ETV Bharat / bharat

വയനാട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ ഇസിഐ പരിശോധന - Rahuls Helicopter inspected by ECI

author img

By ETV Bharat Kerala Team

Published : Apr 15, 2024, 1:15 PM IST

RAHUL GANDHI  ELECTION COMMISSION OF INDIA  LOK SABHA ELECTION 2024  RAHUL GANDHI AT WAYANAD
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. അദ്ദേഹത്തിന്‍റെ ഹെലികോപ്‌റ്റർ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഫ്ലൈയിങ് സ്‌ക്വാഡ് പരിശോധിച്ചു.

വയനാട് : വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ നീലഗിരി ഹെലിപാഡിൽ പരിശോധിച്ചു. വയനാടിനോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ തലൂരിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഫ്ലൈയിങ് സ്‌ക്വാഡ് ഹെലികോപ്റ്റർ പരിശോധിച്ചത്.

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി ഇന്ന് (ഏപ്രിൽ 15) വയനാട്ടിലെത്തിയത്. രാവിലെ ഒമ്പതരയോടെയാണ് അദ്ദേഹം നീലഗിരി ആർട്‌സ് ആൻഡ് സയൻസ് കോളജിലെത്തിയത്. ഇവിടെയാണ് പരിശോധന നടന്നത്. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്നാണ് പ്രാഥമിക വിവരം.

തുടർന്ന് വയനാട് സുൽത്താൻ ബത്തേരിയിൽ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തി. ഇത്തവണയും കൊടി ഇല്ലാതെയാണ് സുൽത്താൻ ബത്തേരി ടൗണിലൂടെ റോഡ് ഷോ നടത്തിയത്. റോഡ് ഷോയിൽ കോൺഗ്രസിന്‍റെയും ലീഗിന്‍റെയും കൊടികൾ ഉണ്ടായിരുന്നില്ല. പകരം രാഹുൽ ഗാന്ധിയുടെ ഫോട്ടോ പതിച്ച ബലൂണുകളും പ്ലക്കാർഡുകളും പിടിച്ചാണ് പ്രവർത്തകർ എത്തിയത്. നൂറുകണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുക്കുന്നത്.

സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണനും റോഡ് ഷോയിൽ പങ്കെടുത്തു. വയനാട് ജില്ലയിൽ ഇന്ന് ആറ് പരിപാടികളാണ് രാഹുൽ ഗാന്ധിക്കായി ഒരുക്കിയിരിക്കുന്നത്. ബത്തേരിക്ക് പുറമെ മാനന്തവാടി, വെള്ളമുണ്ട, വിഖാംതറ എന്നിവിടങ്ങളിലും റോഡ്‌ഷോ നടക്കും. ഷെഡ്യൂൾ പാലിച്ചില്ലെങ്കിൽ ചില പ്രോഗ്രാമുകൾ വെട്ടിക്കുറച്ചേക്കുമെന്നും അധികൃതർ അറിയിച്ചു.

പുൽപ്പള്ളിയിൽ കർഷക സംഗമത്തിൽ രാഹുൽ ഗാന്ധി സംസാരിക്കും. മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തും. വൈകിട്ട് കോഴിക്കോട്ട് നടക്കുന്ന യുഡിഎഫ് റാലിയിലും അദ്ദേഹം പങ്കെടുക്കും.

ALSO READ : രണ്ടാം ഘട്ട പ്രചാരണം കൊഴുപ്പിക്കാൻ കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.