ETV Bharat / entertainment

'സലാർ' ഒടിടിയിൽ; സ്‌ട്രീമിംഗ് തുടങ്ങി

author img

By ETV Bharat Kerala Team

Published : Jan 20, 2024, 7:03 PM IST

Salaar OTT release: പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ പ്രഭാസും പൃഥ്വിരാജും ഒന്നിച്ച 'സലാർ' നെറ്റ്ഫ്ലിക്‌സിൽ സ്‌ട്രീമിംഗ് ആരംഭിച്ചു

സലാർ നെറ്റ്ഫ്ലിക്‌സിൽ  സലാർ ഒടിടി റിലീസ്  Salaar ott release  Salaar starts streaming on Netflix
Salaar ott release

പ്രഭാസും പൃഥ്വിരാജും പ്രധാന വേഷങ്ങളിെലത്തിയ ബ്ലോക്ബസ്റ്റർ ചിത്രം 'സലാർ' ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. നെറ്റ്ഫ്ലിക്‌സിലൂടെയാണ് കാത്തിരുന്ന ചിത്രം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തിയത്. ചിത്രം തിയേറ്ററുകളിലെത്തി 28 ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്‌തിരിക്കുന്നത് (Salaar starts streaming on Netflix).

ബ്രഹ്മാണ്ഡ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കിയ 'സലാർ' ഡിസംബർ 22ന് ആണ് തിയേറ്ററുകളിലെത്തിയത്. രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ 'സലാർ : പാർട് വൺ സീസ് ഫയർ' എന്ന ആദ്യ ഭാഗമാണ് റിലീസ് ചെയ്‌തത്. 'കെജിഎഫ് 2'വിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത ഈ ചിത്രം കന്നഡ, തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്.

650 കോടി വാരിക്കൂട്ടിയാണ് 'സലാർ' തിയേറ്ററുകൾ വിട്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മലയാളികളുടെ അഭിമാന താരം പൃഥ്വിരാജും സുപ്രധാന വേഷത്തിലെത്തിയ 'സലാർ' കേരളത്തിലും വലിയ വിജയമായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് 'സലാർ' കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.

ആദ്യ ദിന കലക്ഷനിലും ചിത്രം റെക്കോര്‍ഡിട്ടിരുന്നു. 4.65 കോടിയായിരുന്നു കേരളത്തിൽ നിന്നുള്ള 'സലാറി'ന്‍റെ ആദ്യദിന കലക്ഷൻ. കർണാടകയിൽ നിന്ന് 11.60 കോടിയും നോർത്ത് ഇന്ത്യയിൽ നിന്ന് 18.6 കോടിയും തമിഴ്നാട്ടിൽ നിന്ന് 6.10 കോടിയും ചിത്രം നേടി. 'കെജിഎഫ്' സീരിസിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ മികച്ച ഓപ്പണിങ്ങാണ് 'സലാറി'ന് ലഭിച്ചത്.

ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികയായി എത്തിയത്. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരും സുപ്രധാന വേഷങ്ങളിലെത്തി. 'കെജിഎഫ്', 'കാന്താര' എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരണ്ടൂർ ആണ് 'സലാർ' നിർമിച്ചത്. രവി ബസ്രുര്‍ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ഭുവൻ ഗൗഡയാണ്.

നേരത്തെ 'സലാറി'ന് ഗംഭീര വരവേൽപ്പൊരുക്കിയ പ്രേക്ഷകർക്ക് നന്ദി അറിയിച്ച്നായകൻ പ്രഭാസ് രംഗത്ത് എത്തിയിരുന്നു (Prabhas thanking fans for Salaar box office success). 'പ്രേക്ഷകർ നൽകിയ അളവറ്റ സ്‌നേഹത്തിലും പിന്തുണയിലും താൻ അങ്ങേയറ്റം നന്ദിയുള്ളവനാണെന്നും ബോക്‌സ് ഓഫിസിൽ സലാറിന്‍റെ അതിമനോഹരമായ കുതിപ്പിന് സാക്ഷ്യം വഹിച്ചത് തനിക്കും മുഴുവൻ ടീമിനും അവിശ്വസനീയമായ ഒരു പ്രതിഫലം മാത്രമാണെന്നുമാണ് താരം കുറിച്ചത്. ഈ സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും അവരുടെ ഏറ്റവും മികച്ചത് നൽകാൻ പരിശ്രമിച്ചിട്ടുണ്ടെന്നും അത് കാഴ്‌ചക്കാരിൽ ചെലുത്തിയ നല്ല സ്വാധീനം കാണുന്നതിൽ സന്തോഷമുണ്ടെന്നും പ്രഭാസിന്‍റെ വാക്കുകൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.