ETV Bharat / entertainment

ബിഗ് ബി ആശുപത്രിയിലല്ല, അഭിഷേകിനും സച്ചിനുമൊപ്പം ഐഎസ്‌പിഎൽ ഫൈനൽ കണ്ട് അമിതാഭ് ബച്ചൻ

author img

By ETV Bharat Kerala Team

Published : Mar 16, 2024, 12:10 PM IST

Amitabh Bachchan Attends ISPL Match  Amitabh Bachchan health condition  Amitabh Bachchan refuted fake news  Amitabh Bachchan in hospital
Amitabh Bachchan

ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആശുപത്രിയിലാണെന്നും അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്‌റ്റിക്ക് വിധേയനാക്കിയെന്നുമുള്ള തരത്തിൽ കഴിഞ്ഞ ദിവസം വാർത്ത പ്രചരിച്ചിരുന്നു.

ഹൈദരാബാദ്: താൻ ആശുപത്രിയിലാണെന്ന തെറ്റായ റിപ്പോർട്ടുകൾ നിഷേധിച്ച് മുതിർന്ന നടൻ അമിതാഭ് ബച്ചൻ. തൻ്റെ ആശുപത്രിവാസത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിയ ബിഗ് ബി സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കി. മാർച്ച് 15നാണ് അമിതാഭ് ബച്ചൻ ആശുപത്രിയിലാണെന്നും അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്‌റ്റിക്ക് വിധേയനാക്കിയെന്നുമുള്ള തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഇതോടെ ആരാധകരും ഏറെ പരിഭ്രാന്തിയിലായി. എന്നാൽ ഇപ്പോഴിതാ വാർത്തകൾ തള്ളി മുതിർന്ന നടൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മാർച്ച് 15ന് വൈകുന്നേരം നടന്ന ഇന്ത്യൻ സ്‌ട്രീറ്റ് പ്രീമിയർ ലീഗിൻ്റെ (ഐഎസ്‌പിഎൽ) മജ്ഹി മുംബൈയും ടൈഗേഴ്‌സ് ഓഫ് കൊൽക്കത്തയും തമ്മിലുള്ള ഫൈനൽ മത്സരം കാണാൻ അമിതാഭ് ബച്ചൻ എത്തിയിരുന്നു. ഇതോടെയാണ് വ്യാജ വാർത്തകളുടെ മുനയൊടിഞ്ഞത്.

മകൻ അഭിഷേക് ബച്ചനും ക്രിക്കറ്റ് ഇതിഹാസം സച്ചിനും ഒപ്പം താനെയിലെ ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തിൽ ബിഗ് ബി മത്സരം വീക്ഷിക്കുന്നതിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അമിതാഭ് ബച്ചനും എക്‌സിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. താരം ആശുപത്രിയിലാണെന്ന വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ മത്സരം നടന്നത്. സ്റ്റേഡിയത്തിൽ നിന്ന് പുറത്തുകടക്കുന്നതിനിടെ പ്രചരിക്കുന്നത് 'വ്യാജ വാർത്ത'യാണെന്ന് താരം പറയുന്ന വീഡിയോയും വൈറലാണ്.

ഐഎസ്‌പിഎൽ: ഇന്ത്യയുടെ ടെന്നീസ് ബോൾ ടി10 ക്രിക്കറ്റ് ടൂർണമെൻ്റാണ് ഐഎസ്‌പിഎൽ. മജ്ഹി മുംബൈയും ടൈഗേഴ്‌സ് ഓഫ് കൊൽക്കത്തയും ഏറ്റുമുട്ടിയ അവസാന മത്സരത്തിൽ ടൈഗേഴ്‌സ് ഓഫ് കൊൽക്കത്തയാണ് വിജയകിരീടം ചൂടിയത്. ബിഗ് ബിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫൈനലിൽ അടിപതറിയ 'മജ്ഹി മുംബൈ' ടീം. സെയ്‌ഫ് അലി ഖാൻ്റെയും കരീന കപൂറിൻ്റെയും ടീമാണ് ടൈഗേഴ്‌സ് ഓഫ് കൊൽക്കത്ത.

അവസാന മത്സരത്തിന് മണിക്കൂറുകൾക്ക് ശേഷം അമിതാഭ് ബച്ചൻ മജ്ഹി മുംബൈ ടീമിന് പ്രചോദനം നൽകുന്ന ഒരു പോസ്റ്റ് ഇട്ടിരുന്നു. "ഐഎസ്‌പിഎൽ ഫൈനൽസിൽ ഒരു തോൽവി...സങ്കടകരമാണ്, പക്ഷേ ഈ ദിവസം എതിർ ടീം മികച്ച രീതിയിൽ കളിച്ചു. അതിനാൽ ഗെയിമിൻ്റെ അടുത്ത സീസണിൽ കൂടുതൽ പരിശ്രമിച്ച് വിജയിക്കുമെന്നാണ് ഞങ്ങളുടെ തീരുമാനം.

പരാജയപ്പെടുമ്പോഴാണ് പോരാട്ടം കൂടുതൽ മൂല്യമുള്ളതാകുന്നത്. തോൽവി ഇല്ലെങ്കിൽ വിജയം ഒരിക്കലും ഉയർത്തിക്കാട്ടില്ല. ഇന്ന് നമ്മുടെ ദിവസമല്ല, പക്ഷേ ഞങ്ങൾ തിരിച്ചടിക്കാൻ മടങ്ങിയെത്തും. എന്നിരുന്നാലും സ്‌പോർട്‌സ് സ്‌പിരിറ്റ് ഒരിക്കലും തോൽവിയിൽ നിഴലിക്കരുത്. കളി അവസാനിച്ചയുടനെ എല്ലാ കളിക്കാരെയും അഭിഷേക് കണ്ടത് വളരെയധികം പ്രശംസിക്കപ്പെട്ടു. ഞങ്ങളുടെ ടീമിനെ മാത്രമല്ല, കൊൽക്കത്ത ടീമിനെയും അഭിനന്ദിച്ചു'', അദ്ദേഹം എക്‌സിൽ എഴുതി.

കൂടാതെ സ്റ്റേഡിയത്തിൽ നിന്നുള്ള മറ്റ് ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സച്ചിൻ്റെ കായിക പരിജ്ഞാനത്തെയും ബിഗ് ബി പ്രശംസിച്ചു. 'ക്രിക്കറ്റിനെക്കുറിച്ച് സച്ചിന് ഉണ്ടായിരുന്ന അപാരമായ അറിവിൽ വിനീതനായി. ഐഎസ്‌പിഎല്ലിൻ്റെ ഫൈനൽസിൽ ഇത്രയും വിലപ്പെട്ട സമയം ചെലവഴിക്കാനായി.' ബിഗ് ബി കുറിച്ചു.

സച്ചിനൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രത്യേക അനുഭവമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കളിയെക്കുറിച്ച് അദ്ദേഹത്തിന് എത്ര വലിയ അറിവുണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ബാറ്റ് അടുത്തതായി എന്തുചെയ്യണം എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രവചനങ്ങൾ, ഫീൽഡ് പ്ലെയ്‌സ്‌മെൻ്റ്, ബൗളിംഗ്, അടുത്തതായി എന്ത് സംഭവിക്കുമെന്ന പ്രതീക്ഷ എന്നിവയെല്ലാം അവിശ്വസനീയമാണ്, ഇത് മാന്ത്രികമാണ്' ബിഗ് ബി കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.