പിഎസ്‌സിയിലൂടെ നിയമന ഉത്തരവുണ്ടായിട്ടും ഡോക്‌ടര്‍മാര്‍ എത്തിയില്ല ; വലഞ്ഞ്‌ കാസര്‍കോട്ടെ രോഗികള്‍

author img

By ETV Bharat Kerala Team

Published : Feb 16, 2024, 4:15 PM IST

Updated : Feb 16, 2024, 7:50 PM IST

Kasaragod Doctors Issue  Lack Of Doctors In Govt Hospitals  Govt Hospitals In Kasaragod  ഡോക്‌ടര്‍മാരുടെ നിയമനം  പിഎസ്‌സി നിയമനം കാസര്‍കോട്

കാസര്‍കോട്ടെ സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ തരത്തില്‍ ഡോക്‌ടര്‍മാരില്ല. പിഎസ്‌സിയിലൂടെ നിയമനം ലഭിച്ച 42 പേരില്‍ ജോലിയില്‍ പ്രവേശിച്ചത് രണ്ട് പേര്‍ മാത്രം. നിയമിതരായ 10 പേര്‍ അടുത്ത ദിവസം മുതല്‍ അവധിയില്‍.

ഡോ. എ.ടി മനോജ് ഇടിവി ഭാരതിനോട്

കാസര്‍കോട് : സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ രീതിയില്‍ ഡോക്‌ടര്‍മാരില്ലാത്ത ദുരവസ്ഥ. ജില്ലയിലെ വിവിധ ആശുപത്രികളിലായി 70 ഓളം ഡോക്‌ടര്‍മാരുടെ ഒഴിവുകളാണുള്ളത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പിഎസ്‌സി വഴി ആരോഗ്യ വകുപ്പ് ഡോക്‌ടര്‍മാരുടെ നിയമനം നടത്തി. എന്നാല്‍ 42 ഡോക്‌ടര്‍മാരില്‍ രണ്ട് പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്.

ജില്ലയിലെ എംഎല്‍എമാര്‍ അടക്കമുള്ളവരുടെ നിരന്തര ആവശ്യത്തിന് പിന്നാലെയാണ് ഡോക്‌ടര്‍മാര്‍ക്ക് പിഎസ്‌സി വഴി നിയമനം നല്‍കിയത്. ഇങ്ങനെ നിയമനം ലഭിച്ച രണ്ട് ഡോക്‌ടര്‍മാര്‍ക്ക് പുറമെ 10 പേര്‍ കൂടി എത്തിയിരുന്നു. എന്നാല്‍ നിയമനം ലഭിച്ച ദിവസം തന്നെ അവരെല്ലാം അവധിയില്‍ പ്രവേശിച്ചു.

പിജി കോഴ്‌സ്‌ ചെയ്യുന്നത് കൊണ്ടാണ് നിയമനം ലഭിച്ചതിന് പിന്നാലെ സംഘം അവധിയില്‍ പ്രവേശിച്ചത്. കോഴ്‌സിനിടെ നിയമനം ലഭിച്ചാല്‍ പ്രവേശനം നേടുകയും അവധിയെടുത്ത് പഠനം തുടരുകയും ചെയ്യാമെന്ന് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവുണ്ട്. ബാക്കി 30 പേരാകട്ടെ ജില്ലയിലേക്ക് വന്നിട്ടില്ല.

ജില്ലയിലെ വിവിധ ആശുപത്രികളില്‍ 45 അസിസ്റ്റന്‍റ് സര്‍ജന്മാരുടെയും 20 സ്‌പെഷ്യലിസ്റ്റ് ഡോക്‌ടര്‍മാരുടെയും ഒഴിവുകളുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അടക്കം പല ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ ഓഫിസർമാരുടെ തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഒരു മെഡിക്കൽ ഓഫിസർക്ക് ഒന്നിലേറെ ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതല നൽകുകയാണ്. പല താലൂക്ക് ആശുപത്രികളിലും രാത്രികാല ചികിത്സയുമില്ല.

സർക്കാർ ആശുപത്രികളിൽ രാവിലെ മുതൽ രോഗികളുടെ നീണ്ട നിരയാണ് കാണുന്നത്. നിലവിലുള്ള ഡോക്‌ടർമാർക്ക് അവധിയെടുക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. തെക്കൻ ജില്ലയിലുള്ളവരാണ് നിയമിക്കപ്പെടുന്നതെങ്കിൽ അവരിൽ പലർക്കും ഇവിടെ ജോലി ചെയ്യാൻ താത്പര്യവുമില്ലെന്നതാണ് വാസ്‌തവം.

അതേസമയം ഡോക്‌ടർമാരെ ആകർഷിക്കാനുള്ള എന്തെങ്കിലും പദ്ധതികൾ ജില്ലയിൽ നടപ്പാക്കണമെന്നാണ് കെജിഎംഒഎയുടെ ആവശ്യം. അട്ടപ്പാടി മാതൃകയിൽ പ്രത്യേക അലവൻസ് നൽകുക, ഇവിടെ ജോലി ചെയ്‌തവർക്ക് പിജി കോഴ്‌സ് പ്രവേശനത്തിന് കൂടുതൽ മുൻഗണന നൽകുക തുടങ്ങിയവ പരിഗണിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

നാളേറെയായി തുടരുന്ന ദുരിതം : ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഈ ദുരവസ്ഥ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. നിലവില്‍ നിയമിച്ചിട്ടുള്ള ഡോക്‌ടര്‍മാര്‍ ലീവെടുത്താലും സമാന സ്ഥിതി തന്നെയാണ്. അവര്‍ക്ക് പകരം ജോലി ഏറ്റെടുക്കാന്‍ മറ്റ് ഡോക്‌ടര്‍മാരില്ലാത്ത അവസ്ഥ.

അടുത്തിടെയും ഡോക്‌ടര്‍മാരില്ലാത്ത ജനറല്‍ ആശുപത്രിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ദിവസവും 200 ലധികം രോഗികളെത്തുന്ന പനി ഒപിയുടെ പ്രവര്‍ത്തനം അടുത്തിടെ നിലച്ചിരുന്നു. ഉച്ചയ്‌ക്ക് 2 മുതല്‍ രാത്രി 7.30 വരെയുണ്ടായിരുന്ന ഒപിയുടെ പ്രവര്‍ത്തനമാണ് നിലച്ചിരുന്നത്. പനി ഒപി മുടങ്ങിയത് അത്യാഹിത വിഭാഗത്തിലെ തിരക്ക് വര്‍ധിക്കാനും കാരണമായിരുന്നു. ഇത് രോഗികളെയും കുറച്ചൊന്നുമല്ല വലച്ചത്.

Last Updated :Feb 16, 2024, 7:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.