ETV Bharat / bharat

ബാലറ്റ് പേപ്പറിലേക്ക് മടങ്ങാനാകില്ല, ഇവിഎമ്മുകളിലൂടെ ബൂത്ത് പിടിത്തം ഇല്ലാതാക്കി: സുപ്രീം കോടതി പറയുന്നത് ഇങ്ങനെ - Unsound To Return To Ballot Paper

author img

By ETV Bharat Kerala Team

Published : Apr 27, 2024, 6:10 PM IST

Updated : Apr 27, 2024, 7:07 PM IST

EVMS  SUPREMECOURT  EVM VVPAT VERDICT  BOOTH CAPTURING
'Unsound To Return To Ballot Paper; EVMs Eliminated Booth Capturing': What SC Said In Its Verdict On Friday

ഇലക്‌ട്രണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും വിവിപാറ്റുകളുമായി പൂര്‍ണമായും ഒത്തു നോക്കണമെന്നും പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടക്കുന്നുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി : ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ പൂര്‍ണ വിശ്വാസം പ്രകടിപ്പിച്ച് രാജ്യത്തെ പരമോന്നത നീതിപീഠം. ഇവ മൂലം ബൂത്ത് പിടിത്തവും കള്ളവോട്ടും അസാധു വോട്ടുകളും തടയാനായെന്നും കോടതി ചൂണ്ടിക്കാട്ടി. പേപ്പര്‍ ബാലറ്റുകളുടെ പ്രധാന പോരായ്‌മകള്‍ ഇവയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇവിഎമ്മുകള്‍ ലളിതവും സുരക്ഷിതവും ഉപഭോക്‌തൃ സൗഹൃദവുമാണെന്നും കോടതി പറഞ്ഞു. വോട്ടുകള്‍ ഒത്തു നോക്കാനായി വിവിപാറ്റ് സംവിധാനം കൂടി ഉള്‍പ്പെടുത്തിയതോടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ തന്നെ വിശ്വാസ്യത വര്‍ധിച്ചു. ഇവിഎമ്മുകളിലെ വോട്ടുമായി വിവിപാറ്റുകള്‍ പൂര്‍ണായും ഒത്തു നോക്കുകയോ ബാലറ്റ് പേപ്പറിലേക്ക് മടങ്ങുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി പൂര്‍ണമായും തള്ളി. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ദീപാങ്കര്‍ മിശ്രയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. വിഷയത്തില്‍ ബെഞ്ച് രണ്ട് വിധികളാണ് പുറപ്പെടുവിച്ചത്. ബാലറ്റ് പേപ്പര്‍ സംവിധാനത്തിന്‍റെ ദൗര്‍ബല്യങ്ങള്‍ നമുക്ക് അറിയാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വോട്ടിങ് മെഷീന്‍ സുരക്ഷിതത്വവും വിശ്വാസ്യതയും കൃത്യതയും ഉറപ്പ് നല്‍കുന്നു. അമിതമായ സങ്കീര്‍ണതകളുള്ള വോട്ടിങ് സംവിധാനം സംശയവും കൃത്യതയില്ലായ്‌മയും പോലുള്ള സംശയങ്ങള്‍ ജനിപ്പിക്കുന്നു. ക്രമക്കേടുകള്‍ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അതേസമയം ഇവിഎമ്മുകള്‍ ലളിതവും സുരക്ഷിതവും ഉപഭോക്‌തൃ സൗഹൃദവുമാണ്.

തെരഞ്ഞെടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. വിവിപാറ്റുകളില്‍ ചിഹ്നം ഉള്‍പ്പെടുത്തുന്ന പ്രക്രിയ മെയ് ഒന്നിനോ അതിന് ശേഷമോ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ചിഹ്നം ഉള്‍പ്പെടുത്തല്‍ യൂണിറ്റുകള്‍ സീല്‍ ചെയ്‌ത് സുരക്ഷിത കണ്ടെയ്‌നറുകളിലേക്ക് മാറ്റണം. സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ ഇതില്‍ ഒപ്പ് വച്ചിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇവ ഇവിഎമ്മുകളോടൊപ്പം സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കണം. ഫലം പ്രഖ്യാപിച്ച് 45 ദിവസമെങ്കിലും ഇവ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഫലപ്രഖ്യാപനത്തിന് ശേഷം ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച വ്യക്തിക്കെതിരെ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണം എഴുതി നല്‍കിയാല്‍ ഓരോ നിയമസഭ മണ്ഡലങ്ങളിലും ഇവിഎമ്മുകളുടെ കണ്‍ട്രോള്‍ ബാലറ്റ് യൂണിറ്റുകളുടെ അഞ്ച് ശതമാനവും വിവിപാറ്റുകളും ഇവയുടെ നിര്‍മാതാക്കളായ എന്‍ജിനിയര്‍മാര്‍ പരിശോധിച്ച് വിലയിരുത്തണം. ആരോപണമുന്നയിക്കുന്ന സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ പോളിങ് കേന്ദ്രങ്ങളിലെ ഇവിഎമ്മുകളോ അവയുടെ ക്രമനമ്പരുകളോ തിരിച്ചറിയുകയും വേണം. വിലയിരുത്തല്‍ സമയത്ത് സ്ഥാനാര്‍ഥികളോ പ്രതിനിധികളോ ഹാജരായിരിക്കണം. ഫലപ്രഖ്യാപനത്തിന് ഏഴ് ദിവസത്തിനകം തന്നെ പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

97 കോടിയിലേറെ വരുന്ന വോട്ടര്‍മാരുള്ള രാജ്യത്ത് ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്ന കാര്യം ആലോചിക്കാന്‍ പോലുമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്രയും ബൃഹത്തായ വോട്ടര്‍മാരുള്ള നമ്മുടെ രാജ്യത്ത് ഇവിഎമ്മുകള്‍ വലിയൊരു അനുഗ്രഹമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവിഎമ്മുകളിലൂടെ മിനിറ്റില്‍ നാല് വോട്ടുകള്‍ വരെ രേഖപ്പെടുത്താനാകുന്നു. അത് കൊണ്ട് തന്നെ വോട്ടെടുപ്പിന് വളരെ കുറച്ച് സമയം മാത്രമേ ആവശ്യമായി വരുന്നുള്ളൂ. കള്ളവോട്ടിനും തടയിടാന്‍ ഇത് സഹായിക്കുന്നുണ്ട്. അസാധുവോട്ടുകള്‍ ഇവിഎമ്മുകള്‍ തന്നെ നീക്കം ചെയ്യുന്നു. ബാലറ്റ് പേപ്പറിലെ ഏറ്റവും വലിയ തലവേദന ആയിരുന്നു അസാധു വോട്ടുകള്‍. വോട്ടെണ്ണല്‍ സമയത്ത് ഇതുയര്‍ത്തിയിരുന്ന വെല്ലുവിളികള്‍ ചെറുതായിരുന്നില്ലെന്നും ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി.

വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അക്കാര്യം നിറവേറ്റണമെന്ന ആവശ്യവും കോടതി തള്ളി. ഇങ്ങനെ ചെയ്യുന്നത് ആശയക്കുഴപ്പമുണ്ടാക്കാനും സമയനഷ്‌ടത്തിനും തെരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുന്നതിനും കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പുറമെ മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരവും ഇതിലൂടെ നഷ്‌ടമാകാം. 49എംഎ അനുസരിച്ചുള്ള 26 ഇത്തരം അപേക്ഷകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും കോടതി നിരീക്ഷിച്ചു. മിക്കപ്പോഴും ഇത്തരം ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇവിഎമ്മിന്‍റെ സാങ്കേതിക സുരക്ഷിതത്വം അടക്കമുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി കോടതി പരിശോധിച്ചു. അസ്വഭാവികതകള്‍ പരിഹരിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അഖണ്ഡത ഉറപ്പ് നല്‍കാനുമുദ്ദേശിച്ചുള്ള ചര്‍ച്ചകളാണ് തങ്ങള്‍ ഇക്കാര്യത്തില്‍ നടത്തിയതെന്നും കോടതി വ്യക്തമാക്കി.

വിവിപാറ്റുകള്‍ മാനുഷികമായി എണ്ണുന്നതിന് പകരം എണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാമെന്നൊരു നിര്‍ദേശം ഉയര്‍ന്നുവന്നു. ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബാര്‍കോഡുകളും ചിഹ്നങ്ങളും ഉപയോഗിച്ച് ഇത്തരത്തില്‍ മെഷീനില്‍ എണ്ണാനാകും. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ചന്ദ്രബാബു നായിഡുവിന്‍റെ കേസിലാണ് ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് ശതമനം വിവിപാറ്റുകള്‍ എണ്ണാമെന്ന നിര്‍ദേശം ഉണ്ടായത്. ഇത് കേവലം ഒരു മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് ഉണ്ടായത്. ഇത് നിര്‍ബന്ധമല്ലെന്നും കോടതി വ്യക്തമാക്കി.

കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണണമെന്ന് താന്‍ ഒരിക്കലും പറയില്ലെന്നും അതിന് നിരവധി കാരണങ്ങളുണ്ടെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. ഇത് കൂടുതല്‍ സമയമെടുക്കുന്ന പ്രക്രിയ ആണ്. ഫലപ്രഖ്യാപനം വൈകാനും ഇതിടയാക്കും. ഇതിനായി ഇരട്ടി മനുഷ്യവിഭവ ശേഷി വേണ്ടി വരും. ഇത് മാനുഷികമായ പിഴവുകള്‍ക്കും കാരണമാകും.

പല വിധത്തിലും ദുരുപയോഗപ്പെടുത്താനും സാധ്യതയുണ്ട്. ഫലപ്രഖ്യാപനത്തിലും പല തെറ്റിദ്ധരിപ്പിക്കലിനും കാരണമാകും. ഇതിനെല്ലാം ഉപരിയായി കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണേണ്ട ഒരു സാധ്യത ഇതുവരെയുള്ള ഫലങ്ങളുടെയോ വിവരങ്ങളുടെയോ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വോട്ടര്‍മാരുടെ വോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കാന്‍ നൂറ് ശതമാനം വിവിപാറ്റുകള്‍ എണ്ണണം എന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിവിപാറ്റുകള്‍ വോട്ടര്‍മാര്‍ക്ക് സ്വയം കണ്ട് ബോധ്യപ്പെടണമെന്ന ആവശ്യത്തിനും ഇതുമായി ബന്ധമില്ല.

യാതൊരു അടിസ്ഥാനവുമില്ലാതെ ഇവിഎമ്മിന്‍റെ വിശ്വാസ്യതയെക്കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് ആരോഗ്യകരമായ ജനാധിപത്യ പ്രക്രിയയില്‍ പൗരന്‍മാരുടെ പങ്കാളിത്തം കുറയ്ക്കാനും അവരുടെ ആത്മവിശ്വാസം ഇല്ലാതാക്കാനും മാത്രമേ ഉപയുക്തമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read: നിഷിപ്‌ത താത്‌പര്യക്കാര്‍ രാജ്യത്തിന്‍റെ നേട്ടങ്ങളെ താറടിക്കാന്‍ ശ്രമിക്കുന്നു: ഇവിഎം വിധിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

സ്ഥാനാര്‍ഥികളും അവരുടെ പ്രതിനിധികളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരും ഇവിഎമ്മും സംവിധാനത്തെക്കുറിച്ച് പൂര്‍ണമായും ബോധ്യമുള്ളവരായിരിക്കണമെന്നും കോടതി പറഞ്ഞു.

Last Updated :Apr 27, 2024, 7:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.