ETV Bharat / entertainment

തീയേറ്ററുകളില്‍ പുതിയ റിലീസുകള്‍ക്ക് വിലക്ക്; 'ഫിയോക്‌ തീരുമാനം ഞെട്ടിച്ചു'വെന്ന് ലിബര്‍ട്ടി ബഷീര്‍

author img

By ETV Bharat Kerala Team

Published : Feb 17, 2024, 3:57 PM IST

FEUOK  Cinema Release Prohibition  Cinema Release Prohibition Of FEUOK  ഫിയോക്‌  സിനിമ പ്രദര്‍ശനം വിലക്കി ഫിയോക്ക്
Liberty Basheer About FEUOK's Cinema Release Prohibition

തീയേറ്ററുകളിലെ പുതിയ സിനിമ പ്രദര്‍ശനം വിലക്കിയുള്ള ഫിയോക്കിന്‍റെ തീരുമാനത്തില്‍ പ്രതികരിച്ച് ലിബര്‍ട്ടി ബഷീര്‍. പ്രദർശനം തടയുക എന്ന തീരുമാനം വ്യക്തിപരമല്ലെന്ന് അദ്ദേഹം. തീരുമാനത്തിൽ ഉറച്ച് നിൽക്കണോയെന്ന കാര്യം ഫെബ്രുവരി 20ന് തീരുമാനിക്കും.

ലിബര്‍ട്ടി ബഷീര്‍ ഇടിവി ഭാരതിനോട്

എറണാകുളം: തീയേറ്ററുകളില്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിയോക്‌ തീരുമാനം ഞെട്ടിച്ചിരിക്കുകയാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ ചെയര്‍മാന്‍ ലിബര്‍ട്ടി ബഷീര്‍. തീരുമാനം മലയാള സിനിമ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം. പ്രദർശനം തടഞ്ഞുകൊണ്ടുള്ള ഫിയോക്കിന്‍റെ തീരുമാനത്തെ കുറിച്ച് ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു ലിബര്‍ട്ടി ബഷീര്‍.

വ്യാഴാഴ്‌ച (ഫെബ്രുവരി 22) മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്നാണ് ഫിയോക്കിന്‍റെ തീരുമാനം. ഒടിടി റിലീസുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകളുടെ സംഘടനയും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുണ്ടായ കരാർ ലംഘനം സംഭവിച്ചു എന്നുള്ളതായിരുന്നു ഫിയോക്കിന്‍റെ ഭാഗത്ത് നിന്നുള്ള ന്യായീകരണം. പ്രദർശനം തടയുക എന്നുള്ളത് ഒരിക്കലും ഒരു തീയറ്റർ ഉടമയുടെയും വ്യക്തിപരമായ തീരുമാനം അല്ലെന്നും ലിബർട്ടി ബഷീര്‍ പറഞ്ഞു. തീരുമാനത്തിൽ ഉറച്ച് നിൽക്കണമോ എന്നുള്ള വസ്‌തുത ഫെബ്രുവരി 20ന് നടക്കുന്ന ജനറൽ ബോഡി മീറ്റിങ്ങിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും.

തിയേറ്ററിൽ പടം റിലീസ് ചെയ്‌ത് കഴിഞ്ഞ് 42 ദിവസങ്ങൾക്ക് ശേഷം മാത്രമെ ഒടിടിയിൽ പ്രദർശനം ആരംഭിക്കാവൂ എന്നുള്ളതായിരുന്നു സംഘടനയുടെ തീരുമാനം. എന്നാൽ 28 ദിവസം കഴിയുമ്പോൾ തന്നെ പല ചിത്രങ്ങളും ഒടിടിയിൽ പ്രദർശനം ആരംഭിക്കുന്നു. അതിൽ തെറ്റ് പറയാനും ആകില്ല.

കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ 'നേര്' എന്ന ചലച്ചിത്രം തീയേറ്ററിൽ നിന്ന് മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രങ്ങളിൽ ഒന്നാണ്. 28 ദിവസങ്ങൾക്കുള്ളിൽ തന്നെ വൈഡ് റിലീസിങ്ങിലൂടെ ചിത്രം പ്രേക്ഷകർ കണ്ടു കഴിഞ്ഞു. ചിത്രത്തിന്‍റെ മുതൽ മുടക്കും നിർമാതാവിന് തിരിച്ചു ലഭിച്ചു. പിന്നെയും ഒടിടി റിലീസ് തടഞ്ഞു വയ്ക്കുന്നതിൽ അർഥമില്ല.

ഒടിടി റിലീസിങ് മാത്രമല്ല ഫിയോക് മുന്നോട്ടുവയ്ക്കുന്ന വിഷയം. പ്രൊഡ്യൂസേഴ്‌സ്‌ കണ്ടെന്‍റുകള്‍ നിർബന്ധിതമായി പ്രദർശിപ്പിക്കേണ്ടി വരിക. വരുമാന ധാരണ ഇതിലൊക്കെ രണ്ട് സംഘടനകളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. ജനറൽ ബോഡി മീറ്റിങ്ങിൽ ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ ആകുമെന്ന് തന്നെയാണ് തന്‍റെ പ്രതീക്ഷയെന്നും ലിബർട്ടി ബഷീർ പ്രതികരിച്ചു.

വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മലയാള സിനിമ കഴിഞ്ഞ കുറച്ച് മാസങ്ങളായാണ് നടു നിവർത്തിയതെന്ന് വേണം പറയാൻ. പല ചിത്രങ്ങളും തിയേറ്ററുകളിൽ വിജയം കൊയ്യുന്നു. പ്രേക്ഷകർ സിനിമ കാണാൻ തിയേറ്ററിലേക്ക് ഒരു പരിധിവരെ തിരിച്ചെത്തി തുടങ്ങി. പ്രദർശനം തടയുകയാണെങ്കിൽ വ്യക്തിപരമായ അഭിപ്രായ പ്രകാരം മലയാള സിനിമ തുടർന്ന് നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധി തന്നെയായിരിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.