ETV Bharat / international

ഇസ്രയേൽ ബന്ദികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്; മോചനത്തിന് നെതന്യാഹു ഇടപെടണമെന്നപേക്ഷിച്ച് ബന്ദികൾ - Hamas released video of hostages

author img

By ETV Bharat Kerala Team

Published : Apr 28, 2024, 10:10 PM IST

HAMAS  ISRAELI HOSTAGE  ഇസ്രയേൽ ബന്ദികള്‍  ഹമാസ്
Hamas released video of hostages pleading Israeli PM for hostage release

തങ്ങളുടെ മോചനത്തിനായി ചർച്ച നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്ന രണ്ട് ബന്ദികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്.

ടെൽ അവീവ്: ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ അനന്തമായി നീണ്ടുപോകുന്നതിനിടെ മോചനത്തിനായി ചർച്ച നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്ന രണ്ട് ബന്ദികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. വീഡിയോയിൽ, അമേരിക്കൻ-ഇസ്രായേലിയായ കീത്ത് സീഗലാണ് വീഡിയോയില്‍ മോചന കരാറിനായി ചർച്ച നടത്താൻ ബെഞ്ചമിൻ നെതന്യാഹുവിനോട് അപേക്ഷിക്കുന്നത്. ഒക്‌ടോബർ ഏഴിന് കിബ്ബത്ത്‌സ് കഫാർ ആസയിലെ വസതിയിൽ നിന്നാണ് ഭാര്യയോടൊപ്പം സീഗലിനെ ഹമാസ് ബന്ദിയാക്കിയത്.

അതേ ദിവസം തന്നെയാണ് മറ്റൊരു ഇസ്രായേലിയായ ഒമ്രി മിറാനെയും നഹൽ ഓസ് കിബ്ബൂട്ട്സിലെ വീട്ടിൽ അതിക്രമിച്ചു കയറി ഹമാസ് തട്ടിക്കൊണ്ടുപോയത്. മിറാന്‍റെ ഭാര്യയും രണ്ട് പെൺമക്കളും രക്ഷപ്പെട്ടിരുന്നു എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു.

വീഡിയോ എവിടെ വെച്ച് എടുത്തെന്നോ എപ്പോൾ ചിത്രീകരിച്ചു എന്നോ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പെസഹ ആഘോഷിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്ന് ബന്ദികൾ വീഡിയോയില്‍ പറയുന്നുണ്ട്. 202 ദിവസമായി താന്‍ ഇവിടെയുണ്ട് എന്ന് മിറാൻ പറയുന്നുണ്ട്. ഇത് പ്രകാരം, വീഡിയോ ചിത്രീകരിച്ചത് വ്യാഴാഴ്‌ചയാണ് എന്നാണ് അനുമാനം.

സംഭവത്തില്‍ പ്രതികരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തയാറായിട്ടില്ല. സീഗലിന്‍റെ വീഡിയോയില്‍ പ്രതികരണവുമായി കുടുംബം രംഗത്ത് വന്നിരുന്നു. 'കീത്ത്, ഞാൻ നിന്നെ സ്നേഹിക്കുന്നു, നിങ്ങൾ മടങ്ങിവരുന്നതുവരെ ഞങ്ങൾ പോരാടും'- അദ്ദേഹത്തിന്‍റെ ഭാര്യ അവിവ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.

ഹമാസുമായി നടന്ന അവസാന ബന്ദി മോചന കരാറില്‍, 51 ദിവസത്തെ തടവിന് ശേഷം നവംബറിലാണ് അവിവ മോചിപ്പിക്കപ്പെട്ടത്. 'രാജ്യത്തെ അതികൃതര്‍ ഈ വീഡിയോ കാണണം. പിതാവ് സഹായത്തിനായി നിലവിളിക്കുന്നത് കാണണം. ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.' - സീഗലിന്‍റെ മകള്‍ ഇലാന്‍ പറഞ്ഞു.

അതേസമയം സീഗലും മിറാനും ജീവിച്ചിരിക്കുന്നുണ്ട് എന്നതിന് തെളിവ് തരാന്‍ ബന്ദി ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. 'സ്വാതന്ത്ര്യ ദിനത്തിന് (മെയ് 14) മുമ്പ് എല്ലാ ബന്ദികളെയും തിരികെ കൊണ്ടു വരുന്നതിനുള്ള കരാർ അന്തിമമാക്കാന്‍ എല്ലാ നടപടികളും ഇസ്രയേൽ സർക്കാർ സ്വീകരിക്കണമെന്ന് ബന്ദി ഫോറം പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ജീവിച്ചിരിക്കുന്ന ബന്ദികളെ മടക്കിക്കൊണ്ടു വരണമെന്നും കൊല്ലപ്പെട്ടവർക്ക് മാന്യമായ ശവ സംസ്‌കാരം നടത്തണമെന്നും സംഘം ആവശ്യപ്പെട്ടു.

അതിനിടെ, ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈജിപ്ഷ്യൻ പ്രതിനിധി സംഘം ശനിയാഴ്‌ച ഇസ്രയേലിൽ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഖത്തറിന്‍റെയും ഈജിപ്‌തിന്‍റെയും മധ്യസ്ഥതയിൽ മാസങ്ങളോളം ചർച്ചകൾ നടത്തിയിട്ടും പ്രധാന ആവശ്യങ്ങളില്‍ ധാരണയിലെത്താൻ ഇരു രാജ്യങ്ങള്‍ക്കുമായിട്ടില്ല.

Also Read : വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണം; 14 പലസ്‌തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് - Israels Operation On Refugee Camp

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.