ETV Bharat / bharat

ഭാരത്‌ ജോഡോ ന്യായ്‌ യാത്ര; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ നീക്കം, ഗുവാഹത്തിയിലേക്ക് കടക്കുന്നത് തടഞ്ഞു,

author img

By ETV Bharat Kerala Team

Published : Jan 23, 2024, 4:21 PM IST

Bharat Jodo Nyay Yatra  Bharat Jodo Blocked In Guwahati  CM Himanta Biswa Sarma  ഭാരത്‌ ജോഡോ ന്യായ്‌ യാത്ര  രാഹുല്‍ ഗാന്ധി
Bharat Jodo Nyay Yatra Blocked In Guwahati; CM Himanta Biswa Sarma Orders To Take Action

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ അസമില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റു. ഗുവാഹത്തിലേക്ക് യാത്ര കടക്കാനാകില്ലെന്ന് മുഖ്യമന്ത്രി. ഗതാഗത കുരുക്കുണ്ടാകുമെന്ന് സര്‍ക്കാര്‍. അടിസ്ഥാന രഹിതമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യാത്ര തടയുന്നുവെന്ന് കോണ്‍ഗ്രസ് ആരോപണം.

ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ്‌ യാത്രക്കിടെ അസമില്‍ സംഘര്‍ഷം. യാത്ര ഗുവാഹത്തിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞു. ഇതോടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി പൊലീസ് ഏറ്റുമുട്ടി. ഇതിനിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കി.

സംഭവത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ജനക്കൂട്ടത്തെ പ്രകോപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

റാലി നടത്തുന്നത് സൗകര്യപ്രദമല്ലെന്ന് മുഖ്യമന്ത്രി: ഇന്ന് (ജനുവരി 23) പ്രവര്‍ത്തി ദിനമായതിനാല്‍ ഗുവാഹത്തിയിലെ റോഡുകളില്‍ റാലി നടത്തുന്നത് സൗകര്യപ്രദമല്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. പ്രവര്‍ത്തി ദിനങ്ങളിലെ റോഡിലെ തിരക്ക് പരിഗണിച്ചാണ് യാത്ര നടത്താന്‍ സൗകര്യപ്രദമല്ലെന്ന് അറിയിച്ചത്. യാത്ര വന്‍ ഗതാഗത കുരുക്കിന് കാരണമായേക്കും. നഗരത്തിലെ പ്രധാന പാത ഒഴിവാക്കി ദോശീയപാത 27 ലൂടെ സഞ്ചരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം പ്രതികരിച്ച മുഖ്യമന്ത്രി ഇത്തരം സംഭവങ്ങള്‍ അസമില്‍ വച്ചുപൊറുപ്പിക്കില്ലെന്നും ഇത് അന്യായമാണെന്നും പറഞ്ഞു. നടപടിയെടുക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അടിസ്ഥാന രഹിത കാരണങ്ങള്‍ നിരത്തുന്നു: അടിസ്ഥാന രഹിതമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തങ്ങളുടെ യാത്രക്ക് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. നഗരത്തിലെ പ്രധാന പ്രവേശന കവാടമായ ഖാനപാറ മേഖലയില്‍ വന്‍ പൊലീസ് സന്നാഹമാണുണ്ടായിരുന്നത്. നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാന്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്‌തു.

ഇതോടെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് വഴി തിരിച്ച് വിടുകയായിരുന്നു. ഗുവാഹത്തിലേക്കുള്ള തങ്ങളുടെ യാത്ര തടഞ്ഞ അസം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയത്. നേരത്തെ ബിജെപി നേതാക്കള്‍ സഞ്ചരിച്ച പാതയാണിത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. അത് നിയമ വിരുദ്ധമാണ്. എന്നാല്‍ തങ്ങള്‍ ദുര്‍ബലരാണെന്ന് കരുതരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ കടമയാണ് നിര്‍വ്വഹിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് പൊലീസുകാരെ അഭിസംബോധന ചെയ്‌ത് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് നിങ്ങളുടെ തെറ്റല്ല. അസമില്‍ അനീതിയല്ല നീതി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒന്നിനെയും ഭയമില്ല. ബിജെപി ആര്‍എസ്‌എസ് എന്നിവയെ പരാജയപ്പെടുത്തും. മേഘാലയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനുള്ള അവസരം റദ്ദാക്കി. എന്നാല്‍ ക്യാമ്പസിന് പുറത്ത് നിരവധി വിദ്യാര്‍ഥികള്‍ തന്നെ നേരില്‍ കാണാനെത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വിദ്യാര്‍ഥികളുടെ അവസ്ഥ മനസിലാക്കാനും അവരെ എങ്ങനെ സഹായിക്കാനാകുമെന്ന് ചര്‍ച്ച ചെയ്യാന്‍ വേണ്ടി താന്‍ അവരുമായി സംവദിക്കാന്‍ ആഗ്രഹിച്ചത്. എന്നാല്‍ ആഭ്യന്തര മന്ത്രി അമിത്‌ ഷാ അസം മുഖ്യമന്ത്രിക്ക് കൂടിക്കാഴ്‌ച തടയാന്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇത് അസമിലെ ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളിലും കോളജുകളിലും ഇത്തരം സംഭവങ്ങള്‍ സര്‍വ്വ സാധാരണമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.