ETV Bharat / bharat

സല്‍മാൻ ഖാന്‍റെ വീട്ടില്‍ നിന്നും ലോറൻസ് ബിഷ്‌ണോയിയുടെ പേരില്‍ ക്യാബ് ബുക്കിങ്; മുംബൈയില്‍ 20കാരൻ പിടിയില്‍ - Youth Arrested For fake Booking Cab

author img

By ETV Bharat Kerala Team

Published : Apr 20, 2024, 1:03 PM IST

GANGSTER LAWRENCE BISHNOI  SALMAN KHAN  സൽമാൻ ഖാൻ  POLICE CASE
സൽമാൻ ഖാൻ്റെ വസതിയിൽ നിന്ന് ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയായി ക്യാബ് ബുക്ക് ചെയ്‌ത യുവാവ് അറസ്‌റ്റിൽ

സൽമാൻ ഖാൻ്റെ ബാന്ദ്രയിലെ വസതിയിൽ നിന്ന് ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ക്യാബ് ബുക്ക് ചെയ്‌ത യുവാവ് അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി രോഹിത് ത്യാഗിയാണ് പ്രതിയെന്ന് മുംബൈ പൊലീസ്.

മുംബൈ: ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ബോളിവുഡ് സൂപ്പർസ്‌റ്റാർ സൽമാൻ ഖാന്‍റെ വീട്ടിൽ നിന്നും ക്യാബ് വാടകയ്‌ക്കെടുത്ത 20 വയസുകാരനെ വെള്ളിയാഴ്‌ച (ഏപ്രിൽ 19) പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രോഹിത് ത്യാഗി എന്ന 20 കാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ് അറിയിച്ചു. ക്യാബ് ഡ്രൈവർ സൽമാൻ ഖാന്‍റെ ഗാലക്‌സി അപ്പാർട്ട്‌മെന്‍റിലെത്തി അവിടെയുള്ള വാച്ച്മാനോട് ലോറൻസ് ബിഷ്‌ണോയിയുടെ പേരിലുള്ള ബുക്കിങിനെക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യം സ്‌തംഭിച്ചുപോയ വാച്ച്മാൻ ഉടൻ തന്നെ അടുത്തുള്ള ബാന്ദ്ര പൊലീസ് സ്‌റ്റേഷനിൽ ബുക്കിങ് വിവരം അറിയിക്കുകയായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ മുംബൈ ബാന്ദ്ര പൊലീസ് ക്യാബ് ഡ്രൈവറെ ചോദ്യം ചെയ്‌തു. ഇതോടെയാണ് ഓൺലൈനിൽ വാഹനം ബുക്ക് ചെയ്‌ത വ്യക്തിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ഗാസിയാബാദിൽ ഉള്ള രോഹിത് ത്യാഗി എന്ന 20 വയസുള്ള വിദ്യാർഥിയാണ് ക്യാബ് ബുക്ക് ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണത്തിൽ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ക്യാബ് ബുക്ക് ചെയ്‌തത് വ്യാജമാണെന്ന് കണ്ടെത്തിയതായും പൊലീസ് കൂട്ടിച്ചേർത്തു. പ്രതിക്കെതിരെ കേസെടുത്ത പൊലീസ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് രോഹിത് ത്യാഗിയെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ ശേഷം ബാന്ദ്ര പൊലീസിൻ്റെ രണ്ട് ദിവസത്തെ കസ്‌റ്റഡിയിൽ വിട്ടു.

സൽമാൻ ഖാന്‍റെ വീടിന് നേരെ വെടിയുതിർത്ത കേസിൽ രണ്ട് പ്രതികളെ കച്ച് പൊലീസ് കസ്‌റ്റഡിയിലെടുത്ത് മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പ്രതികളായ വിക്കി ഗുപ്‌ത (24), സാഗർ പാൽ (21) എന്നിവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. വിക്കിയും സാഗറും മോട്ടോർ ബൈക്കിൽ എത്തി, ഞായറാഴ്‌ച (ഏപ്രില്‍ 14) പുലർച്ചെ 5 മണിക്ക് നടൻ താമസിക്കുന്ന ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് പുറത്ത് വെടിയുതിർത്തിരുന്നു.

പ്രതികൾ രണ്ടുപേരും ശിരോവസ്‌ത്രം ധരിച്ചിരുന്നതായും ബാഗ് ധരിച്ചിരുന്നതായും സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കി. ഇവർ നടൻ്റെ വസതിക്ക് നേരെ അവർ വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം. പ്രതികൾ ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി അവരുടെ അറസ്‌റ്റിനെ തുടർന്ന് കച്ച് ഡിഎസ്‌പി എ ആർ സങ്കാന്ത് പറഞ്ഞു.

ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്‌ണോയിയുടെയും ഗോൾഡി ബ്രാറിൻ്റെയും ഭീഷണിയെത്തുടർന്ന് 2022 നവംബർ മുതൽ സൽമാൻ്റെ സുരക്ഷാനില വൈ-പ്ലസിലേക്ക് ഉയർത്തിയത് ശ്രദ്ധേയമാണ്. വ്യക്തിഗത പിസ്‌റ്റൾ കൈവശം വയ്ക്കാനുള്ള അനുമതിയും താരത്തിന് ലഭിച്ചിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി ഒരു പുതിയ ബുള്ളറ്റ് പ്രൂഫ് കാറും താരം വാങ്ങിയിട്ടുണ്ട്.

ALSO READ : 'മക്കളോട്‌ ക്ഷമിക്കണം, അവര്‍ തെറ്റിധരിക്കപ്പെട്ടതാണ്‌'; മാപ്പപേക്ഷിച്ച്‌ സൽമാൻ ഖാൻ്റെ വീടിന് നേരെ വെടിവെച്ച പ്രതികളുടെ മാതാപിതാക്കള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.