ETV Bharat / entertainment

നിമിഷ സജയനും റോഷൻ മാത്യുവും ഒന്നിക്കുന്ന 'പോച്ചര്‍' ; എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായി ആലിയ ഭട്ട്

author img

By ETV Bharat Kerala Team

Published : Feb 6, 2024, 5:50 PM IST

Alia Bhatt as Executive Producer  Roshan Mathew Nimisha Sajayan  Amazon Original Series Poacher  പോച്ചർ ആമസോൺ സീരീസ്  ആലിയ ഭട്ട് എറ്റേണൽ സൺഷൈൻ
Alia Bhatt Poacher

വരാനിരിക്കുന്ന പോച്ചർ എന്ന ആമസോൺ പരമ്പര നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ആലിയ ഭട്ട്. എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമാതാവ് റിച്ചി മേത്ത ഒരുക്കുന്ന ചിത്രത്തിൽ നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഹൈദരാബാദ്: ബോളിവുഡ് യുവതാരനിരയിൽ ശ്രദ്ധേയായ അഭിനേത്രിയാണ് ആലിയ ഭട്ട്. ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ കയ്യടി നേടാറുള്ള താരം അടുത്തിടെയാണ് ചലച്ചിത്ര നിർമാണ രംഗത്തേക്കും ചുവടുവയ്‌പ്പ് നടത്തിയത്. ഇപ്പോഴിതാ ആമസോൺ ഒറിജിനൽ സീരീസായ 'പോച്ചറി'ൻ്റെ നിർമാണത്തിലും പങ്കാളിയാവുകയാണ് ആലിയ ഭട്ട് (Amazon Original Series Poacher).

'പോച്ചറി'ൻ്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറാണ് ആലിയ ഭട്ട് (Alia Bhatt as the executive producer of Poacher). ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ കഥ പറയുന്ന 'പോച്ചർ' എമ്മി അവാർഡ് ജേതാവ് കൂടിയായ ചലച്ചിത്ര നിർമാതാവ് റിച്ചി മേത്തയാണ് സംവിധാനം ചെയ്യുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയും അതിന് പിന്നിലെ അന്വേഷണത്തിന്‍റെയും കഥയാണ് ഈ പരമ്പര പറയുന്നത്.

മലയാളികളായ നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർക്കൊപ്പം ദിബ്യേന്ദു ഭട്ടാചാര്യയും ഈ ചിത്രത്തിൽ സുപ്രധാന വേഷത്തിലുണ്ട്. ഫെബ്രുവരി 23ന് ഇന്ത്യയിലും 240ലധികം രാജ്യങ്ങളിലും ഈ പരമ്പര പ്രദർശനം ആരംഭിക്കും. ഒന്നിലധികം ഭാഷകളിലാണ് പ്രൈം വീഡിയോയിലൂടെ 'പോച്ചർ' പ്രീമിയർ ചെയ്യുക.

ജോർദാൻ പീലെസിന്‍റെ 'ഗെറ്റ് ഔട്ട്', സ്‌പൈക്ക് ലീയുടെ 'ബ്ലാക്ക് ക്ലാൻസ്‌മാൻ' തുടങ്ങിയ ഫീച്ചർ ഫിലിം ഹിറ്റുകൾ ഒരുക്കിയ, ഓസ്‌കാർ പുരസ്‌കാരം നേടിയ പ്രൊഡക്ഷൻ ഫിനാൻസ് കമ്പനിയായ ക്യുസി എന്‍റർടെയിൻമെന്‍റാണ് 'പോച്ചറി'ന്‍റെ നിർമാണം (QC Entertainment). ക്യുസി എന്‍റർടെയിൻമെന്‍റ് നിർമിച്ച ആദ്യത്തെ ടെലിവിഷൻ പരമ്പര എന്ന സവിശേഷതയുമുണ്ട് 'പോച്ചറി'ന്. അതേസമയം 'പോച്ചറി'ന്‍റ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ആലിയ ഭട്ടിന്‍റെ പ്രതികരണം.

വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു സുപ്രധാന പദ്ധതിയുടെ ഭാഗമാകുന്നതിൽ ആവേശം പ്രകടിപ്പിച്ച ആലിയ ഭട്ട് റിച്ചി മേത്തയുടെ കഥപറച്ചിൽ രീതിയെയും ചിത്രീകരണത്തെയും പ്രശംസിക്കുകയും ചെയ്‌തു. എല്ലാ ജീവജാലങ്ങളോടും അനുകമ്പ തോന്നാനും സഹവർത്തിത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ഉടലെടുക്കാനും 'പോച്ചർ' പ്രചോദിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ആലിയ പറയുന്നു.

എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിലൂടെ, 2022ലാണ് നെറ്റ്ഫ്ലിക്‌സ് ചിത്രമായ 'ഡാർലിങ്‌സ്' നിർമിച്ചുകൊണ്ട് ആലിയ ഭട്ട് ചലച്ചിത്ര നിർമാണരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 'പോച്ചറി'ലൂടെയും നിർമ്മാതാവായുള്ള തൻ്റെ യാത്ര നടി തുടരുകയാണ്. അതേസമയം കോഎക്‌സിസ്റ്റ്, മി വാർഡ്രോബ് ഈസ് സു വാർഡ്രോബ് തുടങ്ങിയ തൻ്റെ സംരംഭങ്ങളിലൂടെ പാരിസ്ഥിതിക സുസ്ഥിരത, മൃഗക്ഷേമം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് താരം എപ്പോഴും വാചാലയായിരുന്നു.

ഇപ്പോഴിതാ റിച്ചി മേത്ത, ക്യുസി എൻ്റർടൈൻമെൻ്റ്, പ്രൈം വീഡിയോ എന്നിവയുമായി സഹകരിച്ച്, ഗുരുതരമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതും നല്ല മാറ്റത്തിന് പ്രചോദനം നൽകുന്നതുമായ സിനിമ പ്രേക്ഷകർക്ക് നൽകാനാണ് ആലിയ ഭട്ട് ലക്ഷ്യമിടുന്നത്. കേരളത്തിലെ നിബിഡ വനങ്ങളിലും ഡൽഹിയിലെ കോൺക്രീറ്റ് കാടുകളിലും നടന്ന ചില യഥാർഥ സംഭവങ്ങളുടെ സാങ്കൽപ്പിക ദൃശ്യാവിഷ്‌കാരം കൂടിയാണ് 'പോച്ചർ'.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസർമാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ എൻജിഒ പ്രവർത്തകർ, പൊലീസ് കോൺസ്റ്റബിൾമാർ, ആനക്കൊമ്പ് വേട്ട നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ ജീവൻ പണയപ്പെടുത്തിയവർ തുടങ്ങിയവരുടെ മഹത്തായ സംഭാവനകൾ ഈ പരമ്പര ഹൈലൈറ്റ് ചെയ്യുന്നു. ആകെ എട്ട് എപ്പിസോഡുകളാണ് ഈ പരമ്പരയിൽ ഉള്ളത്.

ALSO READ: എമ്മി ജേതാവിന്‍റെ സീരീസിൽ നിമിഷ സജയനും റോഷൻ മാത്യുവും; റിലീസിനൊരുങ്ങി ആമസോൺ ഒറിജിനൽ 'പോച്ചർ'

അതേസമയം വാസൻ ബാല സംവിധാനം ചെയ്യുന്ന 'ജിഗ്ര'യിലാണ് ആലിയ അടുത്തതായി അഭിനയിക്കുക. കരൺ ജോഹറിനൊപ്പം ആലിയ ഈ ചിത്രത്തിന്‍റെ നിർമാണ പങ്കാളിയുമാണ്. കൂടാതെ 'ലോബ് ആൻഡ് വാർ' എന്ന സിനിമയിലൂടെ സഞ്ജയ് ലീല ബൻസാലിയുമായി വീണ്ടും കൈകോർക്കാനുള്ള ഒരുക്കത്തിലുമാണ് ആലിയ. രൺബീർ കപൂർ, വിക്കി കൗശൽ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവർക്കുമൊപ്പം രണ്ടാം തവണയാണ് ആലിയ ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.