഷ്യന്‍റെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ കാഴ്‌സന്‍റെ തൂലികയ്‌ക്ക് സാധിച്ചു. 1969ല്‍ കാലിഫോര്‍ണിയയിലെ സാന്‍റ ബാര്‍ബറയില്‍ നടന്ന എണ്ണച്ചോര്‍ച്ചയും ഭൗമ ദിനത്തിന്‍റെ രൂപപ്പെടലിന് കാരണമായി.

അങ്ങനെ, വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിസ്‌കോണ്‍സിനിലെ സെനറ്റര്‍ ഗെയ്‌ലോര്‍ഡ് നെല്‍സണ്‍, പരിസ്ഥിതിയെ കുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കാന്‍ ഒരു ദിവസം വിഭാവനം ചെയ്‌തു. 1970ല്‍ ആദ്യമായി ഭൗമ ദിനം ആചരിച്ചു. ഭൗമ ദിനത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് അന്ന് 20 ദശലക്ഷം അമേരിക്കക്കാര്‍ തെരുവില്‍ സംഘടിച്ചിരുന്നു.

ഈ പ്രസ്ഥാനം യുഎസിലെ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ രൂപീകരണം, ക്ലീന്‍ എയര്‍ ആക്‌ട്, ക്ലീന്‍ വാട്ടര്‍ ആക്‌ട് തുടങ്ങി പാരിസ്ഥിതിക നിയമ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രസക്തമായ പല രാഷ്‌ട്രീയ നീക്കത്തിനും വഴിവച്ചു. കാലാന്തരത്തില്‍ ഈ പ്രസ്ഥാനം വളര്‍ന്നു, 1990 ആയപ്പോഴേക്കും ഭൗമ ദിനം ഒരു ആഗോള സംഭവമായി മാറി. ഭൂമിയുടെ സംരക്ഷണത്തിന് 141 രാജ്യങ്ങളില്‍ നിന്നായി 200 ദശലക്ഷം ആളുകള്‍ കൈകോര്‍ത്തു.

ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ള പങ്കാളിത്തം ഭൗമ ദിനത്തിന്‍റെ പ്രാധാന്യം ലോക വേദിയിലെത്താന്‍ കാരണമായി. ഇത് 1992ല്‍ റിയോ ഡി ജനീറോയില്‍ നടന്ന ഐക്യരാഷ്‌ട്ര സഭയുടെ പരിസ്ഥിതി ഉച്ചകോടിയ്‌ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി. സുസ്ഥിര വികസനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ചുള്ള സംവാദം ആഗോള തലത്തില്‍ ഉയര്‍ത്തുന്നതിന് ഈ ഉച്ചകോടി പ്രധാന പങ്കാണ് വഹിച്ചത്. അങ്ങനെ 2009ല്‍ ഐക്യരാഷ്‌ട്ര സഭ ലോക ഭൗമ ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പ്ലാസ്റ്റിക് രഹിത പ്രപഞ്ചം : പരിസ്ഥിതി സംരക്ഷണത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന വസ്‌തുവാണ് പ്ലാസ്റ്റിക്. ഭൂമിയുടെ വര്‍ഗ ശത്രുവായി പ്ലാസ്റ്റിക്കിനെ കണക്കാക്കുന്നു. പ്ലാസ്റ്റിക് ഉപയോഗം അതിന്‍റെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് 54-ാമത് ലോക ഭൗമ ദിനത്തിന്‍റെ കടന്നുവരവ്. അതിനാല്‍ തന്നെ ഇക്കൊല്ലത്തെ ഭൗമ ദിനത്തിന്‍റെ സന്ദേശം പ്ലാസ്റ്റിക് രഹിത പ്രപഞ്ചം എന്നതാണ്.

യുകെ ഉള്‍പ്പടെ 50ല്‍ അധികം രാജ്യങ്ങളാണ് 2040ഓടെ പ്ലാസ്റ്റിക് കൊണ്ടുള്ള മലിനീകരണം ഇല്ലാതാക്കാന്‍ കര്‍മ രംഗത്തുള്ളത്. പ്ലാസ്റ്റിക്കിന്‍റെ ഉത്‌പാദനവുമായി ബന്ധപ്പെട്ട് സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട പഠനം പറയുന്നത് ഞെട്ടിക്കുന്ന കണക്കാണ്. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഉത്‌പാദിപ്പിക്കപ്പെട്ടത് ഏകദേശം 800 കോടി ടണ്‍ പ്ലാസ്റ്റിക് ആണ്.

ഇതിനേക്കാള്‍ ഞെട്ടലുണ്ടാക്കുന്നത് എന്തെന്നാല്‍, ഇതില്‍ 90.5 ശതമാനവും റീസൈക്കിള്‍ ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്. 2040ഓടെ പ്ലാസ്റ്റിക് ഉത്‌പാദനത്തില്‍ 60 ശതമാനം കുറവ് കൊണ്ടുവരിക എന്നതാണ് 2024ലെ ഭൗമ ദിന സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

Also Read: കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതിയില്‍ വരുത്താനിടയുള്ള മാറ്റങ്ങളും മുന്നൊരുക്കങ്ങളും; പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.