ETV Bharat / bharat

ഇന്ത്യ ശ്രീലങ്കയുടെ ഏറ്റവും വിശ്വസ്‌തനായ സുഹൃത്തായി തുടരും; ആധുനിക പ്രതിരോധ ഉപകരണങ്ങള്‍ വാഗ്‌ദാനം ചെയ്‌തു - India Sri Lankas Reliable Friend

author img

By ETV Bharat Kerala Team

Published : Apr 10, 2024, 10:57 PM IST

INDIA SRI LANKAS RELIABLE FRIEND  MODERN DEFENCE EQUIPMENT  ഇന്ത്യന്‍ സ്ഥാനപതി സന്തോഷ് ഝാ  ഇന്ത്യ ശ്രീലങ്ക പ്രതിരോധ സെമിനാര്‍
India To Remain Sri Lanka's Most Reliable Friend; Offers Modern Defence Equipment

ശ്രീലങ്കയ്ക്ക് പ്രതിരോധമേഖലയില്‍ സര്‍വസഹായവും പിന്തുണയും വാഗ്‌ദാനം ചെയ്‌ത് ഇന്ത്യ. അയല്‍ക്കാര്‍ ആദ്യം എന്നതാണ് തങ്ങളുടെ വിദേശനയമെന്നും ഇന്ത്യ.

കൊളംബോ: ഇന്ത്യ ശ്രീലങ്കയുടെ എക്കാലത്തെയും ഏറ്റവും വിശ്വസ്‌ത സുഹൃത്തും ആശ്രയിക്കാവുന്ന പങ്കാളിയുമായി തുടരുമെന്ന് വാഗ്‌ദാനം. ആധുനിക പ്രതിരോധ ഉപകരണങ്ങള്‍ ശ്രീലങ്കയെ പോലുള്ള തങ്ങളുടെ സൗഹൃദരാഷ്‌ട്ര പങ്കാളികള്‍ക്ക് നല്‍കുമെന്നും ഇന്ത്യ വ്യക്തമാക്കി. രണ്ടാം ഇന്ത്യ ശ്രീലങ്ക പ്രതിരോധ സെമിനാറില്‍ സംസാരിക്കവെ ശ്രീലങ്കയിലെ ഇന്ത്യന്‍ സ്ഥാനപതി സന്തോഷ് ഝാ അറിയിച്ചതാണ് ഇക്കാര്യം.

മറ്റ് മേഖലകളില്‍ എന്നപോലെ പ്രതിരോധ സുരക്ഷ രംഗത്തും ഇന്ത്യ ശ്രീലങ്കയുമായി സഹകരിക്കും. ഭൗമശാസ്‌ത്രപരമായ അടുപ്പം മൂലം ഇരുരാജ്യങ്ങളുടെയും സുരക്ഷ പരസ്‌പരം ബന്ധിതമാണ്. നാം സുരക്ഷയെ കുറിച്ച് പറയുമ്പോള്‍ അതിന് വിശാലമായ അര്‍ത്ഥമാണ് ഉള്ളതെന്നും ഝാ ചൂണ്ടിക്കാട്ടി. കോവിഡിനും റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനും പിന്നാലെ ഇത് ഊര്‍ജ്ജ, ആരോഗ്യ, ഭക്ഷ്യ, സാമ്പത്തിക സുരക്ഷ കൂടി ആയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പല ഉപകരണങ്ങളും ശ്രീലങ്കന്‍ സേനയ്ക്ക് മുതല്‍ക്കൂട്ടാകും. നമ്മുടെ അയല്‍ക്കാരോടും അടുത്ത സുഹൃത്തിനോടുമുള്ള കടമ നിറവേറ്റുകയായിരുന്നു കോവിഡ് കാലത്തും സാമ്പത്തിക പ്രതിസന്ധി കാലത്തും ഇന്ത്യ ചെയ്‌തത്. സാംസ്‌കാരിക ഇരട്ടകളായ നാം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ശ്രീലങ്കയ്ക്കുണ്ടായ അപ്രതീക്ഷിത സാമ്പത്തികമായി തകര്‍ച്ചയില്‍ ഇന്ത്യ 400 കോടിയിലേറെ അമേരിക്കന്‍ ഡോളര്‍ സംഭാവന ചെയ്‌തിരുന്നു.

ആത്മനിര്‍ഭര്‍ ഭാരതിലൂടെ ഇന്ത്യ പ്രതിരോധരംഗത്ത് നിര്‍ണായക നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും സന്തോഷ് ഝാ പറഞ്ഞു. ഭാവിയിലേക്കുള്ള കരുതലിനായി ഇന്ത്യ പുതുതലമുറ സാങ്കേതികള്‍ ഉപയോഗിച്ചുള്ള വികസനത്തിനും ഗവേഷണത്തിനുമായി നിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ രാജ്യത്തിന് വേണ്ടി മാത്രമല്ല ശ്രീലങ്കയെ പോലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് കൂടി നല്‍കാനാണ് ഇവ നിര്‍മ്മിക്കുന്നത്.

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഇപ്പോള്‍ 260 കോടി അമേരിക്കന്‍ ഡോളറിലെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പത്ത് മടങ്ങ് വര്‍ദ്ധനയാണ് ഈ രംഗത്തുണ്ടായത്. 85ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഹാര്‍ഡ് വെയര്‍-സോഫ്റ്റ് വെയര്‍ ഉപകരണങ്ങള്‍ കയറ്റി അയക്കുന്നു. ഈ രംഗത്ത് നൂറിലേറെ തദ്ദേശ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഉയര്‍ന്ന ഗുണമേന്‍മയുള്ള ചെലവ് കുറഞ്ഞ വിശ്വാസ യോഗ്യമായ പ്രതിരോധ സങ്കേതവിതരണ ശൃംഖല തങ്ങള്‍ക്കുണ്ട്. ഇതിന് ദീര്‍ഘകാലം തങ്ങള്‍ അറ്റകുറ്റപ്പണികളും നല്‍കും.

Also Read: 'ആരാണ് ചെയ്‌തതെന്ന് ഞങ്ങൾക്കറിയാം, ആര് മറച്ചുവച്ചു എന്നാണ് അറിയാത്തത്'; കച്ചത്തീവ് വിഷയത്തിൽ എസ് ജയശങ്കർ - S Jaishankar In Katchatheevu Issue

അയല്‍ക്കാര്‍ ആദ്യം, സാഗര്‍ തുടങ്ങിയ കാഴ്‌ചപ്പാടുകളിലധിഷ്‌ഠിതമാണ് തങ്ങള്‍ക്ക് ശ്രീലങ്കയോടുള്ള സമീപനം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അയല്‍ക്കാരെ സഹായിക്കുക എന്നതിനാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത്.

പ്രതിരോധ ഉത്പാദന വകുപ്പിന്‍റെ അഡീഷണല്‍ സെക്രട്ടറി അനുരാഗ് ബാജ്‌പേയിയുടെ നേതൃത്വത്തില്‍ പ്രതിരോധ മന്ത്രാലയം, പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും പ്രതിരോധ വ്യവസായരംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും, ശ്രീലങ്കയുടെ പ്രതിരോധ മന്ത്രി പ്രമിതബണ്ടാര ടെന്നാക്കൂണ്‍, പ്രതിരോധ മേധാവി ജനറല്‍ ഷാവേന്ദ്ര സില്‍വ, വ്യോമ, നാവിക കമാന്‍ഡര്‍മാര്‍, ശ്രീലങ്കന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സെമിനാറില്‍ സംബന്ധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.