ETV Bharat / bharat

'ലിവ് ഇൻ ബന്ധങ്ങൾക്ക് കർശന മാർഗരേഖ, ലംഘനത്തിന് തടവുശിക്ഷ' ; ഉത്തരാഖണ്ഡ് യൂണിഫോം സിവിൽ കോഡിലെ വ്യവസ്ഥകള്‍ ഇങ്ങനെ

author img

By ETV Bharat Kerala Team

Published : Feb 6, 2024, 6:09 PM IST

UCC bill Uttarakhand  live in relationships Uttarakhand  UCC  യുസിസി ഉത്തരാഖണ്ഡ്  ലിവ് ഇൻ ബന്ധം ഉത്തരാഖണ്ഡ്
UCC bill tabled in Uttarakhand

ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും ഒരു മാസത്തിൽ കൂടുതലായി രജിസ്റ്റർ ചെയ്യാതെ തുടർന്നാൽ ശിക്ഷാർഹമാണെന്നും യൂണിഫോം സിവിൽ കോഡിൽ വ്യവസ്ഥ

ഡെറാഡൂൺ : ലിവ് ഇൻ ബന്ധങ്ങൾക്ക് (live-in relationship) കർശന മാർഗരേഖയുമായി ഉത്തരാഖണ്ഡ് നിയമസഭയിൽ (Uttarakhand Assembly) അവതരിപ്പിച്ച യൂണിഫോം സിവിൽ കോഡ് (UCC bill). സംസ്ഥാനത്ത് ലിവ് ഇൻ ബന്ധങ്ങളിൽ തുടരുന്നവരും പദ്ധതിയിടുന്നവരും രജിസ്റ്റർ ചെയ്യണമെന്നും ലിവ് ഇൻ ബന്ധത്തിലുള്ള കുട്ടി, ദമ്പതികളുടെ നിയമാനുസൃത കുട്ടിയായിരിക്കുമെന്നും ബില്ലിൽ പറയുന്നു. ലിവ് ഇൻ ബന്ധങ്ങൾ ഒരു മാസത്തിനകം രജിസ്റ്റർ ചെയ്‌തില്ലെങ്കിൽ മൂന്ന് മാസം തടവ് ശിക്ഷ നൽകാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയാണ് നിയമസഭയിൽ യുസിസി ബിൽ അവതരിപ്പിച്ചത്. ഉത്തരാഖണ്ഡിലെ പട്ടികവർഗക്കാർ ഒഴികെയുള്ള എല്ലാ പൗരര്‍ക്കും അവരുടെ മതം പരിഗണിക്കാതെ വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്ത്, അനന്തരാവകാശം എന്നിവ സംബന്ധിച്ച ഒരു പൊതു നിയമം ബിൽ നിർദേശിക്കുന്നു.

സഭ പാസാക്കിയെങ്കിലും ബില്‍ പഠിക്കാനും അഭിപ്രായങ്ങൾ അവതരിപ്പിക്കാനും കൂടുതൽ സമയം വേണമെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ്, അതിലെ വ്യവസ്ഥകൾ പഠിക്കാൻ സമയം നൽകിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്കുള്ളിൽ പ്രതിഷേധം നടത്തിയിരുന്നു. നിയമനിർമ്മാണ പാരമ്പര്യങ്ങൾ ലംഘിച്ച് ചർച്ചയില്ലാതെ ബിൽ പാസാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് യശ്‌പാൽ ആര്യയുടെ പ്രതികരണം.

ബിൽ പഠിക്കാൻ മതിയായ സമയം നൽകാമെന്ന് സ്‌പീക്കർ ഉറപ്പ് നൽകി. ഉത്തരാഖണ്ഡ് സ്വദേശികൾക്കും സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശികൾക്കും ബില്ലിലെ നിർദേശങ്ങൾ ബാധകമാണ്. ബില്‍ നിയമമാകുന്നതോടെ സ്വാതന്ത്ര്യാനന്തരം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ലിവ് ഇൻ ബന്ധങ്ങൾക്ക് മാർഗരേഖ, തെറ്റിച്ചാൽ തടവ് : 21 വയസിന് താഴെയുള്ള വ്യക്തികള്‍ക്ക് ലിവ് ഇൻ ബന്ധങ്ങൾക്ക് മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്. പങ്കാളികളിൽ ഒരാളെങ്കിലും പ്രായപൂർത്തിയായിട്ടില്ലെങ്കിൽ ലിവ്-ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. പങ്കാളികളിലൊരാളുടെ സമ്മതം ബലപ്രയോഗത്തിലൂടെയോ, അനാവശ്യമായി സ്വാധീനിച്ചോ, തെറ്റായി പ്രതിനിധീകരിച്ചോ, പങ്കാളിയുടെ ഐഡൻ്റിറ്റി മറച്ചുവച്ചോ, വഞ്ചനയിലൂടെയോ ആണെങ്കിലും രജിസ്‌ട്രേഷൻ അനുവദിക്കില്ല.

വ്യക്തികളിലൊരാള്‍ വിവാഹിതനാണെങ്കിലും മറ്റൊരു ലിവ്-ഇന്‍ ബന്ധത്തിലാണെങ്കിലും രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല. രജിസ്റ്റർ ചെയ്യാതെ ഒരു മാസത്തിലധികം ലിവ്-ഇൻ റിലേഷൻഷിപ്പിൽ തുടരുന്നവർക്ക് മൂന്ന് മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. രജിസ്ട്രേഷൻ സമയത്ത് ലിവ്-ഇന്‍ പങ്കാളികള്‍ വിവരങ്ങള്‍ മറച്ചുവയ്ക്കു‌കയോ തെറ്റായ പ്രസ്‌താവന നല്‍കുകയോ ചെയ്‌താലും അവര്‍ക്ക് മൂന്ന് മാസം വരെ തടവും 25,000 രൂപയില്‍ കൂടാത്ത പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിച്ചേക്കാം എന്നും നിയമത്തിലുണ്ട്.

ലിവ് ഇൻ ബന്ധം അവസാനിപ്പിക്കാൻ : ഒരു ലിവ് ഇന്‍ ബന്ധം അവസാനിപ്പിക്കുന്നതിനായി പങ്കാളികള്‍ ഇരുവരും അല്ലെങ്കില്‍ അവരില്‍ ഒരാളുടെ അധികാരപരിധിക്കുള്ളിലുള്ള രജിസ്ട്രാര്‍ക്ക് ഇത് സംബന്ധിച്ച പ്രസ്‌താവന സമര്‍പ്പിക്കണം. ലിവ് ഇന്‍ ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പങ്കാളി ഇത് സംബന്ധിച്ച പ്രസ്‌താവനയുടെ ഒരു പകര്‍പ്പ് പങ്കാളിക്ക് സമര്‍പ്പിക്കേണ്ടതാണ്. പങ്കാളി ഉപേക്ഷിച്ചുപോയാൽ, ലിവ്-ഇൻ ബന്ധത്തിലുള്ള സ്ത്രീക്ക് പങ്കാളിയിൽ നിന്ന് മെയിൻ്റനൻസ് ക്ലെയിം ചെയ്യാവുന്നതാണ്.

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളുടെ സ്വയം പ്രഖ്യാപനം കൂടാതെ, ബഹുഭാര്യാത്വ നിരോധനം, തുല്യ അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളും യുസിസിയിലുണ്ട്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസും ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ഉം ആയിരിക്കുമെന്നും ബില്ലിൽ പറയുന്നു. വിവാഹത്തിന് നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. ഇത് കൂടാതെ, അനന്തരാവകാശത്തില്‍ ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികള്‍ക്കും തുല്യാവകാശം ഉണ്ടായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.