ETV Bharat / business

കേരള ബജറ്റ് 2024 : വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി

author img

By ETV Bharat Kerala Team

Published : Feb 5, 2024, 4:58 PM IST

കേരളത്തിന്‍റെ പൈതൃകം, സംസ്കാരം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണവും, പരിപാലനവും ഉറപ്പാക്കും - ധനമന്ത്രി

കേരള ബജറ്റ് 2024 kerala budget 2024 kn balagopal കെഎൻ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് 2024
Minister KN Balagopal's Kerala Budget 2024

തിരുവനന്തപുരം : കൊവിഡ് മഹാമാരി വിതച്ച ആഘാതത്തിൽ നിന്നും കരകയറുന്ന വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് പ്രതീക്ഷയേകി 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ്. 351.42 കോടി രൂപയാണ് വിനോദസഞ്ചാര മേഖലയ്ക്കാ‌യി ബജറ്റിൽ വകയിരുത്തിയത് (Minister KN Balagopal's Kerala Budget 2024).

കേരള ടൂറിസം ഡെവലപ്മെന്‍റ് കോർപറേഷന്‍റെ വിവിധ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 12 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ടൂറിസം വിപണന പദ്ധതികൾക്കായി 78.17 കോടിയും, വിനോദസഞ്ചാര മേഖലയിൽ നൈപുണ്യവും മാനവ വിഭവശേഷിയും സൃഷ്ടിക്കുന്ന പദ്ധതികള്‍ക്കായി 17.15 കോടി രൂപയും വകയിരുത്തി.

കേരളത്തിന്‍റെ പൈതൃകം, സംസ്കാരം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണം, പരിപാലനം പ്രോത്സാഹനം എന്നിവ ഉറപ്പാക്കുന്ന പദ്ധതികൾക്കായി 24 കോടി രൂപയാണ് വകയിരുത്തിയത്. വിനോദസഞ്ചാര മേഖലയിലെ സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിച്ച് അടിസ്ഥാന സൗകര്യ വികസനം, ടൂറിസം ഉത്പന്നങ്ങളുടെ ലഭ്യത എന്നിവ ഉറപ്പ് വരുത്തുന്ന പദ്ധതിക്ക് 15 കോടി രൂപ വകയിരുത്തി.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കി നിലവാരം മെച്ചപ്പെടുത്തി അതിലൂടെ നാട്ടുകാര്‍ക്ക് തൊഴിൽ സാധ്യതയും വരുമാനവും ഉറപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾക്കായി 136 കോടി. കൊച്ചി, ആലപ്പുഴ, ബേപ്പൂർ, കൊല്ലം എന്നിവിടങ്ങളിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്‍ററുകൾ, വിശ്രമ കേന്ദ്രങ്ങൾ, റെസ്റ്റോറന്‍റുകൾ, വിനോദത്തിനുള്ള ഇടങ്ങൾ, മോട്ടലുകൾ എന്നിവ ഉൾപ്പെടുന്ന മിനി മറീനകളും യാട്ട് ഹബ്ബുകളും വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

എക്കോ ടൂറിസം ശക്തിപ്പെടുത്താൻ 1.90 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചത്. ഉത്തരവാദിത്ത ടൂറിസം മേഖലയ്‌ക്കായി 15 കോടി രൂപയും തെന്മല ഇക്കോ ടൂറിസം പദ്ധതിക്കായി 2 കോടി രൂപയും അധികമായി വകയിരുത്തി.

മുസിരിസ് ഹെറിറ്റേജ് ആൻഡ് സ്പൈസ് റൂട്ട്, റിവർ ക്രൂയിസ് ഹെറിറ്റേജ് ആൻഡ് സ്‌പൈസ് റൂട്ട് പദ്ധതികൾ നടപ്പിലാക്കുന്നതിന് 14 കോടി രൂപ. പരമ്പരാഗത ഉത്സവങ്ങളുടെ പ്രോത്സാഹനം, സംരക്ഷണം, കായൽ തീരങ്ങളെ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കൽ, വള്ളംകളി അന്താരാഷ്ട്ര നിലവാരമുള്ള കായിക ഇനമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി ലീഗിന് 9,96 കോടി രൂപയും വകയിരുത്തി.

ദീർഘദൂര സഞ്ചാരികളുടെ സൗകര്യത്തിനായി വിശ്രമ ഇടങ്ങൾ, റിഫ്രഷ്മെന്‍റ് സൗകര്യങ്ങൾ, ഇൻഫർമേഷൻ കിയോസ്‌കുകൾ, ശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ അടങ്ങിയ ട്രാവൽ ലോഞ്ചുകൾ എന്നിവ ദേശീയ പാതകളിലും പൊതുമരാമത്ത് റോഡുകളിലും നിർമ്മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.