ETV Bharat / bharat

25 വർഷം നീണ്ട ലോക്‌സഭ ജീവിതത്തിന് പരിസമാപ്‌തി; സോണിയാ ഗാന്ധിക്ക് ഇനി രാജ്യസഭയില്‍ പുതിയ ഇന്നിങ്സ് - Sonia Gandhi in Rajya sabha

author img

By ETV Bharat Kerala Team

Published : Apr 4, 2024, 7:58 PM IST

SONIA GANDHI  SONIA GANDHI RAJYA SABHA  സോണിയ ഗാന്ധി  രാജ്യസഭ
Sonia Gandhi Begins New Journey In Rajya Sabha

സോണിയാ ഗാന്ധി രാജ്യ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. സോണിയ രാജ്യസഭയിലെത്തുന്നത് മൻമോഹൻ സിങ് വിരമിച്ച ഒഴിവിലേക്കക്ക്

ന്യൂഡൽഹി: ലോക്‌സഭയിൽ 25 വർഷം പൂർത്തിയാക്കിയ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് രാജ്യ സഭയില്‍ പുതിയ ഇന്നിങ്സ്. സോണിയാ ഗാന്ധി രാജ്യ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വിരമിച്ച ഒഴിവിലേക്കാണ് രാജസ്ഥാനെ പ്രതിനിധീകരിച്ച് സോണിയ രാജ്യ സഭയിലെത്തിയത്.

ഇന്ദിരാ ഗാന്ധിക്ക് ശേഷം രാജ്യസഭയിലെത്തുന്ന ഗാന്ധി കുടുംബത്തിലെ രണ്ടാമത്തെ അംഗമാണ് സോണിയ ഗാന്ധി. 2019 തെരഞ്ഞെടുപ്പ് തന്‍റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ സോണിയ പറഞ്ഞിരുന്നു.

ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്‌ദീപ് ധൻകറിന്‍റെ സാന്നിധ്യത്തിൽ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്‌താണ് സോണിയ ഗാന്ധി പദവി ഏറ്റെടുത്തത്. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

1999 മുതൽ ലോക്‌സഭയിൽ തുടര്‍ച്ചയായി അഞ്ച് തവണ എംഎല്‍എ ആയ വ്യക്തിയാണ് സോണിയ ഗാന്ധി. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നാണ് 99 ല്‍ സോണിയ മത്സരിച്ച് ജയിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള സോണിയയുടെ ആദ്യ പൊതു തെരഞ്ഞെടുപ്പായിരുന്നു അത്. 2004-ൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ജയിച്ച് കയറിയതിന് ശേഷം അതേ മണ്ഡലത്തില്‍ നിന്നാണ് പിന്നീട് സോണിയ മത്സരിച്ചിട്ടുള്ളത്.

1946 ഡിസംബർ 9 ന് ഇറ്റലിയിലെ വിസെൻസയിലെ ലൂസിയാനയിലാണ് സോണിയ ഗാന്ധിയുടെ ജനനം. 1968 ഫെബ്രുവരി 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകൻ രാജീവ് ഗാന്ധിയെ സോണിയ വിവാഹം കഴിച്ചു. 1998 മുതലാണ് സോണിയ രാഷ്‌ട്രീയത്തില്‍ സജീവമാകുന്നത്.

കേന്ദ്രത്തിലും നാല് സംസ്ഥാനങ്ങളിലും മാത്രം അധികാരത്തിലിരുന്ന കോൺഗ്രസില്‍ നിന്ന് മുതിർന്ന നേതാക്കളടക്കം കൊഴിഞ്ഞു പോകുന്ന ഘട്ടത്തിലാണ് സോണിയ പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കാൻ സന്നദ്ധത അറിയിക്കുന്നത്. കോൺഗ്രസ് തകർച്ചയുടെ വക്കിലാണെന്ന് വിധിയെഴുതപ്പെട്ട ഘട്ടത്തില്‍, ഇന്ത്യയിലെ ഏറ്റവും ശക്തയായ സ്‌ത്രീ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച സോണിയ, 2004-ൽ ദേശീയ എൻഡിഎ സഖ്യത്തെ തറ പറ്റിച്ച് കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ചു.

സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നവരെയൊക്കെ അത്ഭുതപ്പെടുത്തി ഡോ. മന്‍മോഹന്‍ സിങ്ങിനെ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) ഗവൺമെന്‍റിന്‍റെ പ്രധാനമന്ത്രിയായി സോണിയ പ്രഖ്യാപിച്ചു. 2004 മുതൽ 2014 വരെ തുടർച്ചയായി രണ്ട് തവണ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലിരുന്നപ്പോൾ സോണിയ യുപിഎയുടെ ചെയര്‍പേഴ്‌സണ്‍ ആയും ദേശീയ ഉപദേശക സമിതി (NAC) ആയും തുടര്‍ന്നു.

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അടുത്ത കാലത്തായി സോണിയ രാഷ്‌ട്രീയത്തില്‍ അത്ര സജീവമല്ല. പകരം മകൻ രാഹുല്‍ ഗാന്ധിയെ രംഗത്തിറക്കുകയായിരുന്നു.

Also Read : ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തിയ ഭരണാധികാരി; 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിനൊടുവില്‍ മന്‍മോഹന്‍ സിങ് പടിയിറങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.