പേടിഎം പേയ്മെന്‍റ് ബാങ്കിനെ ഫാസ്‌ടാഗ് അക്കൗണ്ടില്‍ നിന്ന് ഒഴിവാക്കിയതായി ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്‍റ് കമ്പനി ലിമിറ്റഡ്

author img

By ETV Bharat Kerala Team

Published : Feb 16, 2024, 1:04 PM IST

FASTag  Paytm for Fastag  ടോള്‍ പിരിവ്  പേടിഎം  ഫാസ്‌ടാഗ്

ഫാസ്‌ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം പേയ്മെന്‍റ് ബാങ്കിനെ ഒഴിവാക്കി ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്‍റ് കമ്പനി ലിമിറ്റഡ്. ഫാസ്‌ടാഗുകള്‍ വാങ്ങാനായി പേടിഎം പേയ്മെന്‍റ് ബാങ്കിനെ ഒഴിവാക്കിയുള്ള 32 ബാങ്കുകളുടെ പട്ടികയാണ് ഐഎച്ച്എംസിഎല്‍ പുറത്ത് വിട്ടത്.

ന്യൂഡല്‍ഹി : ഹൈവേ ടോള്‍ പിരിവിനുള്ള ഇലക്‌ട്രോണിക് സംവിധാനമായ ഫാസ്‌ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം പേമെന്‍റ് ബാങ്കിനെ ഒഴിവാക്കി ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്‍റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എംസിഎല്‍). സുഗമമായ ഹൈവേ യാത്രയ്ക്ക് 32 അംഗീകൃത ബാങ്കുകളില്‍ നിന്ന് ഫാസ്‌ടാഗുകള്‍ വാങ്ങാനാണ് ഐഎച്ച്എംസിഎല്‍ നിര്‍ദേശം. എന്നാല്‍, പട്ടികയില്‍ പേടിഎം ഉള്‍പ്പെട്ടിട്ടില്ല.

എയർടെൽ പേയ്മെന്‍റ് ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, തൃശൂർ ജില്ല സഹകരണ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സരസ്വത് ബാങ്ക്, നാഗ്പൂർ നാഗ്രിക് സഹകാരി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, കരൂർ വ്യാസ ബാങ്ക്, ജെ ആൻഡ് കെ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് , ഫിനോ ബാങ്ക്, ഇക്വിറ്റബിൾ സ്മോൾ ഫിനാൻസ് ബാങ്ക്, കോസ്മോസ് ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് ഫാസ്‌ടാഗ് നൽകുന്നതിന് അംഗീകരിക്കപ്പെട്ട ബാങ്കുകൾ.

ഫെബ്രുവരി 29 ന് ശേഷം യാതൊരുവിധ നിക്ഷേപ സ്വീകരണങ്ങളും ടോപ്അപ്പുകളും ഉണ്ടാവരുതെന്ന് പേടിഎം പേയ്മെന്‍റ് ബാങ്കിനോട് ജനുവരി 31 ന് ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു. എങ്കിലും എല്ലാ വിധ ക്യാഷ് ബാക്കുകളും റീഫണ്ടുകളും ഉപയോക്താക്കള്‍ക്ക് തിരികെ ലഭിക്കും. ഇന്ത്യയില്‍ ആകെ 8 കോടി ഫാസ്‌ടാഗ് ഉപയോക്താക്കള്‍ ഉണ്ടെന്നും പേടിഎം പേയ്മെന്‍റ് ബാങ്കിന് ഏകദേശം 30 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ഉണ്ടെന്നും എന്‍എച്ച്എഐ യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ജനുവരി 19 ന് ഫാസ്‌ടാഗ് ഇഷ്യൂ ചെയ്യുന്നതില്‍ നിന്നും പേടിഎം പേയ്മെന്‍റ് ബാങ്കിനെ വിലക്കിക്കൊണ്ട് ഐഎച്ച്എംസിഎല്‍ കത്തുനല്‍കിയിരുന്നു. ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് പേടിഎമ്മിനെതിരെ നടപടി സ്വീകരിച്ചത്. എന്‍എച്ച്എഐയുടെ നിയന്ത്രണത്തില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ടോള്‍ പിരിക്കുന്ന സംവിധാനമാണ് ഫാസ്‌ടാഗ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.