ETV Bharat / bharat

'മോദിയുടെ ശ്രമം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണം അവസാനിപ്പിക്കാന്‍'; തുറന്നടിച്ച് രാഹുല്‍ ഗാന്ധി - RAHUL GANDHI AGAINST MODI

author img

By ETV Bharat Kerala Team

Published : Apr 26, 2024, 10:21 PM IST

SC ST OBC  RAHUL GANDHI  PM MODI  CONSTITUTION
PM Modi wants to end reservation rights of SC, ST, OBC: Rahul Gandhi

പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി. ഭരണഘടന ഇല്ലാതാക്കാനും പിന്നാക്കക്കാരുടെ സംവരണം അട്ടിമറിക്കാനും ശ്രമമെന്നും ആരോപണം.

ബീജാപൂര്‍(കര്‍ണാടക): ഭരണഘടന മാറ്റി പിന്നാക്കക്കാര്‍ക്കും ആദിവാസികള്‍ക്കും ദളിതുകള്‍ക്കുമുള്ള സംവരണാവകാശങ്ങള്‍ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഭരണഘടന നിലവില്‍ വരും മുമ്പ് രാജ്യം ഭരിച്ചിരുന്നത് രാജാക്കന്‍മാരും രാജകുമാരന്‍മാരുമായിരുന്നു. ഇപ്പോള്‍ പിന്നാക്കക്കാര്‍ക്കും ദളിതുകള്‍ക്കും ആദിവാസികള്‍ക്കും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളും സംവരണവുമുണ്ടെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ ബീജാപ്പൂരില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.

മോദി ഭരണഘടന ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തിന്‍റെ എംപിമാര്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. തങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഭരണഘടനയില്‍ മാറ്റമുണ്ടാക്കുമെന്ന് ഇവര്‍ പരസ്യമായി പറഞ്ഞതുമാണ്. ഭരണഘടനയെ സംരക്ഷിക്കാനാണ് ഇന്ത്യ മുന്നണിയും കോണ്‍ഗ്രസും നിലകൊള്ളുന്നതെന്നും രാഹുല്‍ പറഞ്ഞു.

അടുത്തിടെയായി പ്രധാനമന്ത്രി തന്‍റെ പ്രസംഗങ്ങളില്‍ വല്ലാതെ അസ്വസ്ഥനാണെന്നും രാഹുല്‍ പറഞ്ഞു. അദ്ദേഹം വേദിയില്‍ പൊട്ടിക്കരയാന്‍ സാധ്യതയുണ്ടെന്നും രാഹുല്‍ പരിഹസിച്ചു. പത്ത് വര്‍ഷമായി മോദി പാവങ്ങളുടെ പണം കൊള്ളയടിച്ച് കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ 70 കോടി ജനങ്ങളുടെ പണം കൊള്ളയടിച്ച് 22 പേര്‍ക്കായി നല്‍കി. രാജ്യത്തെ സമ്പത്തിന്‍റെ നാല്‍പ്പത് ശതമാനവും നിയന്ത്രിക്കുന്നത് അവരാണ്.

Also Read: നിഷിപ്‌ത താത്‌പര്യക്കാര്‍ രാജ്യത്തിന്‍റെ നേട്ടങ്ങളെ താറടിക്കാന്‍ ശ്രമിക്കുന്നു: ഇവിഎം വിധിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

കോണ്‍ഗ്രസ് രാജ്യത്ത് നിന്ന് തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും ഇല്ലാതാക്കും. നരേന്ദ്ര മോദി അതിസമ്പന്നര്‍ക്ക് നല്‍കിയ അത്രയും പണം കോണ്‍ഗ്രസ് രാജ്യത്തെ പാവങ്ങള്‍ക്ക് നല്‍കും. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തങ്ങളുടെ എല്ലാ വാഗ്‌ദാനങ്ങളും പാലിച്ചു. അത് കൊണ്ട് തന്നെ ഇവിടുത്തെ ജനങ്ങള്‍ക്ക് വലിയ പ്രയോജനങ്ങള്‍ കിട്ടുന്നു. നരേന്ദ്ര മോദി ചിലരെ ശതകോടീശ്വരന്‍മാരാക്കി. കോണ്‍ഗ്രസ് കോടിക്കണക്കിന് പേരെ ലക്ഷാധിപതികളാക്കുമെന്നും രാഹുല്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.